| Saturday, 14th February 2026, 8:08 am

സര്‍വ്വം മായയെക്കാള്‍ കോമഡി, 10 വര്‍ഷം മുമ്പ് ഇറങ്ങിയിരുന്നെങ്കില്‍ ഹിറ്റായേനെ, ഒ.ടി.ടി റിലീസിന് പിന്നാലെ ബേബി ഗേളിന് വിമര്‍ശനം

അമര്‍നാഥ് എം.

സര്‍വ്വം മായയിലൂടെ തിരിച്ചുവരവ് നടത്തിയ നിവിന്‍ പോളിക്ക് ബോക്‌സ് ഓഫീസില്‍ വീണ്ടും അടിതെറ്റിയ ചിത്രമായിരുന്നു ബേബി ഗേള്‍. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പത്ത് കോടി പോലും നേടാനാകാതെയാണ് കളംവിട്ടത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു.

ബേബി ഗേള്‍ Photo: Screen grab/ Magic Frames

ആദ്യ സീന്‍ കാണുമ്പോള്‍ തന്നെ ക്ലൈമാക്‌സ് പ്രെഡിക്ട് ചെയ്യാന്‍ കഴിയുന്ന സ്‌ക്രിപ്റ്റാണ് ബേബി ഗേളിന്റേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പത്ത് വര്‍ഷം മുമ്പ് റിലീസ് ചെയ്തിരുന്നെങ്കില്‍ ചിത്രം ഹിറ്റായേനെയെന്നും അത്രമാത്രം ഔട്ട്‌ഡേറ്റഡായ കഥയാണ് ചിത്രത്തിന്റേതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു.

മുംബൈ പൊലീസ്, ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ഹിറ്റ് സിനിമകളൊരുക്കിയ ബോബി- സഞ്ജയ് കോമ്പോയാണ് ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഒരുക്കിയതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പണ്ടെങ്ങോ എഴുതിവെച്ച സ്‌ക്രിപ്റ്റ് പെട്ടെന്ന് പൊടിതട്ടിയെടുത്ത് സിനിമയാക്കിയതുപോലെയുണ്ടെന്നും പോസ്റ്റുകളുണ്ട്.

ബേബി ഗേള്‍ Photo: Screen grab/ Sony LIV

വളരെ സീരിയസായിട്ടുള്ള കഥയാണെങ്കിലും പല സീനുകളും കോമഡിയായി തോന്നുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അഭിമന്യു ഷമ്മി തിലകന്‍ അവതരിപ്പിച്ച രാകേഷ് എന്ന പൊലീസ് കഥാപാത്രമാണ് ചിത്രത്തിലെ ഏറ്റവും വലിയ കോമഡിയെന്നും ചില പോസ്റ്റുകളുണ്ട്. കേരള പൊലീസിനെ അപമാനിക്കാനാണോ ഇത്തരം കഥാപാത്രങ്ങളെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

നിവിന്റെ മുന്‍ ചിത്രമായ സര്‍വ്വം മായയിലെക്കാള്‍ കോമഡി ബേബി ഗേളിലുണ്ടെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. നല്ല രീതിയില്‍ ഒരുക്കാമായിരുന്നിട്ടും അലസമായ മേക്കിങ്ങാണ് ചിത്രത്തിന്റേതെന്നും പോസ്റ്റുകളുണ്ട്. സംഗീത് പ്രതാപ് അവതരിപ്പിച്ച റിഷി എന്ന കഥാപാത്രത്തിനെതിരെയും ട്രോളുകളുണ്ട്. ലിജോ മോളിന്റെ പ്രകടനം മാത്രമാണ് ചിത്രത്തിന്റെ ഒരേയൊരു പോസിറ്റീവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ബേബി ഗേള്‍ Photo: Theatrical poster

ബേബി ഗേള്‍ എന്ന് ടൈറ്റിലിട്ട ചിത്രത്തിലെ പ്രധാന സസ്‌പെന്‍സും റിലീസ് സമയത്ത് ചര്‍ച്ചയായിരുന്നു. ലിജോമോളിന്റെ കുട്ടി ആണാണോ പെണ്ണാണോ എന്ന സസ്‌പെന്‍സ് അവസാനം വരെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുപോയതിനെ പലരും ട്രോളിയിരുന്നു.

ബോക്‌സ് ഓഫീസില്‍ നിന്ന് വെറും ഏഴ് കോടി മാത്രമാണ് ചിത്രം നേടിയത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. നിവിന്‍ പോളി- ലിസ്റ്റിന്‍ കോമ്പോയിലെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണിത്. സര്‍വ്വം മായയുടെ വിജയം മുതലെടുത്ത് ബോക്‌സ് ഓഫീസില്‍ സേഫാകാമെന്ന അണിയറപ്രവര്‍ത്തകരുടെ ശ്രമം പാളുകയായിരുന്നു.

Content Highlight: Baby Girl movie getting criticisms after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more