| Tuesday, 25th November 2025, 10:51 pm

അച്ചന്‍ പറഞ്ഞുതന്ന കഥകള്‍ എന്റെ തിരക്കഥകളെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്: ബാഹുല്‍ രമേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞുതന്ന കഥകള്‍ എക്കോയുടെയും കിഷ്‌കിന്ധാ കാണ്ഡത്തിന്റെയും തിരക്കഥകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്തും ഛായഗ്രഹകനുമായ ബാഹുല്‍ രമേഷ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാഹുലിന്റെ പ്രതികരണം.

‘ ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് വലിയ യാത്രകള്‍ ചെയ്ത അനുഭവങ്ങളോ ലോകപരിചയമോ എനിക്കില്ല, എന്നെ സംബന്ധിച്ചിടത്തോളം അച്ഛന്‍ പറഞ്ഞുതന്ന കഥകളിലൂടെയാണ് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. എന്തുകൊണ്ട്, എവിടെ, എങ്ങനെ തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയത് കുട്ടിക്കാലത്തെ അച്ഛന്റെ വിവരണത്തിലൂടെയാണ്.

കിഷ്‌കിന്ധാ കാണ്ഡത്തിന് പശ്ചാതലമായ നിലമ്പൂരും തിരുനെല്ലിയും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. പക്ഷേ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് അച്ഛന്‍ പറഞ്ഞുതന്ന കഥകളും പിന്നീടെവിടെയോ വായിച്ച കാര്യങ്ങളുമാണ് പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം യാതൊരു ബന്ധവുമില്ലാത്ത തിരക്കഥയില്‍ സ്വാധീനം ചെലുത്തുന്നത്’ ബാഹുല്‍ പറയുന്നു.

എക്കോ സിനിമയിലെ ഒരു പ്ലോട്ട് തന്നെ നോക്കിക്കഴിഞ്ഞാല്‍ ഈ സ്വാധീനം കാണാം. സിനിമയിലെ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രം കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞുതന്ന കഥയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. എന്റെ കുട്ടിക്കാലത്ത് അച്ഛനോടൊപ്പം പഴയൊരു സുഹൃത്തിനെ കാണാനായി പോയിരുന്നു.

തിരിച്ചു വരുന്ന സമയം അച്ഛനെന്നോട് ചോദിച്ചു അവിടെ കണ്ട മുത്തശ്ശിയെ ശ്രദ്ധിച്ചോ എന്ന്. അവര്‍ ഇന്ത്യക്കാരിയല്ലെന്നും മലേഷ്യക്കാരിയാണെന്നും അച്ഛന്‍ എന്നോട് പറഞ്ഞു. ഇന്നത്തെ കാലത്ത് ആളുകള്‍ ഗള്‍ഫില്‍ പോകുന്നതു പോലെ പണ്ട് ബര്‍മ്മ എന്നറിയപ്പെടുന്ന മലേഷ്യയിലേക്കാണ് ആളുകള്‍ ജോലി തേടി പോയിരുന്നത്.

ഇത്തരത്തില്‍ ബര്‍മ്മയിലേക്ക് ജോലിക്ക് പോയ സുഹൃത്തിന്റെ അച്ഛന്‍ വിവാഹം കഴിച്ചതാണ് ഈ മുത്തശ്ശിയെന്നും, വര്‍ഷങ്ങള്‍ കേരളത്തില്‍ ജീവിച്ച് മലയാളം പഠിച്ചതാണെന്നും പറഞ്ഞുതന്നു. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞുതന്ന കഥകളിലൂടെ എന്റെ ചിത്രങ്ങളെ സ്വാധീനിക്കുന്നുണ്ട്.’ ബാഹുല്‍ പറയുന്നു.

അച്ഛന്റെ അടുത്ത നിന്ന് കഥകള്‍ കേട്ടത് കഥയെഴുത്തില്‍ ഒരുപാട് സഹായം ചെയ്തെന്നും, ഇല്ലായിരുന്നുവെങ്കില്‍ മ്ലാത്തി ചേട്ടത്തിയെപോലുള്ള കഥാപാത്രങ്ങളും സംഭവങ്ങളും ഇല്ലാതാവുമെന്നും തിരക്കഥാകൃത്ത് പറയുന്നു.

ബാഹുല്‍ രമേഷ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രതികരണത്തോടെ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രത്തില്‍ വിനീത്, നരെന്‍, അശോകന്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: Bahul Ramesh Saying the stories told by his father Influenced him

We use cookies to give you the best possible experience. Learn more