| ഫ്രം ദി ചീഫ് എഡിറ്റേഴ്‌സ് നോട്ട് പാഡ് | ബാബു ഭരദ്വാജ് |
ശുനകരോ ശുംഭരോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. അനര്‍ഹരാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. ഒരു തരത്തിലും സ്റ്റേജില്‍ കയറാനോ അതിഥികള്‍ക്കായി തയ്യാറാക്കിയിട്ടിരിക്കുന്ന രാജകീയ ഇരിപ്പിടങ്ങളില്‍ ഇരിക്കാനോ യോഗ്യരല്ലാത്തവരും ഒരു കാരണവശാലും സ്‌റ്റേജില്‍ കയറേണ്ടാത്തവരും.
നേരത്തെ അവര്‍ വെങ്കയ്യനായിഡുവിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമായി ഒരുക്കിയിട്ട സോഫയില്‍ കയറി ഇരുന്നതു കാരണം ഉദ്ഘാടനച്ചടങ്ങുകള്‍ തീരുന്നതുവരെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്റ്റേജില്‍ നിന്നു തുടരേണ്ടിവന്നു.
ആരൊക്കെയാണ് ഈ “അയോഗ്യപയലുകള്‍” എന്നന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. അവരൊക്കെ ക്ലിഫ്ഹൗസിലെ അന്തേവാസികളാണ്. മുഖ്യമന്ത്രിയുടെ ഭാര്യയും മക്കളും മക്കളുടെ മക്കളും പിന്നെ അവിടുത്തെ ജീവനക്കാരും മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ബന്ധുക്കളും.
സ്റ്റേജില്‍ ഒരു തരത്തിലും കയറിയിരിക്കാന്‍ അര്‍ഹതയില്ലാത്തവരെ സ്റ്റേജില്‍ കയറ്റിയിരുത്തിയത് ആരായിരിക്കും. ഏതായാലും ദേശീയ ഗെയിംസിന്റെ ശോഭ കെടുത്താന്‍ ഇറങ്ങിത്തിരിച്ച ശത്രുക്കളായിരിക്കാന്‍ സാധ്യതയില്ല.
തന്റെ മൗനാനുവാദത്തോടെ നടത്തിയ ഈ കയ്യേറ്റത്തിന് മുഖ്യമന്ത്രി ആരെയാണ് പഴിക്കുന്നത്? അവരോട് അവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യനുണ്ടായിരുന്നില്ല. അവരെ ഇറക്കി വിടാനുള്ള ധൈര്യം കായിക മന്ത്രിക്കും സംഘാടകര്‍ക്കും പോലീസിനും ഉണ്ടാവാനും സാധ്യതയില്ല.
എന്നാല്‍ അങ്ങനെ അനര്‍ഹസ്ഥാനങ്ങളില്‍ കയറിയിരുന്നവര്‍ ആരാണെന്നോര്‍ക്കാതെ അവരെ പഴിക്കുന്നത് അധാര്‍മികമാണ്. തന്റെ മൗനാനുവാദത്തോടെ നടത്തിയ ഈ കയ്യേറ്റത്തിന് മുഖ്യമന്ത്രി ആരെയാണ് പഴിക്കുന്നത്? അവരോട് അവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യനുണ്ടായികാണില്ല. അവരെ ഇറക്കി വിടാനുള്ള ധൈര്യം കായിക മന്ത്രിക്കും സംഘാടകര്‍ക്കും പോലീസിനുമൊക്കെ ഉണ്ടാവാനും സാധ്യതയില്ല.
സ്വജനപക്ഷപാതം എന്നത് കോടികള്‍ കൈക്കൂലി വാങ്ങുന്നതുപോലെ കൊടിയ അഴിമതിയും വഞ്ചനയും മുഖ്യമന്ത്രിയായപ്പോള്‍ ചൊല്ലിയ സത്യവാങ്മൂലത്തിന്റെ നഗ്നമായ നിഷേധവുമാണ്. താനൊരു ഭയങ്കര അഴിമതിക്കാരനാണ് എന്ന് മുഖ്യമന്ത്രി നടത്തുന്ന നയപ്രഖ്യാപനമാണ്, അഴിമതികളുടെ പ്രത്യക്ഷവുമാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് മുഖ്യമന്ത്രി ഭാര്യയേയും മക്കളേയും ബന്ധുക്കളേയും ഇങ്ങനെ സുഖിപ്പിക്കണോ? അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യക്ഷത്തില്‍ ഇങ്ങനെയാണെങ്കില്‍ അപ്രത്യക്ഷത്തില്‍ എന്തൊക്കെയായിരിക്കും.