നാല് വര്‍ഷത്തിനും മേലെയായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കൈതി 2. വിക്രത്തിന് ശേഷം ദില്ലിയുടെ രണ്ടാം വരവ് ലോകേഷ് ഒരുക്കുമെന്ന് കരുതിയപ്പോള്‍ അതിന് പകരം മറ്റ് രണ്ട് സിനിമകള്‍ ലോകേഷ് ചെയ്തുതീര്‍ത്തു. ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്ന് അറിയിച്ചെങ്കിലും അതും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇപ്പോഴിതാ കൈതിയില്‍ കാര്‍ത്തിയുടെ മകളായി അഭിനയിച്ച ബേബി മോണിക്കയുടെ ഏറ്റവും പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മോണിക്ക പങ്കുവെച്ച ഫോട്ടോ വളരെ വേഗത്തില്‍ വൈറലായി. ‘അടുത്ത വര്‍ഷം ഈ കുട്ടിക്ക് കോളേജില്‍ പോകാനുള്ള പ്രായമാകും. ഇനി കൈതി 2 എപ്പോള്‍ ചെയ്യാനാ ലോകേഷേ’ എന്നാണ് പലരും ചോദിക്കുന്നത്.
ദില്ലിയുടെ മകള്‍ ഇത്രക്ക് വളര്‍ന്നിട്ടുണ്ടെങ്കില്‍ വിക്രത്തിന്റെ പേരക്കുട്ടി ഇപ്പോള്‍ അഞ്ചാം ക്ലാസിലെത്തിയിട്ടുണ്ടാകുമല്ലോ’ എന്നുള്ള രസകരമായ കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്. ‘മുഖം വി.എഫ്.എക്‌സ് ചെയ്ത് ചെറുതാക്കാന്‍ അഞ്ച് കോടിയുടെ ബില്‍ റെഡിയാക്ക്’, ‘ദില്ലിയുടെ മകള്‍ക്ക് മകളുണ്ടായാല്‍ പോലും കൈതി 2 വരുമെന്ന് തോന്നുന്നില്ല’ എന്നിങ്ങനെ ട്രോളുന്നവരുമുണ്ട്.
ലിയോക്ക് പിന്നാലെ വന്‍ ഹൈപ്പിലിറങ്ങിയ കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തത് ലോകേഷിന് തിരിച്ചടിയായിരിക്കുകയാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടതിനൊപ്പം പല പ്രൊജക്ടുകളില്‍ നിന്നും ലോകേഷിനെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രജിനി- കമല്‍ പ്രൊജക്ട്, ആമിര്‍ ഖാനുമൊത്തുള്ള ബോളിവുഡ് ചിത്രം എന്നിവ ഡ്രോപ്പായിരിക്കുകയാണ്.
ഇതിന് പിന്നാലെ പ്രതിഫലത്തെ ചൊല്ലി കൈതി 2വിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സും ലോകേഷും തമ്മില്‍ തര്‍ക്കമായെന്നും അതിനാലാണ് ഷൂട്ട് ആരംഭിക്കാത്തതെന്നും ചില പേജുകള്‍ ഇതിനിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂലിയില്‍ 50 കോടി പ്രതിഫലം വാങ്ങിയ ലോകേഷ് കൈതി 2വിനായി 70 കോടി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
2109ല്‍ പുറത്തിറങ്ങിയ കൈതിക്ക് ആറ് വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സ്‌ക്രിപ്റ്റില്‍ വരുത്തേണ്ടി വരുമെന്ന് ഉറപ്പാണ്. ദില്ലി, വിക്രം, റോളക്‌സ് തുടങ്ങി എല്‍.സി.യുവിലെ പലരും ഈ ചിത്രത്തില്‍ അണിനിരക്കുമെന്ന് ലോകേഷ് അറിയിച്ചിരുന്നു. പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് എത്രയും വേഗം ചിത്രം ആരംഭിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
Content Highlight: Baby Monica’s new photo viral in social media