| Thursday, 1st September 2011, 3:08 pm

ഇപ്പോള്‍ ഇത്രമാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എഡിറ്റോറിയല്‍ / ബാബു ഭരദ്വാജ്‌

വിക്കീലീക്‌സിന്റെ പുതിയ വെളിപ്പെടുത്തലുകളോടുള്ള ഞങ്ങളുടെ പ്രതികരണം ഏതാനും വാചകങ്ങളില്‍ ഞങ്ങള്‍ ഒതുക്കുന്നു. “സൂചിമുന”യില്‍ തുന്നല്‍ക്കാരന്‍ ഞങ്ങളുടെ പ്രതികരണങ്ങളെല്ലാം ഭംഗിയായി തുന്നിച്ചേര്‍ത്തിട്ടുണ്ട്.

പിണറായിയെക്കുറിച്ചും ബേബിയെക്കുറിച്ചും ഐസക്കിനെക്കുറിച്ചും ഞങ്ങളിതു വരെ പറഞ്ഞതെല്ലാം നേരായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. വെളിപ്പെടുത്തലുകള്‍ സത്യമാണെന്ന് പിണറായി വിജയന്‍ സാക്ഷിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അമേരിക്കയോട് ശത്രുത ഇല്ലെന്ന് പാര്‍ട്ടിയുടെ പുതിയ ആചാര്യനായ വി. വി. ദക്ഷിണാമൂര്‍ത്തി അടിവരയിടുകയും ചെയ്തിരിക്കുന്നു. ശിവദാസ മേനോനും പാര്‍ട്ടിയുടെ പുതിയ നിലപാടില്‍ അഭിമാന പുളകിതനാകുന്നു. “ആനന്ദലബ്ധിക്കിനിയെന്തു വേണം!”

കുഞ്ഞാലിക്കുട്ടിയുടെ എന്‍.ഡി.എഫ് ബന്ധത്തെക്കുറിച്ച് മുനീര്‍ പറഞ്ഞതായുള്ള വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ ഞങ്ങളെ അശ്ചര്യപ്പെടുത്തുന്നില്ല. കാരണം ഞങ്ങളും പൊതുസമൂഹവും നേരത്തെ തിരിച്ചറിഞ്ഞ കാര്യങ്ങള്‍ തന്നെയാണിതൊക്കെ. വി. എസ് അച്യുതാനന്ദന്‍ നിക്ഷേപത്തിനായി യു. എസ് പ്രതിനിധികളെ സമീപിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതക്കേറ്റ കറയായി കാണാനും ഞങ്ങള്‍ ഒരുക്കമാണ്.

കുഞ്ഞാലിക്കുട്ടിയും മുനീറും രാജി വെയ്ക്കണമെന്നാവിശ്യപ്പെടാന്‍ പിണറായി മടിക്കുന്നില്ല. പ്ലാച്ചിമട വെറും പ്രാദേശിക സമരമാണെന്നും പറഞ്ഞ പിണറായി എന്തുകൊണ്ട് സെക്രട്ടറി സ്ഥാനത്ത് ഇനിയും കടിച്ചു തൂങ്ങുന്നുവെന്ന ചോദ്യം ഞങ്ങള്‍ ഉന്നയിക്കുന്നില്ല. പാര്‍ട്ടിയുടെ നടപടിക്രമങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് കേട്ടു മടുത്തത് കൊണ്ടു മാത്രമല്ല, ഇതില്‍ കൂടുതല്‍ ഒരു പ്രത്യയശാസ്ത്ര പ്രതിബന്ധതയും ഈ നേതാക്കളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കാത്തതു കൊണ്ടാണ്. വിനാശകാലത്തെ അമേരിക്കന്‍ പ്രണയത്തിന്റെ പൂക്കാലത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ ഇത്രമാത്രം.

We use cookies to give you the best possible experience. Learn more