ഇന്ന് മലയാള സിനിമയില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമാണ് ബാഹുല്‍ രമേശ്. കിഷ്‌കിന്ധ കാണ്ഡമാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട വര്‍ക്കുകളില്‍ ഒന്ന്. അടുത്തിടെ വന്ന കേരള ക്രൈം ഫയല്‍സിന്റെ തിരക്കഥ നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു.
സിനിമാബന്ധങ്ങളോ പശ്ചാത്തലങ്ങളോ ഇല്ലാത്ത ഒരു ഗ്രാമത്തിലാണ് ബാഹുല്‍ രമേശ് ജനിച്ചതും വളര്‍ന്നതും. ഇപ്പോള്‍ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
‘വീട്ടില്‍ എല്ലാവരും സിനിമാ പ്രേമികളാണ്. പണ്ട് അച്ഛനൊക്കെ റിലീസ് ആകുന്ന മൂന്ന് സിനിമകള്‍ ഒരേ ദിവസം തന്നെ കാണുന്ന ആളായിരുന്നു. ആ താത്പര്യമായിരിക്കും ചെറുപ്പം തൊട്ടേ എനിക്കും കിട്ടിയത്. ടി.വിയില്‍ വരുന്ന സിനിമകള്‍ ഒന്നൊഴിയാതെ കാണാറുണ്ടായിരുന്നു. കൂട്ടത്തില്‍ മിഥുനം, അദ്വൈതം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. അവയുടെ വിഷ്വലുകളോട് തോന്നിയ ഇഷ്ടം. പിന്നീടാണ് അത് മൂന്നും എസ്. കുമാര്‍ സാര്‍ (ഛായാഗ്രാഹകന്‍) ഷൂട്ട്ചെയ്ത സിനിമകളാണെന്ന് മനസിലായത്,’ ബാഹുല്‍ പറയുന്നു.
ക്രമേണ സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരെക്കുറിച്ചും ഓരോരുത്തരുടെ സവിശേഷതകളെക്കുറിച്ചും ശ്രദ്ധിക്കാന്‍ താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നി തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോഴും ഏത് മേഖലയെന്ന് നിശ്ചയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നടക്കുമോ ഇല്ലയോ എന്ന് യാതൊരു ഗ്യാരണ്ടി ഇല്ലാതിരുന്നിട്ടും സിനിമാമോഹത്തെ വീട്ടുകാര്‍ പിന്തുണച്ചു. ഒരു ബേസിക് ഫൗണ്ടേഷന്‍ എന്ന നിലയ്ക്ക് ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ കോളേജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ ഡിഗ്രി പഠിച്ചു. ഫൈനല്‍ ഇയര്‍ ആയപ്പോഴാണ് സിനിമാറ്റോഗ്രഫിയില്‍ താത്പര്യം തോന്നിയത്. പിന്നീട് ചെന്നൈയില്‍ എല്‍.വി പ്രസാദ് ഫിലിം അക്കാദമിയില്‍ സിനിമാട്ടോഗ്രഫി കോഴ്‌സ്ചെ യ്തു,’ ബാഹുല്‍ പറഞ്ഞു.
Content highlight: Bahul ramesh talks about his arrival in the cinema