ശയ്യാവലംബിയായ ബാബു ഭരദ്വാജിനെ ഞാന്‍ കണ്ടിരുന്നില്ല. സദാ പ്രസാദവാനായി മാത്രം സ്നേഹിതന്മാര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഒരാളെ അവശനിലയില്‍ കാണുക പ്രയാസമായതിനാല്‍ മന:പ്പൂര്‍വ്വം മാറ്റിവെച്ചതായിരുന്നു ആ കൂടിക്കാഴ്ച. പ്രതിസന്ധികളൊഴിയാത്ത ജീവിതത്തിലുടനീളം ആവലാതികളില്ലാതെ പിന്തുണച്ച, പങ്കാളിയും സഹയാത്രികയുമായ പ്രഭയുടെ കാഴ്ച മങ്ങിത്തുടങ്ങിയതോടെയാണ്, പലവിധരോഗപീഡകള്‍ക്കിടയിലും എഴുത്തിലും സംവാദങ്ങളിലും സജീവമായിരുന്ന ബാബു തീര്‍ത്തും പരാങ്മുഖനായത്.
ഒടുവില്‍കണ്ടപ്പോള്‍ എഴുത്തില്‍നിന്ന് പിന്തിരിയാതിരിക്കുവാന്‍ താന്‍ പ്രയാസപ്പെടുകയാണെന്ന് പറഞ്ഞ ബാബു അനുഭവിക്കുന്ന നിസ്സഹായതയുടെ ആഴം എനിക്ക് ബോധ്യപ്പെട്ടിരുന്നു. കോഴിക്കോട് ബീച്ചില്‍ അരങ്ങേറിയ ആദ്യത്തെ കേരള ലിറ്റ്‌ഫെസ്റ്റില്‍വെച്ചായിരുന്നു അത്. ആ കൂടിക്കാഴ്ചക്കുശേഷം അധികകാലം കഴിയുംമുമ്പേ ബാബു വിടപറയാതെ യാത്രയായി.
അവസാനകാലത്ത് ഡൂള്‍ ന്യൂസിന്റെ എഡിറ്റോറിയല്‍ മേധാവിയെന്ന നിലയില്‍ തൃപ്തികരമായി ജോലിചെയ്യാനാവുന്നില്ലെന്ന സങ്കടമാണ് എന്നോട് പങ്കുവെച്ചത്. രോഗശയ്യയിലും എഴുതുവാന്‍ മനസില്‍ രൂപപ്പെടുത്തിയ കഥകളെക്കുറിച്ചായിരുന്നു ബാബുവിന്റെ ആലോചനകള്‍. മരണാനന്തരം പ്രത്യക്ഷപ്പെട്ട അന്ത്യരചനയിലും ബാബുവിന്റെ പ്രസാദാത്മകമായ ജീവിതദര്‍ശനമാണ് പ്രതിഫലിക്കുന്നത്.
തൊണ്ണൂറുകളില്‍, ജീവിതത്തിലെ ക്ലേശകരമായൊരു കാലഘട്ടത്തെ കവിതകളിലൂടെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ബാബു വളരെവേഗം നല്ല വായനക്കാര്‍ ഇഷ്ടപ്പെടുന്ന ഒരെഴുത്തുകാരനാവുന്നത് കൗതുകത്തോടെയാണ് ഞങ്ങള്‍ സ്നേഹിതന്മാര്‍ കണ്ടുനിന്നത്. എഴുത്തുകാരുടെ താവളമായിരുന്ന എറണാകുളത്തെ ബോസ്ബിഗ് എന്ന പഴയ സത്രത്തിലെ കെ.എന്‍, ഷാജിയുടെ വാടകമുറിയിലിരിക്കുമ്പോഴാണ് കവിതകളടങ്ങിയ തന്റെ നോട്ട്ബുക് ബാബു പുറത്തെടുക്കുന്നത്.
അന്ന് ഞങ്ങള്‍ കരുതിയത് കവിയായിട്ടായിരിക്കും ബാബുവിനെ മലയാളികള്‍ ഭാവിയില്‍ പരിഗണിക്കുകയെന്നാണ്. കാരണം, ആ കവിതകള്‍ക്ക് സാധാരണയില്‍ക്കവിഞ്ഞ ഭാവതീവ്രതയും മൗലികതയുമുണ്ടായിരുന്നു. എന്നാല്‍, കഥകളും നോവലുകളും പ്രവാസകാലസ്മരണകളും എഴുതിക്കൊണ്ടാണ് ബാബു വളരെവേഗം മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായത്.
സഖാവ് കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള ഒരു ജീവചരിത്രസിനിമയുടെ തിരക്കഥയെഴുതുവാനായി ബാബുവും ചിന്ത രവീന്ദ്രന്‍ എന്നറിയപ്പെടുന്ന രവിയേട്ടനുമൊത്ത് തിരുനെല്ലിയിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ ഞങ്ങള്‍ കുറച്ചുദിവസം താമസിച്ചിരുന്നു. എ.കെ.ജി സെന്ററില്‍നിന്ന് ഒരു കെട്ട് റെഫറന്‍സ് ഗ്രന്ഥങ്ങളും ചുമന്നുകൊണ്ടാണ് ബാബു വന്നത്.
പകല്‍ മുഴുവന്‍ പുസ്തകവായനയും ചര്‍ച്ചയും എഴുത്തുമായി വനമദ്ധ്യത്തിലെ ആ പ്രവാസിമന്ദിരത്തില്‍ ചെവലിട്ട ദിനരാത്രങ്ങളില്‍ സഖാവ് കൃഷ്ണപ്പിള്ളയെന്ന അസാധാരണ വ്യക്തിത്വത്തിന്റെ ആകര്‍ഷണവലയത്തിലായിരുന്നു ഞങ്ങള്‍ മൂവരും.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെ പ്രസാധകനായിരുന്ന ചന്ദ്രേട്ടന്റെ ഒരാശയമായിരുന്നു സഖാവിനെക്കുറിച്ചുള്ള സിനിമ. ആ സിനിമ പക്ഷെ അതിനായി ഞങ്ങള്‍ എഴുതിയുണ്ടാക്കിയ കുറേ കുറിപ്പുകളിലും കഥാസന്ദര്‍ഭങ്ങളുടെ വിവരണങ്ങളിലും അവസാനിച്ചു.
സിനിമയാക്കാനുദ്ദേശിച്ചിരുന്ന ബാബുവിന്റെ തന്നെ “എങ്ക തൂങ്കിറത്” എന്ന കഥയെ തിരക്കഥയാക്കി മാറ്റാനാണ് പിന്നീട് ഞങ്ങള്‍ മൂന്നുപേരും വയനാട്ടിലെ മറ്റൊരു വിശ്രമമന്ദിരത്തില്‍ വീണ്ടും ഏതാനും ദിവസങ്ങള്‍ ഒരുമിച്ചുതാമസിച്ചത്. സിനിമയെന്ന മാദ്ധ്യമത്തില്‍ പെരുമാറുന്നതിലെ നിഷ്്ഫലതയെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്ന രവിയേട്ടന്‍ ക്രമേണ ആ ചിത്രം സംവിധാനംചെയ്യാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സ്വയം പിന്‍വാങ്ങിയതോടെ ആ സിനിമാപദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.
എഴുപതുകളില്‍ രവീന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത “ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍” എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു ബാബു. കടമ്മനിട്ട കവിതപാടി പ്രത്യക്ഷപ്പെടുന്ന ഏക സിനിമയാണത്. സിനിമയാക്കിയാല്‍ മുടക്കുമുതല്‍ തിരികെക്കിട്ടുകയില്ലെന്നുറപ്പുള്ള ഒരു തിരക്കഥയായതുകൊണ്ടാണ് താന്‍ അതിന്റെ നിര്‍മ്മാതാവായതെന്ന ബാബുവിന്റെ തമാശ ജനപ്രിയസിനിമകളോടുള്ള പരിഹാസമായിരുന്നു.
മലയാളത്തിലെ ആദ്യത്തെ (അവസാനത്തെയും) പ്രബന്ധസിനിമയാണത്. കഥപറച്ചിലിന്റെയും മിത്തുനിര്‍മ്മിതിയുടെയും പ്രത്യയശാസ്ത്രതാല്‍പര്യങ്ങളെ നിരാകരിക്കുന്ന ആദ്യത്തെ രാഷ്ട്രീയ സിനിമയുമാണ് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍. ആ സിനിമയുടെ നിര്‍മ്മാതാവെന്ന നിലയിലാണ് ബാബു ഭരദ്വാജിന്റെ സാന്നിദ്ധ്യം മലയാളികള്‍ ആദ്യമറിയുന്നത്.
ഗള്‍ഫില്‍ എഞ്ചിനീയറായിരുന്ന ബാബുവിനെ ആ സിനിമയിലേക്ക് കൊണ്ടുവന്നത് ചിന്ത വാരികയുടെ പ്രസാധകനായ ചന്ദ്രേട്ടനായിരുന്നു. ബാബുവിന്റെ മകള്‍ രേഷ്മയാണ് ആ ചിത്രത്തിലെ പെണ്‍കുട്ടിയായി അഭിനയിച്ചത്.. ഫെമിനിസ്റ്റും അക്കാദമിക് ഗവേഷകയുമായി വളര്‍ന്ന രേഷ്മയ്ക്കും അനുജത്തിക്കും പിതാവായ ബാബു സമാനമനസ്‌കനായ സ്‌നേഹിതന്‍കൂടിയായിരുന്നു. പെണ്‍കുട്ടികള്‍ക്ക്് അവരാഹിക്കുന്ന ജീവിതം തെരഞ്ഞെടുക്കുവാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അത് ജീവിതത്തില്‍ പാലിക്കുകയുംചെയ്ത ബാബു എല്ലാ അര്‍ത്ഥത്തിലും ആധുനികനായൊരു കമ്യൂണിസ്റ്റായിരുന്നു.
ഗള്‍ഫിലെ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയ സിവില്‍ എഞ്ചിനീയറായ ബാബു സര്‍ക്കാരില്‍നിന്ന് ലോണെടുത്തു തുടങ്ങിയ അച്ചുക്കൂടം അടച്ചുപൂട്ടിയതോടെ തൊഴില്‍രഹിതനുമായിക്കഴിഞ്ഞിരുന്നു. വ്യവസായ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മയുടെ പിന്തുണയുണ്ടായിട്ടും ജപ്തിയില്‍നിന്ന് രക്ഷപ്പെടാനായില്ല. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മയെ പാര്‍ട്ടിപ്പത്രം ആക്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്.
ബാബുവിനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു ഗൗരിയമ്മയ്ക്ക്. അവരെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിലും താനും പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കപ്പെടുമോ എന്നായിരുന്നു ബാബുവിന്റെ സംശയം. അന്തരിച്ച പത്രപ്രവര്‍ത്തക സുഹൃത്ത് കെ. ജയചന്ദ്രനാണ് ഗൗരിയമ്മയെ കാണാന്‍ പോകാമെന്ന് ബാബുവിനെ പ്രേരിപ്പിച്ചത്.
അന്നുതന്നെ ആലപ്പുഴയിലെത്തിയ ഞങ്ങള്‍ ഗൗരിയമ്മയുടെ നിരാലംബമായ ജീവിതസാഹചര്യം കണ്ട് സങ്കടപ്പെട്ടു. ബാബുവിന്റെ അവസ്ഥയെക്കുറിച്ചുള്ള ഖേദമാണ് പക്ഷെ, ഗൗരിയമ്മ പ്രകടിപ്പിച്ചത്. സഹായിയായ ബന്ധു അടുത്ത ചായക്കടയില്‍നിന്ന് ഫ്്ളാസ്‌കില്‍ വാങ്ങിക്കൊണ്ടുവന്ന ചായ തന്നാണ് അവര്‍ ഞങ്ങളെ സല്‍ക്കരിച്ചത്.
ഇനി രാഷ്ട്രീയവിവാദങ്ങളെല്ലാം ഉപേക്ഷിച്ച് സത്യസന്ധമായൊരു ആത്മകഥയെഴുതുകയാണ് വേണ്ടതെന്ന്് ബാബു പറഞ്ഞപ്പോള്‍, ആര്‍ക്കാണ് ആ കാലമൊക്കെ അറിയാന്‍ താല്‍പര്യം എന്നായിരുന്നു മറുപടി. അതറിയാമായിരുന്നുവെങ്കില്‍ ബഹിഷ്‌കൃതയായതിനുശേഷവും പാര്‍ട്ടിപ്പത്രം തന്നെപ്പോലൊരാളെ പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കുമോ എന്നും അവര്‍ ചോദിച്ചു. ഞങ്ങള്‍ക്ക് മറുപടിയില്ലായിരുന്നു.
ബാബുവിനെ വല്ലാതെ വേദനിപ്പിച്ച ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ത്യാഗനിര്‍ഭരമായ വലിയൊരു ഭൂതകാലത്തിന്റെ ഉടമയായിട്ടും വെറുമൊരു രാഷ്ട്രീയഭിക്ഷാംദേഹിയെപ്പോലെ പദവികള്‍ക്കു പിന്നാലെ പോകുന്ന ഗൗരിയമ്മയുടെ നിസ്സഹായതയെപ്പറ്റി ഒരു ചരിത്രനോവലാണ് മലയാളത്തില്‍ ഉണ്ടാവേണ്ടതെന്നും അത് നീയാണെഴുതേണ്ടതെന്നും ജയചന്ദ്രന്‍ ഒരിക്കല്‍ ബാബുവിനോട് പറഞ്ഞതും ഞാനോര്‍ക്കുന്നു.
ബാബുവിന്റെ മനസില്‍ വലിയ കാന്‍വാസിലുള്ള ഒരു രാഷ്ട്രീയ നോവലുണ്ടായിരുന്നു. എഴുതപ്പെടാതെ പോയ ആ നോവലിന്റെ ഇതിവൃത്തം കേരളീയരുടെ മുന്നില്‍ പരിഹാസ്യമായി പരിണമിക്കുന്നതിനിടെയാണ് ബാബുവിന്റെ മരണം സംഭവിച്ചത്.
കവിതയില്‍നിന്ന് കഥയിലേക്കും നോവലിലേക്കും മുതിര്‍ന്ന ബാബുവിന്റെ പരന്ന വായന നല്ല വായനക്കാരില്‍പ്പോലും അസൂയയുണ്ടാക്കുന്നതാണ്. ഒരിക്കല്‍ ബാബു എനിക്ക്്് വായിക്കാന്‍തന്ന ലാറ്റിന്‍ അമേരിക്കന്‍ കഥാസമാഹാരത്തിന് കാര്‍ലോസ് ഫുവന്റിസ് എഴുതിയ ആമുഖ പഠനത്തിലെ ബാബുവിന്റെ അടിവരകള്‍ ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്.
നോവലെഴുത്തുകാരന്‍ തനിച്ചൊരു നഗരം നിര്‍മ്മിക്കാന്‍ ചുമതലപ്പെട്ടവനെപ്പോലെയാണെന്ന് ( അഥവാ കല്ലാശാരിയും പെയിന്ററും ഓവുചാലുണ്ടാക്കുന്നവനും മരപ്പണിക്കാരനുമെല്ലാമാവാന്‍ പ്രാപ്തിയുള്ളവനാവണമെന്ന് ) ഫുവന്റിസ് പറയുന്നുണ്ട്. എഞ്ചിനീയറായ ബാബു നോവല്‍രചനയിലൂടെ അതുപോലൊരു നഗരനിര്‍മ്മിതിയാണ് സാധിച്ചത്. രാഷ്ട്രീയബോധത്തോടെ എഴുത്ത് എന്ന സര്‍ഗ്ഗാത്മകപ്രവര്‍ത്തനത്തെ വിനയോഗിച്ച ബാബുവിന്റെ രചനകള്‍ ഭാവിയില്‍ ആ മട്ടില്‍ വിലയിരുത്തപ്പെടുമായിരിക്കാം.
പ്രവാസജീവിതത്തെക്കുറിച്ചെഴുതപ്പെട്ട ഇന്ത്യന്‍ ഭാഷകളിലെതന്നെ ഏറ്റവും ഹൃദയസ്പര്‍ശിയായ രചനയാണ്, പല പതിപ്പുകള്‍ വിറ്റഴിഞ്ഞ പ്രവാസിയുടെ കുറിപ്പുകള്‍. കഥയും നോവലും പോലെ അനുഭവാഖ്യാനങ്ങളും ഉന്നതമായ സാഹിത്യരൂപമാവണമെന്ന ബാബുവിന്റെ നിഷ്‌കര്‍ഷയാണ് കോഴിക്കോട്ടങ്ങാടിയെക്കുറിച്ചെഴുതുന്ന ഒരു സാന്ദര്‍ഭിക ലേഖനത്തെപ്പോലും ഹൃദയസ്പര്‍ശിയാക്കുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാബു എഴുതിയ ആ കോഴിക്കോടന്‍ സ്മൃതി ഒരു കഥാസിനിമയുടെ ഇതിവൃത്തത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ചിന്തയുടെയും ബുദ്ധിപരതയുടെയും ഭാരങ്ങള്‍ പേറുന്ന ഒരു രാഷ്ട്രീയജീവിയായിരുന്നിട്ടുകൂടി തീര്‍ത്തും സ്വാഭാവികവും സ്വച്ഛവുമായൊരു ആഖ്യാനരീതിയിലൂടെ സാധാരണവായനക്കാരെക്കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് എഴുത്തുകാരനായ ബാബുവിന്റെ വിജയരഹസ്യം.
ആര്‍ദ്ര മനസ്‌കനായിരുന്ന ബാബുവിന്റെ സാന്നിദ്ധ്യം ഞങ്ങളുടെ സുഹൃത്സംഗമങ്ങള്‍ക്ക് നല്‍കിയ പ്രസാദാത്മകത വിസ്മരിക്കുകവയ്യ. പവിത്രന്റെയും ചിന്തരവിയുടെയും മരണത്തിനുശേഷം ഞങ്ങള്‍, സ്‌നേഹിതന്മാര്‍ക്കുണ്ടായ വലിയ നഷ്ടമാണ് ബാബുവിന്റെ മരണം.
ചിത്രങ്ങള്‍: അജീബ് കോമാച്ചി