| ഫ്രം ദി ചീഫ് എഡിറ്റേഴ്‌സ് നോട്ട് പാഡ് | ബാബു ഭരദ്വാജ് |
പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം കൊണ്ടാടുകയാണ്. ആഘോഷങ്ങളും ഉത്സാഹങ്ങളും വരവേല്‍പ്പും ഒക്കെ കാണുമ്പോള്‍ ഏത് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനമാണിതെന്ന് സംശയം തോന്നുക സ്വാഭാവികം.
റിപ്പബ്ലിക് ദിനാഘോഷം അങ്ങ് വാഷിങ്ടണില്‍വെച്ച് നടത്തിയാല്‍ പോരേ എന്നര്‍ത്ഥം വരുന്ന വാചകങ്ങള്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സാധാരണക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. സാധാരണ പൗരന്മാര്‍ ഇങ്ങനെ അമ്പരക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല.
2008ല്‍ ഉണ്ടാക്കിയ ഇന്ത്യാ-അമേരിക്ക ആണവകരാര്‍ ഇതുവരെ പ്രയോഗക്ഷമമാകാതിരുന്നത് പ്രധാനമായും ആണവദുരന്തം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന തര്‍ക്കത്തെ തുടര്‍ന്നാണ്. ഉപകരണങ്ങള്‍ ഉണ്ടാക്കി നല്‍കിയ രാജ്യത്തിനാണോ അതുപയോഗിക്കുന്ന രാജ്യത്തിനാണോ എന്നതായിരുന്നു മുഖ്യപ്രശ്‌നം.
സ്വാഭാവിക നിയമമനുസരിച്ച് ഇപ്പോള്‍ ലോകത്ത് നിലവിലുള്ള എല്ലാ കച്ചവട നിയമങ്ങളും അനുസരിച്ച് ഉപകരണം ഉണ്ടാക്കിയ കമ്പനിക്കാണ് അതിന്റെ ബാധ്യത.
ലോകം മുഴുവനും ആണവനിലയങ്ങളെ തള്ളിക്കളയുമ്പോഴാണ് ഉണ്ടാക്കിവെച്ച തുരുമ്പ് പിടിച്ച ഉപകരണങ്ങള്‍ വിറ്റഴിക്കാന്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ അമേരിക്ക വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്. ഈ ആണവനിലയങ്ങളുടെ പ്രവര്‍ത്തനക്ഷമതയും പ്രയോഗക്ഷമതയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പാര്‍ലമെന്റ് പാസാക്കിയ സൈനികേതര ആണവബാധ്യതാ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥയില്‍ ദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആണവസാമഗ്രി വിതരണക്കാരനാണ്. നിയമത്തിലെ ആ വ്യവസ്ഥയാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ തലയില്‍ നഷ്ടപരിഹാരത്തിന്റെ ബാധ്യത കെട്ടിവെച്ച് മാറ്റിമറിച്ചത്. ആണവബാധ്യതാ നിയമപ്രകാരം 1500 കോടിയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. പുതിയ കരാര്‍ നിയമപ്രകാരം അതിലൊരൊറ്റച്ചില്ലിയും ഉപകരണങ്ങള്‍ ഉണ്ടാക്കി നല്‍കിയ രാജ്യങ്ങളും കമ്പനികളും നല്‍കേണ്ടതില്ല. സപ്ലൈ ചെയ്യുന്നതോടെ അവരുടെ ബാധ്യത തീര്‍ന്നു.
1500 കോടിയില്‍ 750 കോടി, അതായത് നഷ്ടപരിഹാരത്തുകയുടെ നേര്‍പാതി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളാണ് നല്‍കേണ്ടത്. ബാക്കി കേന്ദ്രസര്‍ക്കാറും. ചുരുക്കത്തില്‍ 15,00കോടി രൂപയും ഈ ഇടപാടുമായി ഒരു ബന്ധവും ഇല്ലാത്തതും, ആണവനിലയങ്ങളില്‍ നിന്ന് ദുരിതം മാത്രം അനുഭവിക്കുന്നവരുമായ ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കണമെന്ന് സാരം.
സ്വാഭാവിക നിയമമനുസരിച്ച് ഇപ്പോള്‍ ലോകത്ത് നിലവിലുള്ള എല്ലാ കച്ചവട നിയമങ്ങളും അനുസരിച്ച് ഉപകരണം ഉണ്ടാക്കിയ കമ്പനിക്കാണ് അതിന്റെ ബാധ്യത. ദുരന്തം ഉണ്ടായത് അത് ഉപയോഗിക്കുന്ന ആളുടെ കുഴപ്പം കൊണ്ടല്ലെങ്കില്‍, അതിന്റെ നിര്‍മാണത്തില്‍ വന്ന കുഴപ്പം കൊണ്ടാണെങ്കില്‍. ആ സ്വാഭാവിക നീതിയാണ് മോദിയും ഒബാമയും തമ്മിലുള്ള കെമിസ്ട്രിയിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടമായിരിക്കുന്നത്.
അവര്‍ പരസ്യങ്ങളില്‍ പറയാറുള്ളതുപോലെ ഒരു ദുരിതനിവാരണവും നടത്താറില്ല. അത്തരം കമ്പനികളെ ഒന്നു തൊടുകപോലും ചെയ്യാതെയാണ് ഇന്ത്യന്‍ പൗരന്മാരുടെ ഇന്‍ഷുറന്‍സ് കമ്പനികളുടെ തലയില്‍ ഈ ബാധ്യത കെട്ടിവെച്ചിരിക്കുന്നത്.
ലോകം മുഴുവനും ആണവനിലയങ്ങളെ തള്ളിക്കളയുമ്പോഴാണ് ഉണ്ടാക്കിവെച്ച തുരുമ്പ് പിടിച്ച ഉപകരണങ്ങള്‍ വിറ്റഴിക്കാന്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ അമേരിക്ക വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്. ഈ ആണവനിലയങ്ങളുടെ പ്രവര്‍ത്തനക്ഷമതയും പ്രയോഗക്ഷമതയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവയുടെ നിര്‍മാണത്തകരാറുകള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്.
ഇനി ആണവനിലയങ്ങള്‍ വേണോ എന്ന് ഈ ഭൂലോകത്ത് വരുന്നവരെല്ലാം ആശങ്കപ്പെടുമ്പോഴാണ് പുതിയ ആണവനിലയങ്ങള്‍ വില്‍ക്കാന്‍ അമേരിക്കയും വാങ്ങാന്‍ ഇന്ത്യയും തയ്യാറാകുന്നത്. അപകടമില്ലാത്ത പാരമ്പര്യേതര ഊര്‍ജത്തിന്റെ കാര്യത്തില്‍ അമേരിക്ക മൗനം പാലിക്കുന്നുമുണ്ട്.