ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ ബാഹുബലി വീണ്ടും ബിഗ് സ്‌ക്രീനുകളിലേക്കെത്തുകയാണ്. റീ റിലീസില്‍ പുതിയൊരു പരീക്ഷണവുമായാണ് ബാഹുബലി വീണ്ടുമെത്തുന്നത്. രണ്ട് ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് ഒറ്റ സിനിമയായാണ് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മൂന്ന് മണിക്കൂര്‍ 40 മിനിറ്റുള്ള ചിത്രം ബാഹുബലി ദി എപിക് എന്ന പേരിലാണ് തിയേറ്ററുകളിലെത്തുക.
ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്നിരുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പുതിയൊരു അനുഭവമണ് ചിത്രം സമ്മാനിച്ചതെന്നാണ് പ്രിവ്യൂവിന് പിന്നാലെയുള്ള അഭിപ്രായങ്ങള്‍. രണ്ട് സിനിമകള്‍ ഒന്നാക്കിയപ്പോള്‍ ഒരുപാട് ഭാഗങ്ങള്‍ ഒഴിവാക്കുകയും പുതിയ ചില രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ബാഹുബലി എപിക് മറുപടി നല്കിയിട്ടുണ്ട്. ബാഹുബലിയുടെ ലോകവുമായി ബന്ധപ്പെട്ട് പുതിയൊരു ചിത്രം അണിയറയിലൊരുങ്ങുന്നെന്ന് കാണിക്കുന്ന എന്‍ഡ് ക്രെഡിറ്റ് സീന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബാഹുബലി: ദി ഇറ്റേണല്‍ വാര്‍ എന്ന് പേരിട്ടിരിക്കുന്ന അനിമേഷന്‍ ചിത്രത്തിന്റെ ഗ്ലിംപ്‌സാണ് എന്‍ഡ് ക്രെഡിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ത്രീ.ഡിയില്‍ ഒരുക്കുന്ന ഈ അനിമേഷന്‍ ചിത്രത്തിന്റെ ബജറ്റ് 120 കോടിയോളമായിരിക്കുമെന്ന് രാജമൗലി കഴിഞ്ഞദിവസം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സിനിമാലോകത്ത് പുതിയൊരു ചരിത്രമാകും ഈ ചിത്രം രചിക്കുകയെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. 2027ല്‍ ബാഹുബലി: ദി ഇറ്റേണല്‍ വാര്‍ പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്നു.
ചിത്രത്തില്‍ നിന്ന് ഒരുപാട് ഭാഗങ്ങള്‍ മാറ്റിയിട്ടുണ്ട്. പ്രഭാസും തമന്നയും തമ്മിലുള്ള റൊമാന്‍സ് പോര്‍ഷനുകള്‍ പൂര്‍ണമായും ഒഴിവാക്കി. ഒപ്പം രണ്ട് ഭാഗത്തിലെയും പാട്ടുകളും ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. യുദ്ധരംഗത്തില്‍ നിന്നും ചില ഭാഗങ്ങള്‍ വെട്ടിമാറ്റപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാസര്‍ അവതരിപ്പിച്ച പിംഗളദേവന്‍ ബാഹുബലിയെക്കുറിച്ച് സംസാരിക്കുന്ന രംഗം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
പ്രീ സെയിലിലൂടെ മാത്രം ഇതിനോടകം 10 കോടിക്കടുത്ത് ബാഹുബലി സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയിലെ റീ റിലീസ് റെക്കോഡുകളെല്ലാം ബാഹുബലിക്ക് മുന്നില്‍ തകരുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. ഐമാക്‌സ്, എപിക്, പി.എക്‌സ്.എല്‍, ഐസ് ഫോര്‍മാറ്റുകളില്‍ ബാഹുബലി എപിക് പ്രദര്‍ശനത്തിനെത്തും.
Content Highlight: Bahubali Epic movie had an end credit scene