| Sunday, 25th January 2026, 4:01 pm

ഞാനാണെന്ന് നിഖില പറഞ്ഞിട്ടില്ല, ഹരീഷിന്റെ കൈയ്യില്‍ നിന്നും വാങ്ങിച്ചത് പത്ത് ലക്ഷം മാത്രം: ആരോപണങ്ങളില്‍ വ്യക്തത വരുത്തി ബാദുഷ

അശ്വിന്‍ രാജേന്ദ്രന്‍

സമീപകാലത്ത് മലയാള സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വിഷയമായിരുന്നു നടന്‍ ഹരീഷ് കണാരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങള്‍. ഇരുപത് ലക്ഷം രൂപ തന്നോട് കടം വാങ്ങിയത് തിരിച്ച് ചോദിച്ചതിന്റെ പേരില്‍ പല സിനിമകളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തി എന്ന ഗുരുതര ആരോപണമായിരുന്നു ഹരീഷ് കണാരന്‍ ബാദുഷക്കെതിരെ ഉന്നയിച്ചത്.

ഹരീഷ് കണാരന്‍. Photo: Reddit

ഇതിന് പിന്നാലെ മലയാളത്തിലെ മുന്‍നിര നായികയായ നിഖില വിമല്‍ ഒരു പ്രൊഡ്യൂസര്‍ തനിക്ക് നാലോളം സിനിമകളില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയിട്ടില്ലെന്നതിലും ബാദുഷയുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇരുവരുടെയും ആരോപണങ്ങള്‍ക്ക് പിന്നാലെ ബാദുഷക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതില്‍ വ്യക്തത വരുത്തിക്കൊണ്ട് ബാദുഷ നടത്തിയ പത്രസമ്മേളനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിഖില ആരോപണമുന്നയിച്ചയാള്‍ താനല്ലെന്നും പത്രസമ്മേളനത്തില്‍ തന്റെ പേര് താരം പറഞ്ഞിട്ടില്ലെന്നും ബാദുഷ പറയുന്നു. അതേസമയം ഹരീഷ് കണാരന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിച്ചിട്ടുണ്ടെന്നും എന്നാല്‍ 20 ലക്ഷമല്ല മറിച്ച് പത്ത് ലക്ഷമാണ് താന്‍ വാങ്ങിയതെന്നും ബാദുഷ പറയുന്നു.

നിഖില നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് പണം നല്‍കാനുണ്ടെന്നാണ് പറയുന്നത്. അവര്‍ ഒരിക്കലും തന്റെ പേര് പറഞ്ഞിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആരോപണം വന്നാല്‍ അതിന് താഴെ തന്റെ പേര് ആളുകള്‍ എഴുതിയിടുന്നത് ഇപ്പോള്‍ സ്വാഭാവികമാണെന്നായിരുന്നു ബാദുഷ പറഞ്ഞത്. ഹരീഷ് കണാരനുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം വ്യക്തത വരുത്തി.

‘ഹരീഷിന്റെ കൈയ്യില്‍ നിന്നും താന്‍ പണം വാങ്ങിട്ടിട്ടുണ്ട്. എന്നാല്‍ ഇരുപത് ലക്ഷമല്ല പത്ത് ലക്ഷമാണ് വാങ്ങിയിട്ടുള്ളത്. ഇതിന് പുറമെ ഒരു നാല് ലക്ഷം രൂപ വാങ്ങി രണ്ട് ദിവസത്തിനകം തന്നെ മടക്കി നല്‍കി. പത്ത് ലക്ഷത്തില്‍ മൂന്ന് ലക്ഷത്തോളം രൂപ ഇതിനോടകം പല സമയങ്ങളായി തിരിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം ബാങ്ക് സ്റ്റേറ്റ്‌മെന്റ് തന്റെ പക്കലുണ്ട്,’ ബാദുഷ പറയുന്നു.

Photo: Telugu Rajyam

ഹരീഷ് കണാരന് വേണ്ടി എഴുപതോളം ചിത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതിനൊന്നും തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും താന്‍ കടം വാങ്ങിയ തുകയെക്കാള്‍ കൂടുതല്‍ ഇതുണ്ടാവുമെന്നും ബാദുഷ പറയുന്നു. ഹരീഷിനെക്കൂടാതെ മറ്റ് രണ്ടുപേരോടും താന്‍ പണം വാങ്ങിയിരുന്നുവെന്നും അവര്‍ തന്നോട് തിരിച്ച് തരേണ്ടതില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Badusha speaks about allegation against him by Hareesh kanaran and Nikhila Vimal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more