| Thursday, 22nd January 2026, 7:18 pm

350 'ഡബിള്‍ സെഞ്ച്വറി'കള്‍, അതില്‍ ഏറ്റവും ഫ്‌ളോപ്പ്; വീണ്ടും നാണംകെട്ട് ബാബര്‍

ആദര്‍ശ് എം.കെ.

ബിഗ് ബാഷ് ലീഗില്‍ പച്ചപിടിക്കാത്ത ബാബര്‍ അസമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന കാഴ്ചകളിലൊന്ന്. തുടര്‍ച്ചയായി മോശം പ്രകടനം പുറത്തെടുക്കുന്നതും ടി-20യില്‍ ടെസ്റ്റ് കളിക്കുന്ന മെല്ലെപ്പോക്കുമാണ് ബാബറിനെ ക്രിക്കറ്റ് ലോകത്തെ ട്രോള്‍ മെറ്റീരിയലാക്കുന്നത്.

ഒരുവശത്ത് ടി-20യുടെ വശ്യത വെളിവാക്കി താരങ്ങള്‍ വെടിക്കെട്ട് പുറത്തെടുക്കുമ്പോള്‍ അതിന് സാധിക്കാതെ കഷ്ടപ്പെടുന്ന ബാബറാണ് മറുവശത്തെ കാഴ്ച. ഒരുകാലത്ത് ടി-20യിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ ബാബര്‍ ഇപ്പോള്‍ ഫോം ഔട്ടിന്റെ പടുകുഴിയിലാണ്.

ബാബര്‍ അസം. Photo: BBL/x.com

ടി-20യില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്ത ബാബറിന്റെ ദൗര്‍ബല്യം വിളിച്ചോതുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇത് ചര്‍ച്ച ചെയ്യുന്നതാകട്ടെ ബാബര്‍ ഈ സീസണില്‍ 200 റണ്‍സ് മാര്‍ക് പിന്നിട്ടപ്പോഴും.

ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം സ്‌ട്രൈക് റേറ്റില്‍ ഒരു സീസണില്‍ 200 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന അനാവശ്യ നേട്ടമാണ് ബാബറിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ 350 അവസരങ്ങളില്‍ ഒരു താരം സീസണില്‍ 200 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും മോശം സ്‌ട്രൈക് റേറ്റാണ് ബാബറിന്റേത്.

ഈ സീസണില്‍ 103.06 സ്‌ട്രൈക് റേറ്റിലാണ് ബാബര്‍ 200 റണ്‍സ് മാര്‍ക് പിന്നിട്ടത്. 130.76 ആണ് ഈ സിസണില്‍ 200+ റണ്‍സ് നേടിയ താരങ്ങളിലെ ഏറ്റവും മോശം രണ്ടാമത് സ്‌ട്രൈക് റേറ്റ് എന്നതും ശ്രദ്ധേയമാണ്.

11 മത്സരങ്ങള്‍ കളിച്ച ബാബര്‍ 196 പന്തുകള്‍ നേരിട്ട് സ്വന്തമാക്കിയത് വെറും 202 റണ്‍സ്. 22.44 ആണ് താരത്തിന്റെ ശരാശരി. രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഈ സീസണില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ 11 മത്സരത്തില്‍ നിന്നും ബാബര്‍ അടിച്ചെടുത്തത് വെറും 19 ഫോറും മൂന്ന് സിക്‌സറുകളും മാത്രമാണ്.

അതേസമയം, ബാബറിന്റെ ടീമായ സിഡ്‌നി സിക്‌സേഴ്‌സ് പ്ലേ ഓഫ് മത്സരത്തിനിറങ്ങുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഹൊബാര്‍ട്ട് ഹറികെയ്ന്‍സാണ് എതിരാളികള്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

ഇതില്‍ വിജയിക്കുന്ന ടീമിന് ഫൈനലിന് യോഗ്യത ലഭിക്കും. പെര്‍ത് സ്‌ക്രോച്ചേഴിനെയാണ് കലാശപ്പോരാട്ടത്തില്‍ ഇവര്‍ക്ക് നേരിടാനുണ്ടാവുക.

Content Highlight: Babar Azam set another unwanted record

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more