ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക്. ബദരിനാഥ് കേദാര്‍നാഥ് ക്ഷേത്ര സമിതിയായ ബി.കെ.ടി.സിയാണ് പ്രമേയം പാസാക്കുമെന്ന് അറിയിച്ചത്. ക്ഷേത്രത്തിന്റെ ആചാര സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രസമിതിയുടെ പരിധിയിലുള്ള ബദരീനാഥ്, കേദാര്‍നാഥ് ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അതിനുശേഷം ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
‘കേദാര്‍നാഥും ബദരീനാഥും വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. ആദി ശങ്കരാചാര്യര്‍ സ്ഥാപിച്ച വേദപാരമ്പര്യത്തിന്റെ കേന്ദ്രങ്ങളാണിവ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം നല്‍കുന്നു. ഈ തീരുമാനം ആര്‍ക്കും എതിരല്ല, മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസം, അച്ചടക്കം, വിശുദ്ധി എന്നിവ സംരക്ഷിക്കുന്നതിനാണ്,’ അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
ജൈന, സിഖ് മതവിഭാഗങ്ങളില്‍പെടുന്നവര്‍ക്കും വിലക്കുണ്ടാകുമോ എന്ന ചോദ്യത്തിന്, ഇത് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് എതിരല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. സനാതന ധര്‍മ്മത്തില്‍ വിശ്വാസമുള്ള ആര്‍ക്കും കേദാര്‍നാഥിലും ബദരീനാഥിലും പ്രവേശിക്കാം. സനാതന പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വിലക്കില്ലെന്നും പ്രശ്‌നം വിശ്വാസത്തിന്റെയും മതപരമായ അച്ചടക്കത്തിന്റേതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight:Badrinath-Kedarnath To Ban Non-Hindus? Temple Panel To Pass Proposal Soon