| Thursday, 22nd January 2026, 9:58 am

ബേബിയുടെ പാത്രം കഴുകല്‍ ഇലക്ഷന്‍ സ്‌പെഷ്യല്‍ അല്ല, പഴയ ഫോട്ടോകള്‍ പങ്ക് വെച്ച് ഇടത് പ്രവര്‍ത്തകര്‍

നിഷാന. വി.വി

തിരുവനന്തപുരം: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ ‘പാത്രം കഴുകല്‍’ വിവാദമായതോടെ പഴയ ഫോട്ടുകള്‍ പങ്കുവെച്ച് ഇടത് പ്രൊഫൈലുകള്‍.

ബേബിയുടെ പാത്രം കഴുകല്‍ അദ്ദേഹത്തിന്റെ കാലങ്ങളുടെ ശീലമാണെന്നും ഇലക്ഷന്‍ സ്‌പെഷ്യല്‍ അല്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അനുയായികള്‍ സമര്‍ത്ഥിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.ഐ.എം നടത്തുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്കിടെ ഭക്ഷണം കഴിച്ച പാത്രം സന്ദര്‍ശിച്ച വീട്ടിലെ അടുക്കളയില്‍ പോയി കഴുകുന്ന എം.എ ബേബിയുടെ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പരിഹാസവുമായി യു.ഡി.എഫ്, ബി.ജെ.പി അനുകൂല പ്രോഫൈലുകള്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇത് അദ്ദേഹത്തിന്റെ കാലങ്ങളായുള്ള ശീലങ്ങളാണെന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോള്‍ പഴയ ഫോട്ടോകള്‍ പങ്കുവെക്കാനായിരുന്നു എതിര്‍പക്ഷത്തിന്റെ വെല്ലുവിളി. തുടര്‍ന്നാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഡസന്‍കണക്കിന് ഫോട്ടോകള്‍ പങ്കുവെച്ചത്.

2016 മൊകേരി ഇ എം സ് വായനശാലയുടെ രണ്ടാം നില ഉല്‍ഘടനത്തിന് വന്ന എം എ ബേബി. നിരജ്ഞന്‍ പി.ജെ പങ്കുവെച്ച ചിത്രം

പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, അഡ്വക്കേറ്റ് പി.എം. ആതിര തുടങ്ങിയവരും പോസ്റ്റുമായി രംഗത്തെത്തി.

കഴിച്ച പാത്രം സ്വയം കഴുകുന്നത് മോശമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.

‘അച്ഛന്‍ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും… ചൂല് പിണങ്ങില്ല’ അതുപോലെ, ആര് കഴുകിയാലും ‘പ്ലേറ്റ് പിണങ്ങില്ല’ എന്ന വലിയ പാഠമാണ് നാംകുട്ടികളെപഠിപ്പിക്കുന്നത്.
വീട്ടുജോലികള്‍ക്ക് ലിംഗഭേദമില്ലെന്നും, സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും നമ്മുടെ കുട്ടികള്‍ പഠിച്ചു വളരുകയാണ്. തൊഴിലിന്റെ മഹത്വവും തുല്യതയും പാഠപുസ്തകങ്ങളിലൂടെ പകര്‍ന്നു നല്‍കുന്ന കേരളത്തിലെ വിദ്യാഭ്യാസ മാതൃകയെ നോക്കി കൊഞ്ഞനം കുത്തുന്നവര്‍, ചുരുങ്ങിയത് ഒന്നാം ക്ലാസ്സിലെ ഈ പാഠമെങ്കിലും ഒന്ന് വായിച്ചുനോക്കുന്നത് നന്നായിരിക്കും,’ മന്ത്രി പറഞ്ഞു.

‘താന്‍ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കുകയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമായ നിശ്ചയം. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.എത്രയോ വര്‍ഷങ്ങളായി തുടരുന്ന ചര്യയാണ് അത്,’ ആര്‍. ബിന്ദു കുറിച്ചു.

തങ്ങളുടെ വീട്ടില്‍ വന്നാലും ഭക്ഷണം കഴിച്ചാല്‍ സ്വയം പാത്രം കഴുകുകയും അങ്ങനെയാണ് ചെയ്യേണ്ടതെന്ന് എം.എ ബേബി പറഞ്ഞുതരാറുണ്ട്. അതിനെയാണ് ചില ബി.ജെ.പി, ആര്‍.എസ്.എസ് പ്രൊഫൈലുകള്‍ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘ഒരിക്കലും ഭക്ഷ്യവസ്തുവോ ഭക്ഷണമോ സ്വയം ഉണ്ടാക്കുകയോ കഴിച്ച പാത്രം പോലും കഴുകി വെക്കുകയോ ചെയ്യാത്ത മേലാളപൊങ്ങച്ചങ്ങളുടെ ജീര്‍ണിച്ച ആശയങ്ങള്‍ ഉള്ളില്‍ പേറുന്നവരുടെ സ്ഥായീഭാവമാണ് സര്‍വപുച്ഛം.
ശ്വാന വീരന്മാര്‍ കുരച്ചു കൊള്ളുക, സാര്‍ത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും,’ ആര്‍. ബിന്ദു കുറിച്ചു.

സ്വന്തം പാത്രം കഴുകുന്നത് എം.എ ബേബിയുടെ ശീലമാണെന്നും നാല് വോട്ടിന് വേണ്ടിയുള്ള ഏര്‍പ്പാടായി അതിനെ കാണരുതെന്ന് അഡ്വക്കേറ്റ് ആതിരയും പറഞ്ഞു.

രാഷ്ട്രീയം ഏതായാലും ആളുകളിലെ നല്ല ഗുണങ്ങള്‍ അപ്രേഷേറ്റ് ചെയ്യണമെന്നും പരിഹസിക്കുന്നത് പരമ ബോറാണെന്നും ആതിര കൂട്ടിച്ചേര്‍ത്തു.

‘പാത്രം കഴുകുന്ന ആണുങ്ങള്‍ അത്ര പരിഹസിക്കപ്പെടേണ്ടവര്‍ അല്ല. എന്ത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായാലും. അതില്‍ പോലും അപൂര്‍വത കണ്ട് അത് വോട്ടിനുള്ള നമ്പറായി മാത്രം മനസിലാക്കാന്‍ കഴിയുന്നത്രേ നമ്മുടെ നാട് ഇപ്പഴും വളര്‍ന്നിട്ടുള്ളു. ഗാന്ധിയുടെ കോണ്‍ഗ്രസിന്അതിപ്പഴും പരിഹസിക്കാനുള്ള അവസരം മാത്രാണ് എന്നത് അതിലും വലിയ ഗതികേട്,’ അവര്‍ പറഞ്ഞു.

2013 ലെ ഫോട്ടോ പങ്ക് വെച്ച് കൊണ്ട് ധനുപ്രസാദ് കുറുമ്പേലില്‍ എന്നയാളും എം.എ. ബേബിയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി.

ധനുപ്രസാദ് കുറുമ്പേലില്‍ പങ്കുവെച്ച 2013 ലെ ചിത്രം

‘അവനവന്‍ കഴിച്ച പ്ലേറ്റ് കഴുകി വെക്കുന്ന ഇത്തിരി അന്തസുള്ള പെരുമാറ്റം കണ്ടാല്‍ കഴിച്ച ഭക്ഷണത്തിന്റെ കാശ് ‘അണ്ണന്‍ തരും’ എന്ന് പറഞ്ഞ് മുങ്ങുന്ന ടീമുകള്‍ക്ക് ഇത്തിരി ചൊറിയും നന്നായി മാന്തുക എന്നല്ലാതെ വേറൊന്നും ചെയ്യാനില്ല. അന്തസ് എന്നത് പാളയം മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ലെന്ന് അങ്ങേരെ ട്രോളി ഓര്‍ഗാസമണയുന്നവരെ വെറുതെ ഓര്‍മ്മിപ്പിക്കുന്നു’
ഇതായിരുന്നു പന്ത്രണ്ട് വര്‍ഷം മുമ്പുള്ള എം.എ ബേബിയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടുള്ള ഇടതനുകൂല ട്രോള്‍ പേജിന്റെ പോസ്റ്റ്.

ഇടതനുകൂല ട്രോള്‍ പേജ് പങ്കുവെച്ച 12 വര്‍ഷം മുന്‍പുള്ള ഫോട്ടോ

Content Highlight: Baby’s washing dishes is not an election special, Left activists share old photos

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more