| Friday, 1st April 2016, 5:16 pm

ബാബു എന്റെ അനിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്


എന്റെ സുഹൃത്ത് ബാബു ഭരദ്വാജ് ഒരിക്കലും ഒന്നിലും തോറ്റവനല്ല. ഒരുപക്ഷേ സാധാരണ വിവക്ഷയില്‍ ജീവിതത്തില്‍ പരാജയപ്പെട്ടവനെന്ന് ആര്‍ക്കെങ്കിലും തോന്നാം, നിരൂപിക്കാം. എന്നാല്‍ എന്റെ നിഗമനമാണ് ആദ്യമേ വെളിപ്പെടുത്തിയത്. അതാണ് ശരിയും.

ഞാന്‍ ഒരു പത്രപ്രവര്‍ത്തകന്‍ ആയതിനുശേഷമാണ് ബാബുവിനെ പരിചയപ്പെടുന്നത്. അപ്പോഴേക്കും ബാബുവും ഒരു പത്രപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു. പല ദശാസന്ധികള്‍ക്കു ശേഷമാണ് ബാബു പത്രപ്രവര്‍ത്തകനാകുന്നത്. മിടുക്കനായ വിദ്യാര്‍ത്ഥി നേതാവ്, എഞ്ചിനീയര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, വിജയശ്രീ ലാളിതനായ പ്രണയി. കാമുകന്‍, ഭര്‍ത്താവ് എന്ന നിലയില്‍ ബാബു ഒരു സമരയോദ്ധാവ് തന്നെയായിരുന്നു.

നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ബാബുവിനെ വിജയത്തിന്റെ കരയിലെത്തിക്കുക തന്നെ ചെയ്തു. എന്നാല്‍ കൊടുങ്കാറ്റുകളേയും തിരമാലകളേയും നേരിട്ടുകൊണ്ടാണ് വിജയതീരത്തിലെത്തിയതെന്ന് ബാബുവിന്റെ പില്‍ക്കാല ജീവിതം അടയാളപ്പെടുത്തി.

വിശേഷാല്‍ പ്രതിയുടെ കാലം വരുമ്പോള്‍ ഒരു പത്രാധിപകന്‍ എന്ന നിലയ്ക്ക് ബാബുവിന് കത്തെഴുതുക എന്റെ പതിവുതെറ്റാത്ത ശീലമായിരുന്നു. കഥയായാലും നോവലെറ്റാലും അവന്‍ എനിക്ക് മറുപടി തരികയും എന്നെ പലപ്പോഴും വിസ്മയിപ്പിക്കുകയും ചെയ്തു.

എന്റെ സുഹൃത്ത് ബാബു എഴുത്തിന്റെ നൈരന്തര്യത്തിലൂടെ ജീവിതത്തെ സഹനീയമാക്കുകയായിരുന്നു. രോഗാതുരതയെ വെല്ലുവിളിച്ചുകൊണ്ടാണ് ബാബു പേന ചലിപ്പിച്ചുകൊണ്ടിരുന്നത്.

ഇടയ്ക്ക് കാണുമ്പോള്‍ ഞാന്‍ തമാശ പറയാറുണ്ടായിരുന്നു, എടാ നീ രണ്ടുകൈകൊണ്ടുമാണല്ലോ എഴുതിക്കൊണ്ടിരിക്കുന്നത്. സൗമ്യമായ ഒരു ചിരിയായിരുന്നു ഓരോരിക്കലും ബാബുവിന്റെ മറുപടി.

ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഈ അവസാനകാലത്തും ബാബു ഖണ്ഡശ: എഴുതിക്കൊണ്ടിരുന്നു. ബാബുവിന്റെ പ്രതിഭയുടെ മിന്നലാട്ടം തന്നെയാണ് ആഴ്ചതോറും വായിക്കാന്‍ കഴിഞ്ഞ ആ കൊച്ചു ഖണ്ഡങ്ങള്‍. അത് സാഹിത്യത്തിന്റെ ഏത് വകുപ്പില്‍പ്പെടുത്തുമെന്ന് എനിക്കറിയില്ല. എന്നാല്‍ കൃതഹസ്തനായ ഒരു സാഹിത്യകാരന്റെ കയ്യൊപ്പ് ഞാന്‍ ആ കൃതികളില്‍ കാണുന്നു.

സിനിമാ പ്രൊഡ്യൂസര്‍, നോവലിസ്റ്റ്, കഥാകൃത്ത്..ബാബുവിന്റെ പേരിന്റെ കൂടെച്ചേര്‍ക്കാന്‍ നിരവധിയായ വര്‍ണ്ണത്തൂവലുകളുണ്ട്. എന്നാല്‍ എനിക്ക് ബാബു ഇതൊന്നുമല്ലല്ലോ. അവന്‍ എനിക്ക് അനിയന്‍, സുഹൃത്ത്, ഒരേ വിശ്വാസപ്രമാണക്കാര്‍..ഒരേ പ്രത്യയശാസ്ത്ര വിശ്വാസികള്‍..അതിലുമപ്പുറം മറ്റെന്തല്ലാമോ.. എനിക്ക് പറയാനാവില്ല. ബാബു ഇനി ഇല്ല. കണ്ണീര്‍ പ്രണാമം.

We use cookies to give you the best possible experience. Learn more