| Tuesday, 19th May 2026, 8:24 am

ഉമര്‍ ഖാലിദിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ച വിധിയോട് വിയോജിച്ച് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ സമരകാലത്തെ കേസുകളില്‍ വിചാരണ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയില്‍ വിയോജിപ്പ് അറിയിച്ച് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച്.

ഈ വര്‍ഷം ജനുവരിയിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്. ഇപ്പോള്‍ മറ്റൊരു കേസ് പരിഗണിക്കവെ ബി.വി. നാഗരത്‌ന, ഉജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ചാണ് ജനുവരിയിലെ വിധിയെ ചോദ്യം ചെയ്തത്.

നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ജാമ്യം നിഷേധിച്ചതെന്ന് ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. ഈ വിധി ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നു. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്‌നയുടെയും, ഉജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.

വലിയ ബെഞ്ചിന്റെ വിധിന്യായത്തെ മറികടക്കാന്‍ ചെറിയ ബെഞ്ചിന് സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെ മറികടക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജാമ്യമാണ് നിയമമെന്നും ജയില്‍ എന്നത് അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് എന്നുമുള്ള വ്യവസ്ഥ യു.എ.പി.എ കേസുകളിലും ബാധകമാണെന്നും നാഗരത്‌നയുടെയും, ഉജ്ജല്‍ ഭുയ്യാന്റെയും ബെഞ്ച് നിരീക്ഷിച്ചു. സുപ്രീംകോടയിലെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ മറ്റൊരു ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് അപൂര്‍വമാണ്.

യു.എ.പി.എ കേസില്‍ ആറ് വര്‍ഷത്തിലധികമായി വിചാരണ തടവില്‍ കഴിയുന്ന സയ്യിദ് ഇഫ്തിഖാര്‍ അന്ദ്രാബി എന്നയാളുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. മയക്കുമരുന്ന് വിതരണത്തിലൂടെ ഭീകരവാദത്തിന് പണം നല്‍കിയെന്ന ആരോപണത്തിലാണ് അന്ദ്രാബിക്കെതിരെ യു.എ.പി.എ കേസ്.

Content Highlight: Supreme Court Disapproves Judgment Denying Bail To Umar Khalid For Ignoring Binding Precedent of Higher Bench

We use cookies to give you the best possible experience. Learn more