| Sunday, 2nd November 2025, 12:28 pm

വെള്ളി-രോഹിത്, ശനി-വിരാട്! രണ്ട് ദിവസം, മറികടന്നത് രണ്ട് ഇതിഹാസങ്ങളെ; ഇത് തിരിച്ചുവരവോ?

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ മൂന്നാം ടി-20 വിജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു പാകിസ്ഥാന്റെ ഗംഭീര തിരിച്ചുവരവ്.

കഴിഞ്ഞ ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു. മുന്‍ നായകന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

47 പന്ത് നേരിട്ട് 68 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. ഇതോടെ ഒരു നേട്ടവും ബാബറിന്റെ പേരില്‍ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്.

ഇത് 40ാം തവണയാണ് ബാബര്‍ ടി-20ഐയില്‍ 50+ റണ്‍സടിക്കുന്നത്. 124 ഇന്നിങ്‌സില്‍ നിന്നുമായി 37 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയുമാണ് ബാബറിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറിയുമായി 39 തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് ഇതോടെ ബാബര്‍ മറികടന്നത്.

അഞ്ച് സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും അടക്കം 37 തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയ രോഹിത് ശര്‍മയാണ് മൂന്നാമന്‍.

ശനിയാഴ്ച നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മയെ മറികടന്ന് മറ്റൊരു ചരിത്ര നേട്ടവും ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ 18 പന്തില്‍ പുറത്താകാതെ 11 റണ്‍സായിരുന്നു ബാബര്‍ നേടിയതെങ്കിലും രോഹിത്തിനെ മറികടന്ന് ഈ റെക്കോഡിലെത്താന്‍ ഇത് ധാരളമായിരുന്നു.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – 124 – 4,302*

രോഹിത് ശര്‍മ – ഇന്ത്യ – 151 – 4,231

വിരാട് കോഹ്‌ലി – ഇന്ത്യ – 117 – 1,488

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 132 – 3,869

പോള്‍ സ്റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 150 – 3,710

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെയും ലുവാന്‍ ഡ്രെ പ്രിട്ടോറിയസിനെയും സൗത്ത് ആഫ്രിക്കയ്ക്ക് പൂജ്യത്തിന് നഷ്ടമായി.

റീസ ഹെന്‍ഡ്രിക്‌സാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 36 പന്ത് നേരിട്ട താരം 34 റണ്‍സ് നേടിയത്. കോര്‍ബിന്‍ ബോഷ് 23 പന്ത് നേരിട്ട് പുറത്താകാതെ 30 റണ്‍സും ക്യാപ്റ്റന്‍ ഡൊണോവന്‍ ഫെരേര 14 പന്തില്‍ 29 റണ്‍സും നേടി.

ഒടുവില്‍ പ്രോട്ടിയാസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139ലെത്തി.

പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉസ്മാന്‍ താരിഖും ഫഹീം അഷ്‌റഫും രണ്ട് വിതവും സല്‍മാന്‍ മിര്‍സ, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സയീം അയ്യൂബിനെ ഒരിക്കല്‍ക്കൂടി പൂജ്യത്തിന് നഷ്ടപ്പെട്ടു. ഈ വര്‍ഷം ഇത് ഏഴാം തവണയാണ് അയ്യൂബ് പൂജ്യത്തിന് പുറത്താകുന്നത്. ബാബറിന് പുറമെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും (26 പന്തില്‍ 33), വിക്കറ്റ് കീപ്പര്‍ സാഹിബ്‌സാദ ഫര്‍ഹാനും (19 പന്തില്‍ 19) ചെറുത്തുനിന്നതോടെ പാകിസ്ഥാന്‍ വിജയിച്ചുകയറി.

Content Highlight: Babar Azam surpassed Virat Kohli and Rohit Sharma and scripted several T20i records

We use cookies to give you the best possible experience. Learn more