തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ കൂട്ടുപ്രതികളായി അറസ്റ്റിലായ ഒ.ജി മദനനും, കൈനേരി കുട്ടനും കോടതി ജാമ്യം അനുവദിച്ചു.
തൊടുപുഴ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇടുക്കി ജില്ല വിട്ടുപോകരുതെന്നും ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.[]
മണിക്ക് വ്യാഴാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.
കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു. എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.
സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.
തുടര്‍ന്ന് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു. തുടര്‍ന്നാണ് മണിയെയും കൂട്ടുപ്രതികളേയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.