ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി നേടിയതുപോലെയുള്ള ഒരു വിജയം മറ്റൊരു സിനിമയും നേടിയിട്ടില്ല. ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിച്ച ചിത്രമായിരുന്നു ബാഹുബലി.
2015ല്‍ പുറത്തിറങ്ങിയ ബാഹുബലി: ദി ബിഗിനിങ്ങും 2017ല്‍ പുറത്തെത്തിയ ബാഹുബലി: ദി കണ്‍ക്ലൂഷനും സിനിമാപ്രേക്ഷകരെ ചെറുതൊന്നുമല്ല സ്വാധീനിച്ചത്. ഇന്ത്യന്‍ സിനിമയില്‍ രാജമൗലി എന്ന സംവിധായകന്റെ പേര് അടയാളപ്പെടുത്തിയതും ബാഹുബലി എന്ന ചിത്രമായിരുന്നു.
പാന്‍ ഇന്ത്യന്‍ പേര് കൂടുതല്‍ പരിചിതമായത് ബാഹുബലിക്ക് ശേഷമാണ്. ഇന്ത്യന്‍ സിനിമയുടെ തലവര തന്നെ മാറ്റിയ ബാഹുബലിയിപ്പോള്‍ റീ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ സാധാരണ എല്ലാ സിനിമകളും ചെയ്യുന്ന പോലെയൊരു റീ റിലീസിങ് അല്ല ബാഹുബലി ചെയ്യുന്നത്. ബാഹുബലി രണ്ടുഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായിട്ടാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുക.
ബാഹുബലി ദി എപിക് എന്നായിരിക്കും ചിത്രത്തിന്റെ പേര്. എന്നാല്‍ ഒരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഈ രണ്ടുഭാഗങ്ങളിലും നമ്മള്‍ കണ്ടിട്ടില്ലാത്ത രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് മണിക്കൂറും 40 മിനിട്ടുമാണ് ചിത്രത്തിന്റെ റണ്‍ ടൈം എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ബാഹുബലി ആദ്യ ഭാഗം പുറത്തിറങ്ങി പത്ത് വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ബാഹുബലി ദി എപിക് പുറത്തിറക്കുന്നത്. ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുക.
സാധാരണ ഫോര്‍മാറ്റിനൊപ്പം ഐമാക്‌സ്, 4ഡിഎക്‌സ്, ഡി-ബോക്‌സ്, ഡോള്‍ബി സിനിമ, എപിക് തുടങ്ങിയ പ്രീമിയം ഫോര്‍മാറ്റുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ ആയിരിക്കും റിലീസ്. ഇന്ത്യയ്ക്ക് പുറമേ നോര്‍ത്ത് അമേരിക്കയിലും ഫ്രാന്‍സിലും ജപ്പാനിലും ചിത്രമെത്തും.
ആദ്യ രണ്ടുഭാഗങ്ങളും ചേര്‍ത്ത് 2460 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ബാഹുബലി നേടിയ കളക്ഷന്‍. പുതിയ പതിപ്പ് എത്രത്തോളം നെടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
Content Highlight: Bahubali The Epic is gearing up for release