തിയേറ്ററിലെ വിജയം ഒ.ടി.ടിയിലും ആവര്‍ത്തിക്കുന്ന ചുരുക്കം സിനിമകളേ ഉണ്ടാവുകയുള്ളൂ. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് മോഹിനിയാട്ടം. ഡാര്‍ക്ക് കോമഡി ഴോണറില്‍ മോളിവുഡിലെ ബെഞ്ച്മാര്‍ക്കായി മാറിയ മോഹിനിയാട്ടത്തിലെ പല രംഗങ്ങളും ഇതിനോടകം വൈറലായിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും മോഹിനിയാട്ടത്തെ വിശേഷിപ്പിക്കുന്നത്.
ഭരതനാട്യത്തിന്റെ സീക്വലായി എത്തിയ മോഹിനിയാട്ടത്തില്‍ ആദ്യഭാഗത്തിലെ പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ ചില കഥാപാത്രങ്ങളും ഇത്തവണ രംഗപ്രവേശം ചെയ്തിട്ടുണ്ട്. അത്തരത്തിലൊന്നാണ് ബേബി ജീന്‍ അവതരിപ്പിച്ച സുഭാഷ്. ഓരോ നോട്ടത്തിലും ഡയലോഗിലും വരെ ചിരിപ്പിക്കാന്‍ ബേബി ജീനിന് സാധിച്ചിട്ടുണ്ട്.
ബേബി ജീന്‍ Photo: Netflix
സുഭാഷിനെക്കുറിച്ച് പല തരത്തിലുള്ള എഴുത്തുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ കോമഡി കഥാപാത്രമായാണ് സുഭാഷിനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോയ സുഭാഷിന്റെ മറ്റൊരു വേര്‍ഷനെക്കുറിച്ചാണ് പല പോസ്റ്റുകളിലും കുറിച്ചിട്ടിരിക്കുന്നത്. ഒറ്റക്ക് ജീവിച്ച്, ആരും കൂടെയില്ലാതായിരിക്കുന്ന പാവം യുവാവാണ് സുഭാഷെന്ന് ചില പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.
പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോള്‍ എല്ലാം വളരെ വൃത്തിയോടെ അടുക്കി വെച്ചിരിക്കുന്നത് കാണാനാകും. ‘ഒറ്റക്കാണോ വീട്ടില്‍’ എന്ന് ചോദിക്കുമ്പോള്‍ ‘അതേ സാറെ, ഒറ്റക്കാ… പിന്നെ ഇതൊക്കെ ഒ.സി.ഡിയുള്ളതുകൊണ്ട് വൃത്തിയാക്കി വെച്ചതാ’ എന്നാണ് സുഭാഷിന്റെ മറുപടി. ശശിധരന്റെ വീട്ടിലേക്ക് എത്തിയ ശേഷം എല്ലാവരോടും സംസാരിക്കുന്നതിനിടയിലും സുഭാഷ് എന്ന കഥാപാത്രത്തിന്റെ വേദന പറയാതെ പറയുന്നുണ്ട്.
ബേബി ജീന്‍ Photo: Netflix
ഗോവിന്ദരാജയുടെ ഡെഡ്‌ബോഡി കളയാന്‍ ശശിധരനും അജയ് ഘോഷും കൂടി പോകുന്ന സമയത്ത് വഴിയില്‍ സുഭാഷ് അവരെ കാണുന്നുണ്ട്. ചാക്കിലുള്ളത് വേസ്റ്റാണെന്ന് പറയുമ്പോള്‍ ‘എന്നാല്‍ അത് ഇവിടെ കളഞ്ഞിട്ട് വെറതെ പ്രകൃതി ചീത്തയാക്കണ്ട’ എന്ന് പറയുകയാണ്. സുഭാഷിലെ പ്രകൃതിസ്‌നേഹിയെയാണ് ഈ സീനില്‍ കാണാന്‍ സാധിക്കുക.
‘ഇവനെ വിശ്വസിക്കാമോ’ എന്ന് ഗോപന്‍ ചോദിക്കുമ്പോള്‍ ‘ധൈര്യമായി കൂടെക്കൂട്ടാം. കൂടെ നില്‍ക്കുന്നവരെ കണ്ണുമടച്ച് വിശ്വസിച്ചതുകൊണ്ടാ ഈ ഗതിയിലെത്തിയത്’ എന്നാണ് സുഭാഷിന്റെ ഡയലോഗ്. സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജയെ വിശ്വസിച്ച് കൂടെ നിന്ന സുഭാഷ് പിന്നീട് അയാള്‍ തന്നെ ചതിക്കുകയാണെന്ന് അറിയുന്നുണ്ട്. തന്നെ ചതിച്ച മാമനെ തട്ടിയവരെ സഹായിക്കാനാണ് പിന്നീട് സുഭാഷ് നോക്കുന്നത്.
ബേബി ജീന്‍ Photo: Netflix
ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചയാളായിട്ടല്ല, പകരം അതെല്ലാം ഉള്ളിലൊതുക്കി കൂളായിട്ട് എല്ലാവരോടും പെരുമാറുന്ന സുഭാഷിനെയാണ് സിനിമയിലുടനീളം കാണാനാകുന്നത്. ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച തിരക്കഥയും കഥാപാത്രസൃഷ്ടികളുമെല്ലാം നിറഞ്ഞ ചിത്രമായി മോഹിനിയാട്ടത്തെ കണ്ണുംപൂട്ടി വിശേഷിപ്പിക്കാം. ചിത്രത്തിലെ മറ്റ് രംഗങ്ങളും ഇനിയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: Baby Jean’s character analysis in Mohiniyattam movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ