| Saturday, 21st February 2026, 9:34 pm

ദിലീപ് ഫാന്‍സ് ഹിറ്റെന്ന് അവകാശപ്പെടുന്ന സത്യനാഥന്‍ നഷ്ടം സമ്മാനിച്ചെന്ന് നിര്‍മാതാവ്, വൈറലായി ബാദുഷയുടെ ഇന്റര്‍വ്യൂ

അമര്‍നാഥ് എം.

ആരാധകര്‍ക്കിടയില്‍ മാത്രം ജനപ്രിയനായകന്‍ എന്ന വിളിപ്പേരുള്ള നടനാണ് ദിലീപ്. കരിയറിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ഭ ഭ ബ പോലും നിര്‍മാതാവിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്. രാമലീലക്ക് ശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയ സിനിമകള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനായിരുന്നില്ല.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ദിലീപ് നായകനായി പുറത്തിറങ്ങിയ സിനിമകളൊന്നും തന്നെ വിജയം കൈവരിച്ചിരുന്നില്ല. ഇതിനിടയില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമാണ് ഭേദപ്പെട്ട രീതിയിലെങ്കിലും വിജയം നേടിയതെന്ന് ആരാധകര്‍ അവകാശപ്പെട്ടിരുന്നു. വോയിസ് ഓഫ് സത്യനാഥന്‍, പവി കെയര്‍ടേക്കര്‍, പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നീ ചിത്രങ്ങള്‍ ഹിറ്റായെന്നാണ് ആരാധകരുടെ അവകാശവാദം.

ബാദുഷ Photo: Screen grab/ News 18 Kerala

എന്നാല്‍ ഈ ലിസ്റ്റില്‍ വോയിസ് ഓഫ് സത്യനാഥന്‍ തനിക്ക് നഷ്ടമാണ് സമ്മാനിച്ചതെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ബാദുഷ. വലിയ പ്രതീക്ഷയോടെ നിര്‍മിച്ച സിനിമയായിരുന്നു വോയിസ് ഓഫ് സത്യനാഥനെന്നും എന്നാല്‍ വലിയ ദുരന്തമായി ആ ചിത്രം മാറിയെന്നുമാണ് ബാദുഷ പറയുന്നത്. ന്യൂസ് 18 കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വലിയ പ്രതീക്ഷയോടെ സമീപിച്ച് എനിക്ക് നഷ്ടം സമ്മാനിച്ച സിനിമ വോയിസ് ഓഫ് സത്യനാഥന്‍. ദിലീപിന്റെ മുന്‍ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ആ സിനിമയുടെ ബിസിനസ് ഞാന്‍ പ്രതീക്ഷിച്ചത്ര നടന്നില്ല. വലിയ ലാഭം പ്രതീക്ഷിച്ചാണ് ചെയ്തത്. പക്ഷേ, അതൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല വലിയൊരു ദുരന്തമായിരുന്നു എനിക്ക് ആ സിനിമ,’ ബാദുഷ പറയുന്നു.

വോയിസ് ഓഫ് സത്യനാഥന്‍ Photo: BookmyShow

ഓരോ സിനിമ റിലീസാകുമ്പോഴും വോയിസ് ഓഫ് സത്യനാഥന്‍ ഹിറ്റാണെന്ന് ദിലീപ് പ്രസ്മീറ്റില്‍ പറയാറുണ്ടായിരുന്നു. കൊവിഡിന് ശേഷമുള്ള ദിലീപിന്റെ ഹിറ്റുകളില്‍ പലരും ഈ ചിത്രത്തെയും ഉള്‍പ്പെടുത്തിയിരുന്നു. ബോക്‌സ് ഓഫീസില്‍ 20 കോടിയോളമായിരുന്നു വോയിസ് ഓഫ് സത്യനാഥന്‍ നേടിയത്. ഒ.ടി.ടി, സാറ്റലൈറ്റ് റൈറ്റുകള്‍ പ്രതീക്ഷിച്ച തുകയും ലഭിച്ചില്ലെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

റാഫിയുടെ സംവിധാനത്തില്‍ 2023ല്‍ റിലീസായ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ദിലീപിന് പുറമെ ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, മകരന്ദ് ദേശ്പാണ്ഡേ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. ബാദുഷക്ക് പുറമെ ദിലീപും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു. ബോക്‌സ് ഓഫീസില്‍ ദിലീപിന് ഇനിയൊരു തിരിച്ചുവരവില്ലെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Badusha saying that Voice of Sathyanathan movie gave him losses

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more