| ഫ്രം ദി ചീഫ് എഡിറ്റേഴ്‌സ് നോട്ട് പാഡ്| ബാബു ഭരദ്വാജ്|
എല്ലാ കാലത്തും ഏറ്റവും സത്യസന്ധനും നീതിമാനുമായ എഴുത്തുകാരന്റെ ശമ്പളം സ്വന്തം മാനസപുത്രന്റെ അല്ലെങ്കില്‍ പുത്രിയുടെ മരണവും എഴുത്തുകാരന്റെ തലയറുക്കലുമാണ്. എഴുത്തുകാരന് കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ പ്രതിഫലം അതുതന്നെയാണ്, ഏറ്റവും വലിയ പുരസ്‌കാരവും. ചരിത്രാതീതകാലം മുതലേ പുസ്തകങ്ങളും ഗ്രന്ഥശാലകളും ഭരണാധികാരികളും സാമൂഹ്യവിരുദ്ധരും കത്തിച്ചുകളഞ്ഞിട്ടുണ്ട്. ഈ കൊടുംപാതകത്തിന്റെ നടത്തിപ്പുകാര്‍ക്ക് പലകാലത്ത്, പലരാജ്യത്ത് പല മതക്കാരായിരുന്നു. എഴുത്തുകാര്‍ എന്തെഴുതണമെന്ന് വായനക്കാര്‍ എന്ത് വായിക്കണമെന്നും തീരുമാനിച്ചിരുന്നത് സങ്കുചിതമതതീവ്രവാദികളും അമിതാധികാരത്തില്‍ ഭ്രമിച്ചിരുന്ന ഭരണകൂടങ്ങളുമായിരുന്നു.
1933ലാണ് ബെര്‍ത്തോള്‍ഡ് ബ്രെക്ത് എന്റെ പുസ്തകങ്ങള്‍ക്ക് പകരം എന്നെ കത്തിക്കൂവെന്ന് വിലപിച്ചത്-ഹിറ്റ്‌ലറിന്റെ നാസി ജര്‍മ്മനിയില്‍. അതുകഴിഞ്ഞും ലോകത്തെമ്പാടും ഇത്തരം വിലാപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്, പുസ്തകങ്ങല്‍ കത്തിച്ചാമ്പലായിട്ടുണ്ട്. പക്ഷെ, ഒരു എഴുത്തുകാരന്‍ എഴുത്തുനിര്‍ത്തുക എന്ന മഹാത്യാഗം ചെയ്യുന്നത് ഇതാദ്യമായിരിക്കണം. പലരും മനംനൊന്ത് എഴുത്ത് നിര്‍ത്തിവെച്ചിട്ടുണ്ടാവാം. എന്നാല്‍ എഴുത്തുകാരന്‍ തന്റെ എഴുത്തിന്റെ മരണത്തെക്കുറിച്ച് പരസ്യ പ്രഖ്യാപനം നടത്തുന്നത് ഇതാദ്യമായിരിക്കണം- പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചുവെന്നും താനൊരു ദൈവമല്ലാത്തതിനാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കില്ലെന്നും പറഞ്ഞ്. മാത്രമല്ല തന്റെ പുസ്തകങ്ങളെല്ലാം പിന്‍വലിക്കുമെന്നും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും പെരുമാള്‍ മുരുകന്‍ വിശദീകരിക്കുന്നു.
പെരുമാള്‍ മുരുകന്‍ 2010 ലെഴുതിയ “മധോരുഭഗന്‍” (അര്‍ധനാരീശ്വരന്‍) എന്ന നോവല്‍ ഹിന്ദു വര്‍ഗീയവാദികളെ ചൊടിപ്പിച്ചിരിക്കുന്നു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷകൂടി വന്നപ്പോള്‍ വിദ്വേഷം വര്‍ധിച്ചു. നോവല്‍ ഗ്രാത്രത്തേയും ക്ഷേത്രത്തേയും ദൈവത്തേയും ഹിന്ദുധര്‍മത്തേയും സ്ത്രീകളേയും അപമാനിക്കുന്നുവെന്നു പറഞ്ഞാണ് പ്രക്ഷോഭം.
1933ലാണ് ബെര്‍ത്തോള്‍ഡ് ബ്രെക്ത് എന്റെ പുസ്തകങ്ങള്‍ക്ക് പകരം എന്നെ കത്തിക്കൂവെന്ന് വിലപിച്ചത്-ഹിറ്റ്‌ലറിന്റെ നാസി ജര്‍മ്മനിയില്‍. അതുകഴിഞ്ഞും ലോകത്തെമ്പാടും ഇത്തരം വിലാപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്, പുസ്തകങ്ങല്‍ കത്തിച്ചാമ്പലായിട്ടുണ്ട്. പക്ഷെ, ഒരു എഴുത്തുകാരന്‍ എഴുത്തുനിര്‍ത്തുക എന്ന മഹാത്യാഗം ചെയ്യുന്നത് ഇതാദ്യമായിരിക്കണം.
അതോടൊപ്പം ഭരണകൂടം കാണിച്ച നെറികെട്ട ദാസ്യവൃത്തി പ്രതിഷേധാര്‍ഹമാണ്. എഴുത്തിനേയും എഴുത്തുകാരനേയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിനു പകരം ജില്ലാ ഭരണാധികാരികള്‍ ജാതിമത നേതാക്കളേയും പെരുമാള്‍ മുരുകനേയും വിളിച്ചുകൂട്ടി പെരുമാള്‍ മുരുകനോടു മാപ്പ് എഴുതിവാങ്ങിക്കുകയും എഴുത്തുനിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് ചെയ്തത്. ഒരു ജില്ലാ ഭരണാധികാരിക്ക് ഈ അമിതാധികാരം എങ്ങനെ കൈവന്നു?
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റം മാത്രമല്ല ഭരണകൂടം ഫാസിസ്റ്റായി മാറുന്നതിന്റെ പ്രത്യക്ഷം കൂടിയാണ്. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ക്കും മനുഷ്യസ്വാതന്ത്ര്യത്തിനും നേരെയുള്ള കയ്യേറ്റമാണ്- ഒരു എഴുത്തുകാരനെ നിശബ്ദമാക്കുക എന്നതിനര്‍ത്ഥം ഒരു സംസ്‌കാരത്തെ ഉന്മൂലം ചെയ്യുക എന്നതുതന്നെയാണ്. ഈ അതിക്രമത്തോട് പൊതുസമൂഹം കാണിക്കുന്ന മൗനം കള്ളം മാത്രമല്ല, പെരുങ്കള്ളമാണ്. ഇതുതന്നെ വിളിച്ചുപറയേണ്ട കടമ എല്ലാ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഉണ്ട്.
കഴിഞ്ഞ ആറരനൂറ്റാണ്ടിലേറെക്കാലം തമിഴകത്തെ രാഷ്ട്രീയത്തേയും എഴുത്തിനേയും കലാരംഗങ്ങളേയും നിര്‍ണയിച്ചിരുന്നത് യുക്തിചിന്തയും ദൈവനിഷേധവും ബ്രഹ്മണീയതക്കെതിരായ പോരാട്ടവും സാമൂഹ്യനീതിയ്ക്കുവേണ്ടിയുള്ള പോരാട്ടവുമാണ്. മൂന്നുപതിറ്റാണ്ടുകളായി പെരിയോരും തിരുവള്ളുവരും ഭാരതീയരും സൃഷ്ടിച്ചെടുത്ത ആ മഹത്തായ പൈതൃകത്തിന് ഉടവ് തട്ടിയിട്ടുണ്ടെങ്കിലും ഹിന്ദുവര്‍ഗീയതയ്ക്ക് തമിഴ്‌നാട്ടില്‍ വേരിപിടിക്കാന്‍ ഇതിന്റെ പ്രത്യാശാ നിര്‍ഭരമായ പ്രതീക്ഷകള്‍ അനുവദിച്ചിരുന്നില്ല. അതില്‍ നിന്നുള്ള വ്യതിയാനമാണ് ഈ സംഭവം. വരാന്‍പോവുന്ന അതിക്രൂരമായ കാലത്തിന്റെ മുന്നറിയിപ്പ്.