വില്ലന്‍ വേഷങ്ങളില്‍ മാത്രം പത്തുവര്‍ഷത്തിന് മുകളില്‍ തളച്ചിടപ്പെട്ട താരമായിരുന്നു ബാബുരാജ്. കരിയറിന്റെ തുടക്കകാലത്ത് വെറുതെ വന്ന് തല്ലുകൊള്ളുന്ന റോളുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചു. കുക്ക് ബാബുവില്‍ അതുവരെ കാണാത്ത ബാബുരാജിനെയാണ് കാണാന്‍ സാധിച്ചത്.
പിന്നീട് ക്യാരക്ടര്‍ റോളുകളിലും കോമഡി റോളുകളിലും ബാബുരാജ് തിളങ്ങി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ അതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. കരിയറിന്റെ തുടക്കത്തില്‍ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബാബുരാജ്. എല്ലാ സിനിമയിലും ഗുണ്ടയുടെ വേഷമായിരുന്നു ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.
ബാബുരാജ് Photo: Screen grab/ Club FM
തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിരുന്ന സമയമായിരുന്നു അതെന്നും എല്ലാ സിനിമയിലും ഒരേ തരത്തിലുള്ള കഥാപാത്രമായിരുന്നെന്നും ബാബുരാജ് പറഞ്ഞു. പല സിനിമകളിലും പാലത്തിന് മുകളില്‍ നിന്ന് ചാടേണ്ട സീനുണ്ടായിരുന്നെന്നും എറണാകുളത്ത് താന്‍ ചാടാത്ത പാലങ്ങള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലാ പടത്തിലും ഓടിനടന്ന് ഇടിവാങ്ങുന്ന സമയമായിരുന്നു അത്. ക്യാരക്ടര്‍ ഏതായാലും ഇടിവാങ്ങുന്നത് മസ്റ്റാ. ഗുണ്ടയായാലും പൊലീസായാലും ഇടികിട്ടും. പ്രജ എന്ന് പറയുന്ന പടത്തില്‍ എന്റെ കഥാപാത്രം ഡി.ഐ.ജിയാണ്. എന്നിട്ടും ആ സിനിമയില്‍ ഇടിവാങ്ങുന്നുണ്ട്. കിട്ടിയ ഇടിക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. അമ്മാതിരി ഇടി.
പ്രജ Photo: Screen grab/ Movie Reels
ഞാനും ഭീമന്‍ രഘു ചേട്ടനും അന്ന് ഒരേ സമയത്ത് പല സിനിമകളുടെ ഭാഗമായിരുന്നു. കൊച്ചിയില്‍ ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടിലായിരുന്നു ഞങ്ങള്‍ക്ക് മുറി കിട്ടുന്നത്. അത് വെക്കേറ്റ് ചെയ്യേണ്ട സ്ഥിതി വന്നിട്ടില്ല. ഒരു പടം കഴിഞ്ഞ ഉടനെ അടുത്തത്, അതിന് ശേഷം അടുത്തത്. ഒടുക്കം ആ ഹോട്ടലുകാര്‍ ആ റൂം ഞങ്ങള്‍ക്ക് സ്ഥിരമായി തന്നാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്,’ ബാബുരാജ് പറഞ്ഞു.
എന്നാല്‍ ഇന്ന് പഴയ സ്ഥിതിയല്ലെന്നും അന്നത്തേത് പോലെ ഗുണ്ടാ കഥാപാത്രങ്ങളെ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും താരം പറയുന്നു. സിനിമയില്‍ ആക്ഷന് പ്രാധാന്യമില്ലാത്ത അവസ്ഥയാണെന്നും എല്ലാം റിയലിസ്റ്റിക്കായെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വന്ന വലിയൊരു മാറ്റങ്ങളിലൊന്നാണ് ഇതെന്നും താരം പറയുന്നു.
Content Highlight: Baburaj about the character he did in old times
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ