| Saturday, 6th September 2025, 4:35 pm

വെല്ലുവിളികളെ കുറിച്ച് ചിന്തിച്ചാല്‍ നമുക്ക് ജോലി ആസ്വദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല; വര്‍ക്കിന് ഒരു വ്യക്തിത്വം വേണം: ബാഹുല്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി ഹിറ്റായി മാറിയ സീരീസാണ് കേരള ക്രൈംഫയല്‍സ്. സീരിസിന്റെ രണ്ടാം ഭാഗം ഈയടുത്ത് വന്ന് മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കിയത് ബാഹുല്‍ രമേശായിരുന്നു.

ആദ്യ സീസണ്‍ വിജയമായ ഒരു ത്രില്ലര്‍ സീരീസിന്റെ രണ്ടാം സീസണ്‍ എഴുതുമ്പോള്‍ ശ്രദ്ധിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ബാഹുല്‍ രമേശ്.

‘സംവിധായകന്‍ അഹമ്മദ് ഇക്കയും ക്യാമറാമാന്‍ ജിതിന്‍ സ്റ്റാന്‍സിലാസും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ ആദ്യമായി ഒരു വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ എന്നെക്കൊണ്ട് കഴിയുംവിധം പരമാവധി എഫര്‍ട്ട് ഇടണമെന്നൊരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ. താരതമ്യങ്ങളെയോ വെല്ലുവിളികളെയോ കുറിച്ച് ചിന്തിച്ചാല്‍ നമുക്ക് ജോലി ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ കഥകളില്‍ പൊതുവായി ഒരു സേഫ് ഫോര്‍മുലപോലെ ഉപയോഗിച്ചുവരുന്ന ടെംപ്ലേറ്റുകള്‍ പറ്റുന്നപോലെയൊക്കെ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നുണ്ടായിരുന്നു. മുഴുവനായും സാധിച്ചു എന്നൊരിക്കലും പറയില്ല. എങ്കിലും വ്യക്തിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ശ്രമിച്ചത് അതിനായിരുന്നു,’ ബാഹുല്‍ പറയുന്നു.

വര്‍ക്കിന് ഒരു വ്യക്തിത്വം ഉണ്ടാവണമെന്നാണ് ആഗ്രഹിച്ചതെന്നും എഴുതിത്തുടങ്ങുന്നതിന് മുമ്പ് മനസില്‍ സെറ്റ് ചെയ്തതൊക്കെ നിസാരമായ കാര്യങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉദാഹരണത്തിന്, കില്ലര്‍, പോസ്റ്റ്‌മോര്‍ട്ടം, എഫ്.ഐ.ആര്‍, ഫൊറെന്‍സിക്, എന്നീ വാക്കുകള്‍ തീരേ ഉപയോഗിക്കാതിരിക്കുക. ‘സാര്‍’ വിളികളും സല്യൂട്ടുകളും കഴിവതും കുറയ്ക്കുക. മറ്റൊരു പ്രധാന ആഗ്രഹം, ക്രൈം കാണിക്കാതെ ഒരു ക്രൈം ത്രില്ലര്‍ എന്നതായിരുന്നു,’ ബാഹുല്‍ പറഞ്ഞു.

സ്പൂണ്‍ ഫീഡിങ് ഒഴിവാക്കി കഥയവതരിപ്പിക്കുന്നത് വെല്ലുവിളിയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ലൗഡായിപ്പറയാതെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതില്‍ ഒരു ഫണ്ണുണ്ടെന്നും അത്തരം പുസ്തകങ്ങളും സിനിമകളും വളരെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Bahul Ramesh talks about the challenges of writing Kerala Crime Files

We use cookies to give you the best possible experience. Learn more