2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വന്ന നടൻ ആണ് ഭഗത് മാനുവൽ. ഒന്നര പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിൽ ഡോക്ടർ ലവ്, ഉസ്താദ് ഹോട്ടൽ, തട്ടത്തിന് മറയത്ത്, ആടു ഒരു ഭീകരജീവിയാണ്, അടി കപ്യാരെ കൂട്ടമണി, ആട് 2, സൺഡേ ഹോളിഡേ, ഉയരെ, ഭീമൻ്റെ വഴി , ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ നടൻ അവതരിപ്പിച്ചു. ഇപ്പോഴിതാ ആനീസ് കിച്ചണിൽ തന്റെ അഭിനയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ.
ജീവിതത്തിൽ കടന്നുപോയ വേദനകളെല്ലാം നല്ലതിനാണ് എന്ന് വിശ്വസിക്കുന്ന ആളാണെന്നും അതിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, എന്നും പറയുകയാണ് ഭഗത്.
‘ജീവിതത്തിൽ നടക്കുന്നതിനെല്ലാം ഓരോ കാരണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാരണം ജീവിതത്തിൽ ദൈവം ഓരോ കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഞാൻ ഇപ്പോഴാണ് മനസിലാക്കിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ കഴിഞ്ഞുപോയ വേദനകളെയെല്ലാം ഒരു സമ്പാദ്യമായി കണ്ട്, എല്ലാം നല്ലതിനാണെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. കാരണം ഈ കഴിഞ്ഞ വർഷങ്ങളിലൂടെ എനിക്ക് ഒരുപാട് ആളുകളെ പഠിക്കാൻ പറ്റി, പല സാഹചര്യങ്ങളെ അറിയാൻ പറ്റി,’ നടൻ പറഞ്ഞു.
തന്റെ പാഷനായ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഭഗത്.
‘ഞാൻ അതൊന്നും ഇപ്പോൾ ശ്രദ്ധിക്കാറില്ല. ആ ആളുകൾ അവരുടെ പണി ചെയ്യട്ടെ, എനിക്ക് ഇവിടെ ചെയ്യാനായി ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്. എനിക്ക് ദൈവം തന്ന ഒരു കഴിവുണ്ട്. അത് വെച്ച് എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് ഞാൻ നോക്കുന്നത്.
എന്റെ കഴിവിനെ സപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടം നല്ല മനുഷ്യർ എനിക്ക് ചുറ്റുമുണ്ട്. ഈ കഴിഞ്ഞ വർഷങ്ങളിലൊന്നും ഞാൻ വെറുതെയിരുന്നിട്ടില്ല. കഥകൾ ഉണ്ടാക്കാനാണെങ്കിലും അല്ലെങ്കിൽ പുതിയ പ്രോജക്ടുകൾക്ക് വേണ്ടിയാണെങ്കിലും എല്ലാത്തിനും ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
ജീവിതത്തിൽ കാണിച്ച ചില ധൃതികളും തിടുക്കങ്ങളും തന്റെ വളർച്ചയെ ബാധിച്ചുവെന്നും ഭഗത് തുറന്നുപറഞ്ഞു.
‘ജീവിതത്തിൽ അനാവശ്യമായി ധൃതി പിടിക്കാതിരിക്കുക. വെപ്രാളം വന്നാൽ എല്ലാം കയ്യിൽ നിന്ന് പോകും. എനിക്ക് അതാണ് സംഭവിച്ചത്. കുറെ സിനിമകളൊക്കെ വരുമ്പോൾ നമ്മൾ എല്ലാം ഒരുമിച്ച് ചെയ്യാൻ നോക്കി. അതുകൊണ്ട് ഇപ്പോൾ വരുന്ന സ്ക്രിപ്റ്റുകളൊക്കെ വളരെ സൂക്ഷിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്,’ ഭഗത് പറഞ്ഞു.