| Saturday, 28th November 2026, 10:14 pm

L 368ന്റെ ടൈറ്റില്‍ പുറത്തുവിട്ട് ബൈജു? വൈറലായി ആശീര്‍വാദിന്റെ കാരവനില്‍ നിന്നുള്ള സെല്‍ഫി

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് L 368. വരനെ ആവശ്യമുണ്ട് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകരില്‍ വലിയ പ്രതീക്ഷകള്‍ സമ്മാനിച്ചു. മോഹന്‍ലാലിന്റെ ലൈനപ്പില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് കൂടിയാണ് L 368.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ നടന്‍ ബൈജു പുറത്തുവിട്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബൈജു പങ്കുവെച്ച പോസ്റ്റാണ് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. പോസ്റ്റിന്റെ ക്യാപ്ഷനില്‍ താന്‍ ഭാഗമാകുന്ന സിനിമയുടെ പേര് നല്‍കിയതും ബാക്ക്ഗ്രൗണ്ടിലുള്ള മോഹന്‍ലാലിന്റെ ചിത്രവും ശ്രദ്ധയാകര്‍ഷിച്ചു.

‘ഐ ഗിരി നന്ദിനി എന്ന സിനിമയുടെ ഭാഗമായി ആശീര്‍വാദ് സിനിമാസിന്റെ കാരവനില്‍’ എന്നാണ് ബൈജു നല്‍കിയ ക്യാപ്ഷന്‍. കാരവനില്‍ മോഹന്‍ലാലിന്റെ ഐക്കോണിക് ഫോട്ടോയും കാണാനാകുന്നുണ്ട്. ഇതോടെ L368 ന്റെ ടൈറ്റില്‍ ഐ ഗിരി നന്ദിനിയാണെന്ന വാര്‍ത്ത സിനിമാപേജുകളില്‍ വൈറലാവുകയും ചെയ്തു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് മറുപടിയുമായി ചില മോഹന്‍ലാല്‍ ആരാധകരും സിനിമാപേജുകളും രംഗത്തെത്തി. L 368ന്റെ ടൈറ്റില്‍ ഇതല്ലെന്നും വേറെ ഒന്നാണെന്നും മറുപടി നല്‍കി. ആശീര്‍വാദ് സിനിമാസിന്റെ കാരവന്‍ മറ്റൊരു സിനിമക്കായി നല്‍കിയതാണെന്നും അതില്‍ നിന്ന് ബൈജു എടുത്ത ഫോട്ടോയാണ് ഇതെന്നുമാണ് മറുപടി.

ഷൂട്ടിങ് പുരോഗമിക്കുന്ന L 368ന്റെ ടൈറ്റില്‍ അതിമനോഹരത്തിന്റെ റിലീസിന് ശേഷമാകും ഔദ്യോഗികമായി പുറത്തുവിടുകയെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനൂപ് സത്യന്‍ ഇത്തവണ പുതിയ ഴോണറിലാകും കഥപറയുകയെന്ന് ചിത്രത്തിന്റെ പൂജാവേളയില്‍ പറഞ്ഞിരുന്നു. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെ ഈ ചിത്രത്തില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.

ക്യാമറക്ക് മുന്നിലും പിന്നിലും വലിയ നിരയാണ് L 368ല്‍ അണിനിരക്കുന്നത്. മോഹന്‍ലാലിന് പുറമെ മുകേഷ്, സംഗീത് പ്രതാപ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ് സംഗീതവും ഷഹ്നാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം 2027 വിഷു റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Baiju Santhosh’s latest Instagram post related to L 368 viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more