| Friday, 13th February 2026, 2:39 pm

ഇന്‍ഡോറിലെ കോളേജില്‍ വാലന്റൈന്‍സ് ഡേ ആഘോഷത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമം; വേദി അടിച്ച് തകര്‍ത്തു

നിഷാന. വി.വി

ഇന്‍ഡോര്‍: കോളേജിലെ വാലന്റൈന്‍സ് ഡേ ആഘോഷത്തിന് നേരെ ബജ്‌റംഗ്ദള്‍ അക്രമം.

കോളേജില്‍ ഒരുക്കിയ വേദി അടിച്ച് തകര്‍ക്കുകയും വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തതായും പരാതിയില്‍ പറയുന്നു.

ഇന്‍ഡോറിലെ നാന്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. വാലന്റൈന്‍സ് ഡേയിലെ പരിപാടിയില്‍ അശ്ലീലം കലര്‍ത്തിയെന്നാരോപിച്ചായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോളേജിലേക്ക് അതിക്രമിച്ച് കയറിയത്.

കോളേജിലെ വസ്തുവകകള്‍ നശിപ്പിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും കോളേജ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.സി.പി കൃഷ്ണ ലാല്‍ ചന്ദാനി പറഞ്ഞു.

കാമ്പസില്‍ വാലന്റൈന്‍സ് ഡേ പരിപാടിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അശ്ലീലം പ്രചരിപ്പിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് സമ്രാഷ്ട വകുപ്പിന്റെ ലോക്കല്‍ കണ്‍വീനര്‍ തനു ശര്‍മ ആരോപിച്ചു. പരിപാടിക്കെതിരെ പ്രതിഷേധിക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം ക്യാമ്പസില്‍ അവര്‍ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം നിഷേധിച്ചു.

അതിനിടെ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കെതിരെ പട്‌നയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദു ശിവഭവാനി സേനയുടെ പേരിലുള്ള പോസ്റ്ററില്‍, കമിതാക്കളെ ആഘോഷിക്കാന്‍ ഒന്നിച്ച് കണ്ടാല്‍ ആക്രമിക്കുമെന്നാണ് പറയുന്നത്.

Content Highlight: Bajrang Dal activists attack Valentine’s Day celebration at college in Indore; stage vandalized

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more