റീ റിലീസ് സിനിമകളില്‍ പുതിയൊരു പരീക്ഷണവുമായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ബാഹുബലി. ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റിയ ചിത്രം 10 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയിരിക്കുകയാണ്. രണ്ട് ഭാഗങ്ങള്‍ ചേര്‍ത്ത് ഒറ്റ സിനിമയായാണ് ബാഹുബലി വീണ്ടും പ്രേക്ഷകരിലേക്കെത്തിയത്.
റീ റീലീസ് സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലി കളക്ഷനിലേക്കാണ് ബാഹുബലി ദി എപിക് കുതിക്കുന്നത്. പ്രീ സെയിലിലൂടെ മാത്രം എട്ട് കോടിയിലേറെ നേടിയ ചിത്രം ആദ്യദിനം 20 കോടിയാണ് ലോകമെമ്പാടുമായി സ്വന്തമാക്കിയത്. റീ റിലീസ് ചിത്രങ്ങളുടെ കളക്ഷനില്‍ ഇതൊരു നാഴികക്കല്ലാണ്. ഇന്ത്യയിലെ റീ റിലീസ് സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായി ബാഹുബലി മാറുമെന്നാണ് കണക്കുകൂട്ടല്‍.
ഹര്‍ഷവര്‍ധന്‍ റാണേ നായകനായ സനം തേരീ കസമാണ് ഇന്ത്യയിലെ റീ റിലീസുകളില്‍ വമ്പന്‍. 41 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്തുള്ള തുംബാഡിന് 38 കോടിയാണ് നേടാന്‍ സാധിച്ചത്. ഈ രണ്ട് സിനിമകളെയും തകര്‍ത്ത് ബാഹുബലി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ അതിലെല്ലാമുപരി മറ്റൊരു റെക്കോഡാണ് ബാഹുബലി ലക്ഷ്യം വെക്കുന്നത്.
റീ റിലീസില്‍ 150 കോടി നേടിയാല്‍ വലിയൊരു നേട്ടം ബാഹുബലിക്ക് കൈപ്പിടിയിലൊതുക്കാനാകും. നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ദംഗലിനെ മറികടന്ന് ഒന്നാം സ്ഥാനം ബാഹുബലി നേടുമോയെന്നാണ് പലരുടെയും ചോദ്യം. 1960 കോടിയാണ് ദംഗലിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍. 1820 കോടിയാണ് ബാഹുബലി 2 നേടിയത്.
അഞ്ച് മണിക്കൂറിലധികമുള്ള രണ്ട് ഭാഗങ്ങളെ മൂന്നേ മുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കിയാണ് ബാഹുബലി ദി എപിക് പ്രദര്‍ശനത്തിനെത്തിയത്. നിരവധി രംഗങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. പ്രഭാസ്- തമന്ന പ്രണയരംഗങ്ങളും, അനുഷ്‌കയുടെ ഗാനവുമെല്ലാം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയ സിനിമാനുഭവമാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു.
ബാഹുബലിക്ക് മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിനും റീ റിലീസ് വേര്‍ഷന്‍ മറുപടി നല്കുന്നുണ്ട്. ബാഹുബലിയുടെ തുടര്‍ച്ചയായിട്ടല്ലാതെ അതേ ലോകത്ത് നടക്കുന്ന മറ്റൊരു കഥ അനിമേഷന്‍ സിനിമയായി പുറത്തിറങ്ങുമെന്ന സൂചന അണിയറപ്രവര്‍ത്തകര്‍ നല്കിയിട്ടുണ്ട്. ബാഹുബലി ദി ഇറ്റേണല്‍ വാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് ടെയ്ല്‍ എന്‍ഡില്‍ കാണിച്ചിട്ടുണ്ട്.
Content Highlight: Bahubali The Epic collected more than 10 crores on first day