| Friday, 10th July 2026, 11:14 am

തോക്കെടുക്കുന്നതും തിരിക്കുന്നതുമെല്ലാം രാജു പറഞ്ഞത് പോലെയാണ് ചെയ്തത്, തിയേറ്ററില്‍ കണ്ടപ്പോള്‍ രോമാഞ്ചം തോന്നി: ബൈജു സന്തോഷ്

അശ്വിന്‍ രാജേന്ദ്രന്‍

1981ല്‍ പുറത്തിറങ്ങിയ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേനാതാവാണ് ബൈജു സന്തോഷ്. പിന്നീടിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്തത്ര ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരം പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാള സിനിമയുടെ അമരത്തുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മുന്‍നിര മലയാള ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങളുമായി ബൈജു മലയാളികള്‍ക്ക് മുമ്പിലെത്തിയിരുന്നു.

ബൈജു സന്തോഷ്. Photo: X.com

താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു എം. പത്മകുമാര്‍ സംവിധാനം ചെയ്ത് റോഷന്‍ മാത്യു നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഉയിര്‍. ചിത്രവുമായി ബന്ധപ്പെട്ട് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ച് ബൈജു സന്തോഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് വലിയ ഹിറ്റായി മാറിയ ലൂസിഫറില്‍ വലിയ കൈയടി നേടിയ കഥാപാത്രമായിരുന്നു ബൈജു അവതരിപ്പിച്ച മുരുകന്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിക്കെതിരെ പ്രവര്‍ത്തിച്ചതിന് കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച അലോഷി എന്ന കഥാപാത്രത്തെ മുരുകന്‍ കൊല ചെയ്യുന്ന രംഗത്തിന് വലിയ കൈയടിയാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. സീനിലെ ബൈജുവിന്റെ അവതരണ രീതിയ്ക്കും ഡയലോഗ് ഡെലിവെറിയ്ക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ലൂസിഫര്‍. Photo: X.com

നിന്നെ കുറെ നാളായി ഞാന്‍ നോക്കി വെച്ചിട്ടെന്ന് പറയുന്ന സീന്‍ പൃഥ്വിരാജ് പറഞ്ഞ പോലെയാണ് താന്‍ ചെയ്തിട്ടുള്ളതെന്നും സീനില്‍ തോക്കെടുക്കുന്ന രീതിയും അത് തിരിക്കുന്നതുമെല്ലാം സംവിധായകന്‍ പറഞ്ഞത് പോലെയാണ് ചെയ്തതെന്നും താരം പറഞ്ഞു. സിനിമ കണ്ട് വന്നപ്പോഴാണ് സീന്‍ എന്താമെന്ന് മനസിലായതെന്നും ഇത്തരത്തില്‍ ഒരു ഇംപാക്ട് ഉണ്ടാക്കുമെന്ന് താന്‍ വിചാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ കണ്ടപ്പോള്‍ രോമാഞ്ചം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Baiju Santhosh talks about his scene in Lucifer movie and director Prithviraj

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more