| Tuesday, 3rd February 2026, 8:33 am

സേഫായ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, നെറ്റ്ഫ്‌ളിക്‌സിനെക്കാള്‍ രണ്ടിരട്ടി ഓഫര്‍ ചെയ്തിട്ടും ആ ഒ.ടി.ടി ക്ക് നിര്‍മാതാവ് കൊടുത്തില്ല: ബാഹുല്‍ രമേശേ്

അശ്വിന്‍ രാജേന്ദ്രന്‍

സിനിമയില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥപറച്ചില്‍ രീതികളാല്‍ തന്റെ രണ്ട് ചിത്രങ്ങളും വ്യത്യസ്തമാക്കിയ തിരക്കഥാകൃത്താണ് ബാഹുല്‍ രമേശ്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ബാഹുലിന്റെ കിഷ്‌കിന്ധാകാണ്ഡവും എക്കോയും വലിയ രീതിയില്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സന്ദീപ് പ്രദീപ് പ്രധാനവേഷത്തിലെത്തിയ എക്കോ അമ്പത് കോടിയോളം നേടി തിയേറ്ററുകളില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു.

തുടര്‍ന്ന് രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്കിടയില്‍ എക്കോയുടെ കഥാപശ്ചാത്തലവും കഥാപാത്രങ്ങളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഓരോ തവണ കാണുമ്പോഴും വീണ്ടും വീണ്ടും കാഴ്ച്ചക്കാരന് കുര്യച്ചന്‍ എന്ന കഥാപാത്രത്തിലേക്കുള്ള കൂടുതല്‍ വാതിലുകള്‍ തുറന്ന് നല്‍കുന്ന ചിത്രം മാസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചാവിഷയമാകുന്നതിന് കാരണവും ഇതുതന്നെ.

ബാഹുല്‍ രമേശേ്. Photo: screen grab/ cue studio/ youtube.com

കഴിഞ്ഞ ദിവസം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ എക്കോയുടെ തിരക്കഥാകൃത്തും സിനിമാറ്റോഗ്രാഫറുമായ ബാഹുല്‍ രമേശ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും എക്കോ ചെയ്യുമ്പോള്‍ നിര്‍മാതാവായ എം.ആര്‍.കെ ജയറാം നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിക്കുകയായിരുന്നു ബാഹുല്‍.

‘എക്കോ ഇത്രയും വിജയമായില്ലെങ്കില്‍ പോലും എനിക്ക് സന്തോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. ഇതുപോലെ സേഫായ സിനിമകള്‍ ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം. സേഫെന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഇതിന് മുമ്പ് ഇതേ മാതൃകയിലുള്ള ചിത്രം ഏതെങ്കിലും വന്ന് ഹിറ്റായിട്ടുണ്ടെങ്കില്‍, അതുപോലെയാണ് ഇതെങ്കില്‍ അതിനെയാണ് ഞാന്‍ സേഫെന്ന് വിളിക്കുന്നത്.

ഇത്തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റുന്നു, അതിന് കൂടെ നില്‍ക്കാന്‍ പറ്റിയ ആളുകളെ കിട്ടുന്നു എന്നതെല്ലാം ഒരു ഭാഗ്യമാണ്. പ്രത്യേകിച്ച് എക്കോയുടെ പ്രൊഡ്യൂസര്‍ ജയറാം ഭായിയുടെയെല്ലാം കോണ്‍ട്രിബ്യൂഷന്‍ എടുത്ത് പറയേണ്ടതാണ്. ഇത്രക്ക് ഒറിജിനാലിറ്റി വേണോ നമുക്ക് കുറച്ച് കൊമേഷ്യല്‍ ആയിക്കൂടെ എന്നെല്ലാം ചോദിക്കാന്‍ അധികാരമുള്ള ആളാണ്, പക്ഷേ പുള്ളി ചോദിച്ചിട്ടില്ല.

ഏത് തരത്തിലാണ് പടം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി അദ്ദേഹം കൂടെ നിന്നിരുന്നു. നിങ്ങള്‍ക്ക് എന്താണോ ശരി എന്ന് തോന്നുന്നത് അത് തന്നെ ചെയ്താല്‍ മതിയെന്ന അള്‍ട്ടിമേറ്റ് സപ്പോര്‍ട്ട് ആണ് പുള്ളി തന്നത്. അത് എത്രമാത്രം നന്ദി പറഞ്ഞാലും മതിയാവാത്ത കാര്യമാണ്,’ ബാഹുല്‍ പറഞ്ഞു.

എ്‌ക്കോയില്‍ നിന്നുള്ള രംഗം. Photo: Hollywood reporter India

പല ഒ.ടി.ടികളില്‍ നിന്നും ജയറാമിനെ ഇങ്ങോട്ട് വിളിച്ചിരുന്നുവെന്നും നെറ്റ്ഫ്‌ളിക്‌സ് നല്‍കിയതിനെക്കാള്‍ ഏകദേശം ഇരട്ടിതുകയുടെ ഓഫര്‍ ഉണ്ടായിരുന്നിട്ട് പോലും അവര്‍ക്ക് തന്നെ കൊടുത്തത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ബാഹുല്‍ പറഞ്ഞു. ഇന്ത്യക്ക് പുറത്തുള്ള ആളുകളിലേക്ക് കൂടി എത്തേണ്ട ചിത്രമാണിതെന്ന് അദ്ദേഹത്തിന് തോന്നിയത് കൊണ്ടാണ് കോടികളുടെ ബോണസ് വേണ്ടെന്ന് വെച്ച തീരുമാനമെടുത്തതെന്നും ബാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സന്ദീപ് പ്രദീപിന് പുറമെ ബിയാന മോമിന്‍, നരെയ്ന്‍, അശോകന്‍, വിനീത്, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ സംഗീതം നിര്‍വഹിച്ചത് മുജീബ് മജീദ് ആയിരുന്നു.

Content Highlight: Bahul Ramesh talks about producer of eko movie MRK Jayaram

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more