ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി മാറിയിരിക്കുകയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. മലയാളത്തിലെ ബ്രാന്‍ഡ് ഡയറക്ടര്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വല്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.
റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ പ്രധാന സെന്ററുകളില്‍ നിന്നെല്ലാം ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ വാഷൗട്ടായിരിക്കുകയാണ്. അമല്‍ നീരദിന്റെ കരിയറിലെ ആദ്യ ഡിസാസ്റ്ററായി ചിത്രം മാറി. റിലീസ് ചെയ്ത് ഒമ്പതാം ദിനത്തിലേക്ക് കടക്കുമ്പോള്‍ 6.7 കോടിയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍. ഹിറ്റാകാന്‍ മിനിമം 11 കോടി ആവശ്യമുള്ള ചിത്രം ഇനി മുന്നേറില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ Photo: IMDb
2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ കളക്ഷന്‍ പോലും പുതിയ ഭാഗത്തിന് നേടാനായിട്ടില്ലെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. മിക്‌സഡ് റിപ്പോര്‍ട്ട് ലഭിച്ച ചിത്രം 7.4 കോടിയായിരുന്നു നേടിയത്. കേരള കളക്ഷനിലും ഒ.ജി ഗ്യാങ്ങിനൊപ്പമെത്താന്‍ പുതിയ ടീമിന് സാധിച്ചിട്ടില്ല. 4.6 കോടിയാണ് അയ്യപ്പനും കൂട്ടരും 2012ല്‍ കേരളത്തില്‍ നിന്ന് നേടിയിരുന്നത്. ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ കേരള ഫൈനല്‍ 4.3 കോടി മാത്രമേ ഉണ്ടാകുള്ളൂ എന്ന് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നു.
കലാഭവന്‍ മണി, ഇന്ദ്രജിത്, റഹ്‌മാന്‍, ആസിഫ് അലി, വിനായകന്‍ എന്നിവരുടെ പെര്‍ഫോമന്‍സിന്റെ ഏഴയലത്ത് നസ്‌ലെനും ടീമിനും ഉയരാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ദീന്‍ എന്നിവരുടെ പ്രകടനം മാത്രമാണ് ചിത്രത്തിലെ പോസീറ്റീവുകളിലൊന്ന്. ലഹരി ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുന്ന രംഗങ്ങളും അമിതമായ ഡബിള്‍ മീനിങ് കോമഡികളും വിമര്‍ശനത്തിന് ഇരയായി.
മേക്കിങ്ങും ടെക്‌നിക്കല്‍ ക്വാളിറ്റിയും കൊണ്ട് മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ കഴിവുള്ള അമല്‍ നീരദ് ഇത്തരം ചെറിയ സിനിമകളില്‍ മാത്രം ഒതുങ്ങിക്കൂടുന്നത് സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അനൗണ്‍സ് ചെയ്ത് പത്ത് വര്‍ഷമാകുമ്പോഴും അതില്‍ വലിയ മാറ്റമില്ലാത്തത് ആരാധകരില്‍ നിരാശ സമ്മാനിക്കുന്നു.
കരിയറില്‍ മികച്ച ഫാന്‍ ഫോളോയിങ്ങുള്ള ബാച്ച്‌ലര്‍ പാര്‍ട്ടിക്ക് രണ്ടാം ഭാഗം ഒരുക്കി പേര് കളഞ്ഞതോടെ ബിലാലിന്റെ കാര്യത്തിലും ആരാധകരുടെ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. ബിലാല്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടുന്നു. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം വലിയ നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
Content Highlight: Bachelor Party D’eux can’t beat the Kerala collection of first part