മലയാളികള്‍ ഏറെ ആഗ്രഹിച്ച തിരിച്ചുവരവിനായിരുന്നു അടുത്തിടെ മോളിവുഡ് സാക്ഷ്യം വഹിച്ചത്. നിവിന്‍ പോളി നായകനായ സര്‍വം മായ വന്‍ വിജയമായതിനൊപ്പം ബോക്‌സ് ഓഫീസില്‍ 140 കോടിയിലേറെ നേടിയിരുന്നു. ക്രിസ്മസ് റിലീസായെത്തിയ സര്‍വം മായ നിവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി.
എന്നാല്‍ സര്‍വം മായയുടെ വന്‍ വിജയത്തിന് ശേഷം നിവിന്റെ പുതിയ ചിത്രം ബേബി ഗേള്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. വലിയ പ്രൊമോഷനോ ഹൈപ്പോ ഇല്ലാതെ പുറത്തിറങ്ങിയ ബേബി ഗേള്‍ കളക്ഷന്റെ കാര്യത്തിലും വളരെ പിന്നോട്ടാണ്.
ബേബി ഗേള്‍ Photo: Theatrical Poster
1.2 കോടിയാണ് ചിത്രത്തിന് ആഗോളതലത്തില്‍ ആദ്യദിനം നേടാനായത്. ഈയടുത്ത് ഒരു സൂപ്പര്‍താര ചിത്രത്തിന്റെ ഏറ്റവും മോശം ഫസ്റ്റ് ഡേ കളക്ഷനാണിത്. 100 കോടിയിലേറെ നേടിയ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ സിനിമക്ക് ഇത്രയും മോശം ഓപ്പണിങ് ലഭിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സര്‍വം മായയുടെ ഹൈപ്പ് ഉപയോഗിച്ച് ബോക്‌സ് ഓഫീസില്‍ വിജയിക്കാമെന്ന അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍ വര്‍ക്കായില്ലെന്നാണ് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിവിന്‍ തന്റെ സേഫ് സോണിന് പുറത്ത് പരീക്ഷിച്ച കഥാപാത്രമാണ് ബേബി ഗേളിലെ സനല്‍ മാത്യുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒട്ടും പിടിച്ചിരുത്താത്ത സ്‌ക്രിപ്റ്റാണ് ബേബി ഗേളിന് തിരിച്ചടിയായതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ബോക്‌സ് ഓഫീസില്‍ വരുംദിവസങ്ങളില്‍ ചിത്രം തിരിച്ചുകയറാന്‍ സാധ്യതയില്ലെന്നും ട്രാക്കര്‍മാര്‍ വിലയിരുത്തുന്നു.
ബേബി ഗേള്‍ Photo: Theatrical Poster
ആദ്യദിനം ഒരുകോടി മാത്രം നേടാനായ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ പ്രീ സെയിലും പരിതാപകരമാണ്. 65 ലക്ഷമാണ് ചിത്രം പ്രീ സെയിലിലൂടെ നേടിയത്. സര്‍വം മായ ഇപ്പോഴും ചിലയിടത്ത് ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുമ്പോഴാണ് ബേബി ഗേള്‍ ബോക്‌സ് ഓഫീസില്‍ കുതിക്കാനാകാതെ പിന്നോട്ടുപോകുന്നത്.
തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ ഒരുദിവസം നടക്കുന്ന കഥയാണ് ബേബി ഗേളിന്റേത്. നിവിന്‍ പോളിക്ക് പുറമെ ലിജോമോള്‍ ജോസ്, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് താരങ്ങള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ബേബി ഗേള്‍ നിര്‍മിച്ചത്. നിവിന്‍ പോളി- ലിസ്റ്റിന്‍ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രവും ഇതോടെ ബോക്‌സ് ഓഫീസില്‍ പരാജയമായിരിക്കുകയാണ്.
Content Highlight: Baby Girl collected one crore from Box Office on first day