| Wednesday, 12th August 2026, 5:23 pm

വിപ്ലവകാരിയും സന്യാസിയും ഇതിഹാസതുല്യ ജീവിതവും

ബദരി നാരായണൻ

സവര്‍ണരും സവര്‍ണരെ അനുകരിക്കുന്ന അധീശത്വമുള്ള അവര്‍ണരും ചേര്‍ന്ന് തല്ലിക്കൊഴിച്ച ഒരു കാഷായവര്‍ണപ്പൂങ്കുല. അതായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍. നാരായണഗുരുവിന്റെ അവസാന സന്യാസി ശിഷ്യന്‍.

ഒരു ജാതിയും കീഴ്ജാതിക്കാരെ പരിഗണിക്കുന്നില്ല. സമത്വബോധം മാത്രം പിന്നെയും ഉദിക്കുന്നില്ല. ഇവ്വിധ ചിന്തയാല്‍ ഉഴന്ന നാരായണഗുരുവിന്റെ ജാതിക്കെതിരായുള്ള നിരന്തര സമരചിന്തയെ ഏറ്റെടുത്ത്, പുലയനെയും പറയനെയും ചേര്‍ത്തു നിര്‍ത്തി തനിക്കൊത്ത വിധം ആ ധര്‍മയുദ്ധം സമൂഹത്തില്‍ അരങ്ങേറ്റിയ മഹാമനുഷ്യന്‍. അതായിരുന്നു സ്വാമി.

സ്വാമി ആനന്ദതീര്‍ത്ഥന്‍. Photo: Wikipedia

എതിരായി സവര്‍ണരും, സവര്‍ണരെ അനുകരിക്കുന്ന അവര്‍ണരും തീര്‍ത്ത പത്മവ്യൂഹം. ഒറ്റയാള്‍ പട നയിക്കാനുറച്ച മേധാവിത്തമായിരുന്നു സ്വാമി.

ദളിതരുടെ കുട്ടികളുടെ കയ്യും പിടിച്ച് ഇവന്‍ രാമന്‍ ഇവന്‍ കൃഷ്ണന്‍ ഇവന്‍ സുബ്രഹ്മണ്യന്‍ എന്നു പേരും വിളിച്ച് വിദ്യാലയങ്ങളിലേക്കും ദേവാലയങ്ങളിലേക്കും നേരിട്ടു കയറിച്ചെല്ലുന്നതായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്റെ സമരരീതി. കയറി വന്നവരുടെ ‘തനിനിറം’ തിരിച്ചറിയുന്നതോടെ എവിടെയും ഒരു ഭേദവുമില്ല, ജാതി മുഠാളന്മാര്‍ അടിയോടടി തുടങ്ങും.

ഗാന്ധിശിഷ്യന് സഹനസമരവും സമാധാന മാര്‍ഗവും അക്രമരാഹിത്യവും വ്രതം പോലെ സാധനയായിരുന്നു. ആരെയും തിരിച്ചു തല്ലിയില്ല …തല്ലു മുഴുവന്‍ കൊണ്ടതല്ലാതെ.

കുട്ടികള്‍ ചിതറിയോടും അവര്‍ക്കു കൊള്ളാതിരിക്കാന്‍ സ്വാമി നിന്നു തല്ലുകൊള്ളും. മേലു മുഴുവന്‍ ചതഞ്ഞ് ചോര വാര്‍ന്നൊഴുകിയ ദേവാലയങ്ങളും വിദ്യാലയങ്ങളും എത്രയെത്ര. നൂറുകണക്കിന് പഞ്ചമിമാരെ കരം കോര്‍ത്തണച്ച് വിദ്യാലയത്തിന്റെ പടികയറി വരുന്ന ആനന്ദതീര്‍ത്ഥരെ ഓര്‍ത്തു നോക്കൂ.

1914ല്‍ മഹാത്മാ അയ്യങ്കാളി ഊരുട്ടമ്പലത്ത് വില്ലുവണ്ടിയിലെത്തി പഞ്ചമിയെന്ന പെണ്‍കുട്ടിയെ കുടിപള്ളിക്കൂടത്തില്‍ കയറ്റിയിരുത്തിയെങ്കില്‍ ദളിതന്റെ വിമോചനത്തിന് വിദ്യാഭാസമാണ് അടിസ്ഥാന മാര്‍ഗം എന്ന തിരിച്ചറിവില്‍ 1931ല്‍ കേരളത്തിന്റെ വടക്കേയറ്റത്ത് പയ്യന്നൂരില്‍ ശ്രീ നാരായണ വിദ്യാലയത്തിനും തുടക്കമിട്ടു ആനന്ദതീര്‍ത്ഥന്‍.

ശ്രീനാരായണ വിദ്യാലയം (ഇന്ന്)

ശ്രീനാരായണ ഗുരു-ഗാന്ധി, രണ്ടു ദാര്‍ശനിക സ്വാധീനങ്ങള്‍

വടക്കേ മലബാറില്‍ തുടങ്ങി മംഗലാപുരം മുതല്‍ മധുര വരെ സ്വാമി ആനന്ദതീര്‍ത്ഥന് സമരഭൂമിയായി. ഗുരുവായൂരിലെ ഊട്ടുപുരയില്‍ വരെ ക്രൂരമായ മര്‍ദനമുറകള്‍ ഏറ്റുവാങ്ങി. കുഞ്ഞിമംഗലത്തെ പൂമാലക്കാവായാലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലായാലും അതിക്രൂരമായിരുന്നു ജാതിയുടെ നടപടികള്‍.

പയ്യന്നൂരെ സ്വാമിജിയുടെ ആശ്രമം ശ്രീ നാരായണവിദ്യാലയം ഇന്നുമാ ചരിത്രസ്മരണ പുതുക്കും. അവിടെ വന്നണഞ്ഞ് ജാത്യധീശശക്തികളുടെ അക്രമങ്ങളുടെ വിവരം ധരിപ്പിക്കാനെത്തിയ പാവങ്ങളുടെ കൂടെ അവരുടെ നാട്ടിലെ വിവരങ്ങളറിഞ്ഞാല്‍ സ്വാമിജി ഏതു പാതിരാത്രിക്കും ഇറങ്ങിപ്പുറപ്പെടും. ഏതു ദിക്കെന്നു നോട്ടമില്ലാതെ അവരുടെ കൂടെ നടക്കും. വേണമെങ്കില്‍ ഒറ്റയ്ക്ക് വണ്ടി കയറും.

കേരളമായാലും കര്‍ണാടകമായാലും തമിഴ്‌നാടായാലും സ്വാമിക്ക് ‘ബാന്ധവാ ശിവഭക്താനാം സ്വദേശോ ഭുവനത്രയം’ എന്നു പറഞ്ഞ പോലെ. എതിരെ കാത്തു നിന്നതോ പെരുത്ത ഹിംസ്രജാതിപ്പട.

സ്വാമി ആനന്ദതീര്‍ത്ഥന്‍. Photo: Gopal Krishnan/facebook.com

നാരായണ ഗുരു ഏറ്റവുമൊടുവില്‍ സന്യാസ ദീക്ഷ നല്‍കിയ ശിഷ്യന്‍. അനന്ത ഷേണായി. മനുഷ്യ സ്‌നേഹത്താല്‍ നിര്‍ഭരഹൃദയം.

സമത്വത്തെ മുന്‍നിര്‍ത്തി ജാതിവിവേചനങ്ങള്‍ക്കും അയിത്തത്തിനുമെതിരേ സന്ധിയില്ലാ നിലപാടിലുറച്ച സമരവീര്യം. ദീര്‍ഘപ്രഭാഷണങ്ങളോ ഭജനാവലിയോ അല്ല തുല്യനീതിയും അയിത്തോച്ചാടനവും പന്തിഭോജനവും, വല്ലതും നടപടിയാകുമോ അതായിരുന്നു സ്വാമി ആരാഞ്ഞത് മുഴുവന്‍.

ധ്യാന നാട്യങ്ങളേതുമില്ല. യതിചര്യ ദീക്ഷിക്കുന്ന മട്ടില്‍ മൗനവത്മീകത്തില്‍ മൂടിയിരുന്നില്ല. നാരായണ ഗുരു മിണ്ടിയിട്ടില്ലാത്ത ഭഗവദ് ഗീതയ്ക്ക് പണ്ഡിതോചിതമായ സ്വാധ്യായങ്ങള്‍ എഴുതിയില്ല. നാരായണഗുരുവിന്റെ കൃതികള്‍ക്ക് അതിന്റെ പത്തു മടങ്ങ് ശാങ്കരവേദാന്തമൊപ്പിച്ച് പ്രൗഢ വ്യാഖ്യാന ഭാഷ്യങ്ങള്‍ ചമച്ചില്ല. ആത്മകഥയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡിനു നിന്നില്ല.

ശ്രീ നാരായണഗുരുവിന്റെ പരമ്പരയിലുള്ളവര്‍ തന്നെ ജാതിവിഷയത്തില്‍ നാരായണഗുരു തുടങ്ങി വെച്ചതിന്റെ തുടര്‍ ഇടപെടലുകളെ അനാഥമാക്കുകയും വേദാന്തചര്‍ച്ചകളില്‍ അഭിരമിക്കുകയും ചെയ്യുകയായിരുന്നു എന്ന് വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് മനസ്സിലാകും.

ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരൻ, കൊറ​ഗർ എന്നിവർക്കൊപ്പം മിശ്രഭോജന പന്തിയിൽ. Photo: PV Krishnan (Gopal Krishnan/facebook.com)

ശ്രീ നാരായണ ഗുരു എഴുതിയ ആത്മോപദേശശതകവും ഭഗവദ് ഗീതയും ഒരേ കാര്യമെന്ന് സമര്‍ത്ഥിക്കുമ്പോള്‍ നാരായണഗുരു വിവേകപൂര്‍വം മാറ്റിവെച്ച ഭഗവദ് ഗീതയെ പറ്റിയാണ് ഈ പറയുന്നതെന്ന് ഓര്‍ക്കണം. കാരണം നാരായണഗുരുവിനറിയാം ഭഗവദ് ഗീത വര്‍ണാശ്രമ ധര്‍മങ്ങളോട് ഐക്യപ്പെടുന്നു എന്ന കാര്യം.

അല്‍പപ്രതിഭകള്‍ ആവോളം വാഴ്ത്തപെട്ടപ്പോള്‍ തമസ്‌കരിക്കപ്പെട്ട യഥാര്‍ത്ഥ മനുഷ്യവിമോചനപ്പോരാളിയാണ് ആനന്ദതീര്‍ത്ഥന്‍. മഹാത്മാ അയ്യങ്കാളിക്കും ശ്രീനാരായണഗുരുവിനുമൊപ്പം. ദൈവത്തെയും മതത്തെയും വിമോചനമായിത്തന്നെ കരുതിയ യഥാര്‍ത്ഥ ധാരണയുള്ള ത്യാഗനിധി.

മഠാധിപതി ചമഞ്ഞിരിക്കാന്‍ തയ്യാറാകാതെ സാധുജനോദ്ഗ്രഥന വ്യഗ്രനായി ആളുകള്‍ക്കിടയില്‍ നിലകൊണ്ട അപൂര്‍ല സന്യാസിവര്യന്‍.

ഐതിഹാസികമായ ഒറ്റയാള്‍ പടപ്പുറപ്പാടുകള്‍

ഇതിഹാസതുല്യമായ ജീവിതം എന്നത് ഇതൊക്കെയാണ്.

എന്താണ് ഇതിഹാസ തുല്യം. രാമായണവും മഹാഭാരതവുമൊക്കെ ജനപ്രിയ ആകര്‍ഷണമായി ഇന്നും നിലനില്‍ക്കുന്നത് ഈ വിധം അടിയാണതിന്റെ കാതല്‍ എന്നതു കൊണ്ടാണെന്ന് നിരീക്ഷിക്കാം. ധര്‍മയുദ്ധം എന്ന് അതിനെ പറയുമെങ്കില്‍ സ്വാമിജി നയിച്ചതും യഥാര്‍ത്ഥ ധര്‍മയുദ്ധം തന്നെ.

സ്വാമി ആനന്ദതീര്‍ത്ഥന്‍

നീതിയും അനീതിയും രണ്ടു പക്ഷങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പൊഴൊക്കെ മനുഷ്യര്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ യുദ്ധമാണ് ഇതിഹാസങ്ങളെ ഇതിഹാസമാനമാര്‍ന്നതാക്കുന്ന ശരിക്കുമുള്ള ചരിത്ര സംഭവങ്ങള്‍. യുദ്ധമാണ് ഇതിഹാസങ്ങളുടെ തികച്ചും കാതലായ വശം.

ശരിയായ ഇടിപ്പടമാണ് ഇതിഹാസം. അതാണ് ആളിടിച്ചു കയറാന്‍ കാരണം. രാമായണ മഹാഭാരതങ്ങള്‍ വെച്ച് ഇന്നും ഒരു രചന വരുമ്പോള്‍ അതറിയാം. അതു പോലെ നാം ആനന്ദതീര്‍ത്ഥന്റെ സമരസംഭവബഹുലമായ ജീവിതത്തിലേക്കും അറിഞ്ഞാല്‍ തിരിയും.

അങ്ങനെ നോക്കുമ്പോള്‍ മറ്റു പല ചരിത്ര പുരുഷന്മാരെപ്പറ്റിയും നാം പറയാറുള്ള ഇതിഹാസതുല്യമായ ജീവിതം എന്ന പ്രയോഗം അസ്ഥാനത്താണെന്നു വരും.

അതെ, ഏതര്‍ത്ഥത്തിലും കേരള നവോത്ഥാന ചരിത്രത്തില്‍ ഇതിഹാസതുല്യമായ വ്യക്തിത്വമായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥരുടേതെന്നതില്‍ സംശയം വേണ്ടതില്ല.

ഇതേ യുദ്ധമെന്നത്, പക്ഷേ പറയും പോലെ ആഘോഷിക്കത്തക്ക മഹത്വമുള്ളതല്ല. കാര്യങ്ങളില്‍ ഒരു തീരുമാനം കൊണ്ടു വന്നാലും ബര്‍ട്രന്റ് റസലടക്കം പല സാമൂഹ്യ വിചക്ഷണന്മാരും നിരീക്ഷിച്ച പോലെ യുദ്ധം കുഴഞ്ഞ പല തുടര്‍ പ്രശ്‌നങ്ങളെയും മാനവികതയ്ക്കു മുന്നില്‍ വെക്കുന്നു.

ബര്‍ട്രന്റ് റസല്‍. Photo: Wikipedia

യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ ഭയാക്രാന്ത ദുരന്ത പരവശരാക്കുന്നു. ചോരച്ചാലുകള്‍ പുഴകള്‍ തന്നെയായിട്ടുണ്ട്. വന്‍ മലപോലെ കൂട്ടിയിട്ട കബന്ധങ്ങള്‍. അശരണരായ കുട്ടികള്‍, വിധവകള്‍, വൃദ്ധജനങ്ങള്‍…. തീരാദാരിദ്ര്യം.

കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്റെ ഒരു വക സ്വഭാവം തന്നെ യുദ്ധം.

കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ എല്ലാ യുദ്ധങ്ങളും ഒരു പോലെ നൈരാശ്യത്തിലെത്തുന്നതിനു കാരണം അക്രമം എന്ന ഒറ്റ നയമാകുന്നു. മഹാ യുദ്ധങ്ങളെല്ലാം അക്രമത്തെ നയമാക്കുന്നു. അവതാരങ്ങള്‍ മുന്നിട്ടു നയിച്ച യുദ്ധങ്ങള്‍ പോലും അതെ, യുദ്ധമെന്ന കണ്ണും മൂക്കുമില്ലാത്ത അക്രമത്തെ നീതീകരിക്കുന്നു.

പ്രക്ഷുബ്ധ സാഹചര്യങ്ങളും വന്‍ അന്തരങ്ങളും ധ്രുവീകരണങ്ങളും ഇരുചേരികളെ സൃഷ്ടിക്കുമ്പോള്‍ സന്ധിയിലൂടെ സമാധാനദൗത്യങ്ങളിലൂടെ പരിഹരിക്കാനാവാത്ത വിധം സ്‌ഫോടനാത്മകമായി കലാശിക്കുന്ന തീവ്രസാമൂഹ്യബലമത്രേ യുദ്ധം.

പല സമാധാന ശ്രമങ്ങളും തുടരുമ്പോഴും സംഗര വാസന മനുഷ്യന് ഒരു കാലത്തും തീര്‍ത്തും ഒഴിവാക്കത്തക്കതല്ല. യുദ്ധമല്ലാതെ മറ്റു പോംവഴികളില്ലാത്ത സന്ദര്‍ഭങ്ങള്‍ പ്രകൃതിയുടെ നിഗൂഢബലങ്ങളായിത്തന്നെ കരുതണം.

ഇതേ യുദ്ധത്തിന്റെ ആധുനികരൂപമത്രെ സമരം. സമരമായി വന്നപ്പോള്‍ അതിലെ അക്രമ രീതികള്‍ പുനപരിശോധന ചെയ്യപ്പെട്ട് പല രീതിയില്‍ നിയന്ത്രിക്കപ്പെട്ടു. മാനവികത രക്തച്ചൊരിച്ചിലിന്റെ പരിധിയും പരിമിതിയും ഒട്ടൊന്നു കണ്ടറിഞ്ഞതിന്റെ പരിണതഫലമായിരുന്നു അത്. അവധാനപൂര്‍വ്വമുള്ള പരിണതപ്രജ്ഞയുണ്ട് സമരത്തിനു പിന്നില്‍ എന്നര്‍ത്ഥം.

എന്നാലും തത്വത്തിലും പ്രയോജനത്തിലും യുദ്ധം തന്നെ സമരം.

പ്രയോഗത്തില്‍ മാത്രമാകുന്നു ചില വ്യത്യാസങ്ങള്‍. എന്തു തന്നെയായാലും യുദ്ധത്തിന്റെ പരിഷ്‌കൃത സാമൂഹ്യ രൂപമാണ് സമരം എന്നു നിസ്സംശയം പറയാം.

അങ്ങനെ അഹിംസയുടെ പ്രവാചകനായ ബുദ്ധന്‍ ഒരര്‍ത്ഥത്തില്‍ ഏഷ്യയിലുടനീളമെത്തി ബ്രാഹ്മണമതത്തോട് ആദര്‍ശസമരം നയിച്ചു.

ബുദ്ധന്‍. Photo: Wikimedia Commons

രണ്ടാം ബുദ്ധനായി അറിയപ്പെടുന്ന ഡോ. അംബേദ്കറും ആ വഴിയില്‍ മുന്നേറിയതിന്റെ വലിയൊരളവിലുള്ള സര്‍ഗാത്മകത ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. ഭരണഘടനയടക്കം നമ്മുടെ ജനാധിപത്യത്തിന്റെ ബലമായതിനു കാരണം അതാണ്.

ഡോ. ബി.ആർ. അംബേദ്കർ

ആധുനിക യുഗത്തില്‍ ഗാന്ധിജിയിലൂടെ കൈവന്ന അക്രമരാഹിത്യ സമരമുറകളായിരുന്നു പ്രയോഗത്തില്‍ സ്വാമി ആനന്ദതീര്‍ത്ഥരുടെ കൈമുതലായി മാറിയത്. സഹനസമരം.

നാരായണഗുരുവിന്റെയും ഗാന്ധിയുടെയും ശിഷ്യനായ തലശ്ശേരിക്കാരന്‍ അനന്ത ഷേണായിക്ക് മറ്റൊരു വിധത്തില്‍ ആയിരിക്കാന്‍ കഴിയില്ലല്ലോ!

ഇതിഹാസ തുല്യത

ആനന്ദതീര്‍ത്ഥന്‍ സഹനസമരം ആയിരുന്നെങ്കില്‍, തിരിച്ചടിക്കുന്നില്ലെങ്കില്‍ പിന്നെങ്ങനെ അതൊരു യുദ്ധമാകും. രണ്ടു കൈകള്‍ കൂട്ടിമുട്ടാതെ ശബ്ദമുണ്ടാകുമോ.

പ്രതിഷേധങ്ങള്‍ക്ക് സ്വശരീരം മാധ്യമമാക്കിയആനന്ദതീര്‍ത്ഥരുടെ സഹന സമരങ്ങള്‍ ഇതിഹാസ തുല്യമാകുന്നതെങ്ങനെ. സ്വാമി തിരിച്ചടിക്കുന്നുണ്ടോ?

ഉണ്ടെന്നാണുത്തരം.

അതാണ് സൂക്ഷ്മമായ ബലങ്ങളുടെ നിയമം.സ്വാമിജി തന്റെ ആത്മ ബലവീര്യങ്ങള്‍ കൊണ്ടോ, സൂക്ഷ്മബോധപരത കൊണ്ടോ തിരിച്ചടിച്ചു എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

എന്നു വെച്ചാല്‍ ക്രിസ്തുവിന്റെ സഹനം പോലെ ചരിത്രത്തില്‍ സൂക്ഷ്മമായ പരിവര്‍ത്തന ശക്തിയാകാന്‍ സ്വാമിയുടെ സഹന മൗനങ്ങള്‍ കൊണ്ടുള്ള തിരിച്ചടിക്ക് കഴിഞ്ഞു എന്നു തന്നെ അനുമാനിക്കണം.

സ്വാമി ആനന്ദതീര്‍ത്ഥന്‍. Photo: ജഗന്നാഥം/facebook.com

ഏതായാലും ശരി ക്രിസ്തുവിനു മുമ്പ് ക്രിസ്തുവിനു ശേഷം എന്ന രീതിയില്‍ പിന്നീട് ചരിത്രം വ്യക്തമായും വേര്‍തിരിഞ്ഞു നില്‍ക്കുന്ന പോലെ സ്വാമി ആനന്ദ തീര്‍ത്ഥര്‍ക്കു മുമ്പുള്ള ജാതി കേരളം സ്വാമി ആനന്ദതീര്‍ത്ഥര്‍ക്കു ശേഷമുള്ള ദളിതരോട് അതു പോലെ ക്രൂരമായി പെരുമാറിയിട്ടില്ല…. പിന്നീടൊരിക്കലും.

പാവം കേരളീയനെയും സ്വാമി ആനന്ദതീര്‍ത്ഥരെയും എ.കെ.ജിയെയും ജാതി മുഠാളന്മാര്‍ കൈകാര്യം ചെയ്തു നിലംപരിശാക്കിയ പയ്യന്നൂരെ കണ്ടോത്ത് അറയിലായാലും തൃപ്പൂണിത്തുറയായാലും മധുരയിലായാലും തിരുപ്രംകുണ്ഡ്രത്തായാലും അന്നത്തെയും ഇന്നത്തെയും സാമൂഹ്യ സ്ഥിതി പരിശോധിച്ചാല്‍ അതു വ്യക്തമാകും.

സ്വാമിയുടെ അടിയേറ്റ് ദര്‍പ്പമൊഴിഞ്ഞ് ജാതിയുടെ വിഷപ്പല്ല് വീണു കൊഴിഞ്ഞിട്ടുണ്ട്.

പയ്യന്നൂരെ തീയ്യരുടെ സ്ഥാനമായ കണ്ടോത്തറയുടെ മുന്നിലൂടെ എല്ലാവര്‍ക്കും വഴിനടക്കുക അന്ന് സാധ്യമല്ലായിരുന്നു. എല്ലാ തട്ടിലും നിറഞ്ഞാടിയിരുന്ന ജാതിചിന്ത നോക്കണേ.

ഉലക്കയും ചിരവയും മറ്റുമെടുത്തായിരുന്നു വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ജാതിവാദികള്‍ അന്ന് കണ്ടോത്ത് ആനന്ദതീര്‍ത്ഥരെ മര്‍ദിച്ചവശനാക്കിയത്.

ബ്രാഹ്മണരല്ലാത്തവര്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കുമായിരുന്ന ഗുരുവായൂരിലെ ഊട്ടുപുരയ്ക്കുമുന്നിലും 1983ല്‍ സ്വാമി തല്ലുകൊണ്ട് ദിവസങ്ങളോളം സത്യാഗ്രഹം നയിച്ചതിന്റെ ഫലമായിട്ടാണ് ബ്രാഹ്മണസദ്യ മാറി ഇന്ന് ഏതു ഹിന്ദുവിനും അവിടെക്കയറിയിരുന്ന് കഴിക്കാവുന്ന പ്രസാദസദ്യയായി മാറിയത് എന്നും ഓര്‍മ വേണം.

ഗുരുവായൂർ

പറശ്ശിനിക്കടവിലായാലും മാടായിക്കാവിലായാലും സ്വാമി ഇതേ പോലെ ചെന്നിടപെട്ടതിന്റെ ഫലമായാണ് അടിസ്ഥാന മനുഷ്യരോടുള്ള ജാതിവാദികളുടെ കര്‍ക്കശനിരോധങ്ങള്‍ തെല്ലയഞ്ഞത്.

ചേയാ നല്‍കുന്ന സ്മൃതി ചിത്രങ്ങള്‍

തികച്ചും ഐതിഹാസിക മാനങ്ങളുള്ള സ്വാമി ആനന്ദതീര്‍ത്ഥരുടെ സഹനങ്ങളുടെയും സമരങ്ങളുടെയും നേര്‍ചിത്രം ഇതള്‍ വിരിയുന്ന നോവല്‍ കലാസൃഷ്ടി ആര്‍. ഉണ്ണിമാധവന്റെ ചേയാ വായിക്കുമ്പോള്‍ അതിന്റെ നാലാം പതിപ്പിറങ്ങുമ്പോള്‍ സാംസ്‌കാരിക കേരളം സ്വാമി ആനന്ദതീര്‍ത്ഥരെന്ന മഹാ മനുഷ്യസ്‌നേഹിയുടെ ത്യാഗതപോധന്യമായ ജീവിതത്തെ ഇപ്പോള്‍ വീണ്ടുമോര്‍ക്കുന്നു.

ജാതി മറ്റൊരര്‍ത്ഥത്തില്‍ തലപൊക്കി വീര്യം കാട്ടാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ആ സ്മരണ പോലും നമുക്കു വഴി വെളിച്ചമാകും. ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും പോലും ദളിതര്‍ക്കുള്ള കഠിന വിലക്കുകളെ തല്ലു കൊണ്ടായാലും നീക്കേണ്ടുന്ന സ്ഥിതിയുള്ള കാലം സ്വാമിയുടെ അനുഭവ കഥയിലുണ്ട്.

അടിസ്ഥാന മനുഷ്യര്‍ താഴെത്തട്ടില്‍ നേരിടേണ്ടി വരുന്ന നീതിനിഷേധങ്ങള്‍ക്കെതിരെ ഉന്നതാധികാരികളെ കണ്ട് വിവരം ധരിപ്പിച്ചും കോടതികള്‍ മുഖേന നിയമപരമായ വിധികള്‍ നേടിയും എങ്ങനെയും മറികടക്കുന്നതായിരുന്നു സ്വാമിയുടെ ഇച്ഛാശക്തി. നൂറു നൂറു വിഷയങ്ങളാണ് സ്വാമി കോടതിയിലെത്തിച്ചത്.

1933 കേളപ്പജിയും മറ്റും സഹകരിച്ചെത്തി കണ്ണൂര്‍ ആസ്ഥാനമായ ജാതിനാശിനി സഭ എന്ന മുന്നേറ്റം രൂപീകരിച്ചപ്പോള്‍ പേരിനൊപ്പം ജാതിനാമം വെക്കുന്നയാള്‍, അയാള്‍ എത്ര പുരോഗമനം പറയുന്നയാളായാലും ശരി, അംഗത്വം നല്‍കില്ലെന്ന തീരുമാനത്തിലായിരുന്നു സെക്രട്ടറിയായ ആനന്ദതീര്‍ത്ഥന്‍.

സ്വാമി ആനന്ദതീര്‍ത്ഥന്‍

അന്നത്തെ പുരോഗമന വാദികള്‍ക്കിടയില്‍ വേറിട്ടുനിന്ന അത്തരം നിലപാടുകള്‍ ഫലത്തില്‍ മനുസ്മൃതിക്കെതിരായ നയമായിത്തന്നെ വായിച്ചെടുക്കേണ്ടി വരും.

പൊടിക്കൈകളല്ല; തീര്‍ത്തും ജാതിയുടെ നടുവൊടിക്കുന്ന മിശ്രവിവാഹവും മിശ്രഭോജനവുമായിരുന്നു സ്വാമിയുടെ നയപരിപാടി. അതാകട്ടെ തികച്ചും മൗലികമായ വേരുകളിലുള്ള പ്രയോഗമാണെന്നും കാണാം.

ഇത്തരത്തില്‍ ജാതിക്കെതിരായ ഒത്തുതീരാത്ത നിലപാടുകള്‍ കാരണം എന്നു തന്നെ പറയണം നാരായണഗുരു നേരിട്ട് സന്യാസദീക്ഷ നല്‍കിയ ശിഷ്യനായിട്ടു പോലും ശിവഗിരിയില്‍ നിന്നു പോലും പിന്നീട് സ്വാമിക്ക് തിക്താനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.

അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പോസ്റ്റർ

ശിവഗിരിയിലെ സന്യാസിമാരുടെ സംഘടനയായിരുന്ന ശ്രീനാരായണ ധര്‍മ സംഘത്തിന്റെ മൂന്നാമത് പ്രസിഡന്റായിരുന്ന അച്ചുതാനന്ദന്‍ സ്വാമി ആനന്ദതീര്‍ത്ഥനെ തന്റെ അനന്തരാവകാശിയായി നിര്‍ദേശിച്ച് രേഖയുണ്ടാക്കിയിരുന്നു. എന്നാല്‍ അതിനകം രാഷ്ട്രീയ രൂപം പ്രാപിച്ച എസ്.എന്‍.ഡി.പി നേതൃത്വം ശിവഗിരി സന്യാസിമാര്‍ മാത്രമുള്‍പ്പെടുന്ന ധര്‍മസംഘത്തില്‍ പിടിമുറുക്കാന്‍ തുടങ്ങിയിരുന്നു.

എസ്.എന്‍.ഡി.പിയും ഒരു വിഭാഗം സന്യാസിമാരും ചേര്‍ന്ന് ആനന്ദതീര്‍ത്ഥരെ ശിവഗിരിമഠാധിപതിയായും ശ്രീനാരായണ ധര്‍മസംഘത്തിന്റെ പ്രസിഡന്റായും നിയമിക്കാനുള്ള തീരുമാനത്തെ എതിര്‍ത്തു. ഒരു ഘട്ടത്തില്‍ ശിവഗിരിയിലെ ശ്രീ നാരായണതീര്‍ത്ഥന്റെ നേതൃത്വത്തിലുള്ള ചില സന്യാസിമാര്‍ ആനന്ദതീര്‍ത്ഥരുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തെ വലിച്ചിഴച്ചു പുറത്തിട്ട് രേഖകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും കാണാം.

എതിര്‍ത്തു നിന്നവര്‍ക്കെതിരെ ഏറെ നിയമയുദ്ധങ്ങള്‍ ക്കൊടുവില്‍ അനുകൂലമായ കോടതിവിധി സമ്പാദിച്ചെങ്കിലും, ശിവഗിരി അധ്യക്ഷനായെങ്കിലും അതേ വര്‍ഷം തന്നെ 1959 ഡിസംബറില്‍ സ്വാമി ആ സ്ഥാനം വിട്ടൊഴിയുകയായിരുന്നു.

അങ്ങനെ നീണ്ട വ്യവഹാരയുദ്ധങ്ങളിലൂടെ 1959ല്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം കൂടുതല്‍ ജനാധിപത്യ മാതൃകയുള്ള ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി മാറ്റിയപ്പോള്‍ ആദ്യ പ്രസിഡന്റ് സ്വാമി ആനന്ദതീര്‍ത്ഥരായിരുന്നു.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശിവഗിരി സന്ദര്‍ശിച്ചത് സ്വാമി ആനന്ദതീര്‍ത്ഥന്‍ ശിവഗിരി അധ്യക്ഷനായിരുന്ന സന്ദര്‍ഭത്തിലായിരുന്നു. അടിസ്ഥാന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യത്തില്‍ വെള്ളം കലര്‍ത്താത്ത സമീപനങ്ങള്‍ കാര്യത്തോടടുക്കുമ്പോള്‍ പലരുടെയും മുഖം ചുളിപ്പിക്കുന്നു.

ശിവഗിരി മഠത്തിൽ പ്രധാനമന്ത്രി നെഹ്റു പങ്കെടുത്ത ചടങ്ങിന്റെ വേദിയിൽ സ്വാമി ആനന്ദതീർത്ഥൻ (കടപ്പാട്: സിബി പരവൂർ).

ശിവഗിരിയില്‍ തന്നോടുള്ള ഇത്തരം വിപ്രതിപത്തികളില്‍ മടുത്താകാം 1974 ജൂണില്‍ ശ്രീ നാരായണ ധര്‍മസംഘം ട്രസ്റ്റ് അംഗത്വം പോലും രാജിവെച്ച് അദ്ദേഹം ശ്രീ നാരായണീയ പ്രസ്ഥാനങ്ങളുടെ പടിയിറങ്ങുകയാണുണ്ടായത്.

ഫലമോ, മഹാകവികുമാരനാശാന്റെയും ബോധാനന്ദസ്വാമിയുടെയും മറ്റും സ്ഥാനങ്ങളുടെ തുടര്‍ച്ചയായി പിന്നീട് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും ശ്രീ നാരായണീയ പ്രസ്ഥാനങ്ങളിലൂടെ സംഭവിക്കുന്നതും കേരളം കണ്ടു.

ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്നെഴുതി സ്ഥാപിച്ച ബോര്‍ഡ് വെച്ചത് 1978ല്‍ സ്വാമിയുടെ നിരാഹാര വത്രത്തെ തുടര്‍ന്ന് ഭരണസ്ഥിതിക്ക് നീക്കം ചെയ്യേണ്ടതായി വന്നു.

തലശ്ശേരി ജ​ഗന്നാഥ ക്ഷേത്രം

ഇവിടെയെല്ലാം ശ്രീനാരായണ ആദര്‍ശത്തിനു വിരുദ്ധമായ കാര്യങ്ങള്‍ കാണുമ്പോള്‍ വിട്ടു കൊടുക്കാന്‍ തയ്യാറാകാത്ത ആനന്ദതീര്‍ത്ഥന്റെ പ്രകൃതത്തെ നന്നായി മനസ്സിലാക്കാം. സ്വാമി ആനന്ദതീര്‍ത്ഥനെ പോലെ ഒരു യഥാര്‍ത്ഥ വിപ്ലവകാരിയെ അറിയാതെയും ഓര്‍ക്കാതെയും ആധുനികാഭിമുഖ്യത്തിലേക്ക് കേരളത്തിന് ഇനിയും മുന്നോട്ടു പോകാന്‍ സാധ്യമല്ല എന്നു തന്നെ മനസ്സിലാക്കുന്നു.

തമസ്‌കരിക്കപ്പെട്ടതിനാകെ ശ്രദ്ധാ സ്മരണകളിലൂടെ പ്രതിക്രിയ ചെയ്യാന്‍ മലയാളവും അതിന്റെ നവോത്ഥാന ചേതനയും പല വഴികളില്‍ ശ്രമിക്കുന്നതാകാം.

ആര്‍ ഉണ്ണിമാധവന്റെ ചേയാ നോവല്‍ ആ ധര്‍മസമര സ്മരണകളുടെ വീണ്ടെടുപ്പാണ്.
വിട്ടു പോയാലും കണ്ടെത്തി നാം കൊണ്ടാടേണ്ടുന്ന ഒന്ന്.

ഓര്‍മകള്‍ ഉണ്ടായിരിക്കണം. നോവലിസ്റ്റ് ആര്‍ ഉണ്ണിമാധവന്റെ ചേയാ നോവലിന് സുരേഷ് ബാബു ശ്രീസ്ഥയും ഡോ. സാംകുട്ടി പട്ടം കരിയും ചേര്‍ന്ന് ഒരുക്കിയ ഒരു നാടകാവിഷ്‌കാരം കൂടി ഇപ്പോള്‍ സഹൃദയ കേരളത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്.

നാടകത്തിൽ നിന്നും

കുളപ്രം വായനശാല ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ ആദ്യ അവതരണം തന്നെ ശ്രദ്ധേയമായിരുന്നു. ഓര്‍മകളുടെ ശ്രാദ്ധം എന്ന അര്‍ത്ഥത്തിലാണ് ഇതിന്റെയെല്ലാം ചരിത്ര സന്ദര്‍ഭത്തെ ഈ ലേഖകന്‍ വായിച്ചെടുക്കുന്നത്.

Content Highlight: Badari Narayan writes about Swami Anandatheerthan

ബദരി നാരായണൻ

പയ്യന്നൂര്‍ ഏഴിമല സ്വദേശി. തെയ്യം കാവ് പരിസ്ഥിതി മേഖലയിലെ മുന്നേറ്റമായ പരിച എന്ന സംഘടനയുടെ ചെയര്‍മാന്‍.

We use cookies to give you the best possible experience. Learn more