| Tuesday, 22nd May 2012, 12:58 am

വി.എസ്സിനെ കുലംകുത്തിയെന്ന് പരോക്ഷമായി ആക്ഷേപിച്ച് ബാബു എം പാലിശ്ശേരിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിനുള്ളില്‍ വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കേ കുന്ദംകുളം എം.എല്‍.എ ബാബു എം പാലിശ്ശേരി വി.എസ്.അച്യുതാനന്ദനെ കുലംകുത്തിയെന്ന് വീണ്ടും വിളിച്ചാക്ഷേപിച്ചു. തന്റെ ഫേസ് ബുക്ക് പ്രൊഫൈലിലെ പുതിയ പോസ്റ്റിലൂടെയായിരുന്നു പാലിശ്ശേരിയുടെ “കുലംകുത്തി” പ്രയോഗം ആവര്‍ത്തിച്ചത്. ശക്തമായ പ്രതികരണങ്ങളെ തുടര്‍ന്ന് പാലിശ്ശേരി പോസ്റ്റ് പിന്‍വലിച്ചു.

“കുലംകുത്തി എന്നാല്‍ സ്വന്തം കുലത്തെ പുറകില്‍ നിന്നും  കുത്തുന്നവന്‍ എന്നര്‍ത്ഥം. സി.പി.ഐ.എമ്മിന്റെ യഥാര്‍ത്ഥ കുലംകുത്തി സംസാരിച്ചു തുടങ്ങി. പക്ഷേ പഴയപോലെയല്ല. ജനങ്ങള്‍ക്കെല്ലാം മനസ്സിലാവുന്നുണ്ട്. നിര്‍ണ്ണായകമായ പ്രതിസന്ധിഘട്ടത്തില്‍.. ഓ.. ഈ ചതി.. ഓ.. യൂ ടൂ ബ്രൂട്ടസ്സ്” ഇതായിരുന്നു പോസ്റ്റിലെ വരികള്‍.

നിലവില്‍ കുന്ദംകുളം എം.എല്‍.എ ആണ് ബാബു എം പാലിശ്ശേരി. ഏറെ വിവാദങ്ങല്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. 2006 ഒകിടോബര്‍ 27ന് കുന്ദംകുളം നിയോജകമണ്ഡലത്തിലെ അനില്‍ പുറനാട്ടുകര എന്നയാള്‍ ഹൈക്കോടതിയില്‍ പാലിശ്ശേരിക്കെതിരെ പരാതി കൊടുത്തിരുന്നു. ബാബു എം പാലിശ്ശേരിയുടെ യഥാര്‍ത്ഥ പേര് ശങ്കരനാരായണനെന്നാണെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍ എ.ബി.വി.പി പ്രവര്‍ത്തകനായ ഇയാള്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ കൊന്ന കേസ്സില്‍ പ്രതിയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ പിന്നീട് ബാബു എം. പാലിശ്ശേരിയെന്ന് പേരുമാറ്റുകയായിരുന്നെന്നും അനില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

We use cookies to give you the best possible experience. Learn more