| Friday, 1st April 2016, 3:05 pm

ബാബു ഭരദ്വാജ് ഇനി ഓര്‍മ: ഭൗതിക ശരീരം സംസ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും ഡൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ബാബു ഭരദ്വാജിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംസ്‌കാരം.
മകള്‍ ഗ്രീഷ്മ അമേരിക്കയില്‍ നിന്നും എത്തേണ്ടതിനാലാണ് സംസ്‌കാരം വെള്ളിയാഴ്ചത്തേക്ക് തീരുമാനിച്ചത്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ മൃതദേഹം മലാപ്പറമ്പില്‍ ഇഖ് റ ആശുപത്രിക്കു സമീപമുള്ള അദ്ദേഹത്തിന്റെ “ഭൂമിക” വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു.

പ്രദീപ് കുമാര്‍ എം.എല്‍.എ, എളമരം കരീം, പി.കെ ഗോപി, പി.കെ പാറക്കടവന്‍, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍ എം.എല്‍.എ), പ്രൊഫ:എ.പി അബ്ദുള്‍ വഹാബ്, മുന്‍ മേയര്‍ എം. ഭാസ്‌ക്കരന്‍, ജോയ് മാത്യു,  സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍, ടി.പി ദാസന്‍, കെ.കെ രമ, കെ.എസ് ഹരിഹരന്‍, ഡോ. ആസാദ് ഒ. അബ്ദുറഹ്മാന്‍( മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍), അബ്ദുള്‍ മജീദ്( മീഡിയ വണ്‍സി.ഇ.ഒ) ഷിബു ചക്രവര്‍ത്തി, കമാല്‍ വരദൂര്‍, കെ.സി ഉമേഷ് ബാബു, ടി.വി ബാലന്‍, പോള്‍ കല്ലാനോട്, കബിതാ മുഖോപാധ്യായ,  ടി.വി ബാലന്‍, എന്‍.പി ചെക്കൂട്ടി, ശെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, പി.വി ശ്രീരാമന്‍. ജി ശക്തിധരന്‍, പി.എം സുരേഷ്ബാബു, തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലായിരുന്നു അന്ത്യം.

1948 ജനുവരി 15 ന് തൃശൂര്‍ മതിലകത്ത് ഡോ. എം.ആര്‍. വിജയരാഘവന്റേയും കെ.പി ഭവാനിയുടെയും മകനായാണ് ജനനം. കോഴിക്കോടിനടുത്ത് ചേമഞ്ചേരിയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. മലാപ്പറമ്പിലെ “ഭൂമിക”യിലായിരുന്നു താമസം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങിലായിരുന്നു വിദ്യാഭ്യാസം.

എസ്.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ചിന്ത വീക്കിലി എഡിറ്റര്‍, കൈരളി ടീവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009 മുതല്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഏറെകാലം പ്രവാസി ജീവിതവും നയിച്ചിട്ടുണ്ട്.

രവീന്ദ്രന്‍ സംവിധാനം ചെയ്ത “ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍” എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന സിനിമയിലെ “മുണ്ടകപ്പാടത്തെ നാടന്‍ കുഞ്ഞേ” എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.

“കലാപങ്ങള്‍ക്കൊരു ഗൃഹപാഠം” എന്ന കൃതിക്ക് മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. “പ്രവാസികളുടെ കുറിപ്പുകള്‍”ക്ക് അബുദാബി ശക്തി അവാര്‍ഡ് നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more