ഹെബ്രോണ്‍: വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. കുട്ടിയും മാതാപിതാക്കളും യാത്ര ചെയ്തിരുന്ന വാഹനത്തിന് നേര്‍ക്ക് ഇസ്രഈലി സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്റെ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഏഴ് മാസം പ്രായമുള്ള സാം ഫഹ്ദ് അബു ഹൈക്കല്‍ ആണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മുഖത്താണ് ഇസ്രഈല്‍ സൈന്യം വെടിവച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ആക്രമണത്തില്‍ കുഞ്ഞിന്റെ മാതാവിനും വെടിയേറ്റിട്ടുണ്ട്. വെടിയുണ്ട കുഞ്ഞിന്റെ മുഖം തുളച്ച് പോയതായി കുഞ്ഞിന്റെ പിതാവും ബെത്‌ലഹേം യൂണിവേഴ്‌സിറ്റി ലെക്ചററുമായ ഫഹദ് അബു ഹൈക്കലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘വെടിയുണ്ട കുഞ്ഞിന്റെ മുഖത്തിന്റെ വലത് വശത്തുകൂടെ തുളച്ചുകയറി ഇടത് വശത്തുകൂടെ പുറത്ത് വന്നു. തുടര്‍ന്ന് ആ വെടിയുണ്ട കുട്ടിയുടെ അമ്മയുടെ മേല്‍ തുളച്ചുകയറി,’ ഫഹദ് അബു ഹൈക്കല്‍ പറഞ്ഞു.
‘അവനായിരുന്നു ഞങ്ങളുടെ ലോകം,’ എന്നും അദ്ദഹം പറഞ്ഞു. ഫഹദ് അബു ഹൈക്കലിന്റെ കൈക്ക് വെടിയേറ്റിട്ടുണ്ട്. വെടിയേറ്റ തന്റെ ഭാര്യ ഗുരുതര നിലയില്‍ ആശുപത്രിയിലാണെന്നും അദ്ദേഹം അറിയിച്ചു.
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് ജെറുസലേമിലെ ബ്രിട്ടിഷ് കോണ്‍സുലേറ്റ് അഭിപ്രായപ്പെട്ടു.
‘സാം ഫഹദ് അബു ഹൈക്കലിന്റെ മരണം നടുക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണ്. സിവിലിയന്‍മാരുടെ ജീവന്‍ സംരക്ഷിക്കപ്പെടേണ്ടത്ണ്. സംഭവത്തില്‍ പെട്ടെന്ന് തന്നെ സുതാര്യമായ അന്വേഷണം ആരംഭിക്കാന്‍ ആവശ്യപ്പെടുന്നു,’ കോണ്‍സുലേറ്റ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
2023ല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം വെസ്റ്റ്ബാങ്കിലും ഈസ്റ്റ് ജെറുസലേമിലുമായി ഇതുവരെ 1000ലധികം ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം യു.എന്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടവരില്‍ 240 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.
അതേസമയം, ഗസയില്‍ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഇന്ന് രണ്ട് സ്ത്രീകളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അധികരിച്ച് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 15 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഗസ സിറ്റിയില്‍ ഒരു ടെന്‌റിന് നേര്‍ക്ക് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഏഴ് പേര്‍ മരിച്ചതും. മേഖലയില്‍ യു.എസ് ഇടപെടലിലൂടെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള ആക്രമണങ്ങളില്‍ മാത്രം 950 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ കണക്കുകള്‍.
2023ല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഗസയില്‍ 73,000 പേര്‍ കൊല്ലപ്പട്ടതായാണ് ഗസ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍.
Content Highlight: Baby killed in firing of Israeli troops at West Bank