സൗത്ത് ആഫ്രിക്കക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ടി – 20 മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ 55 റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയര്‍ നേരിട്ടത്. ഈ മത്സരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പാക് സൂപ്പര്‍ താരം ബാബര്‍ അസമാണ്.
ഏറെ കാലത്തിന് ശേഷം പാകിസ്ഥാനായി ടി – 20 ക്രിക്കറ്റില്‍ ബാബര്‍ കളിക്കാനെത്തി എന്നതായിരുന്നു ഇതിന് കാരണം. എട്ട് മാസങ്ങള്‍ക്ക് ശേഷം കാലത്തിറങ്ങുമ്പോളുള്ള താരത്തിന്റെ പ്രകടനത്തിനാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍, ടീമിലേക്കുള്ള തിരിച്ച് വരവില്‍ നിരാശയോടെയാണ് താരം മടങ്ങിയത്.
മൂന്നാമനായി ഇറങ്ങിയ ബാബര്‍ സില്‍വര്‍ ഡക്കായി മടങ്ങുകയായിരുന്നു. ആറാം ഓവറില്‍ കോര്‍ബിന്‍ ബോഷിന്റെ പന്തില്‍ റീസ ഹെന്‍ഡ്രിക്സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഇത് എട്ടാം തവണയാണ് ടി – 20യില്‍ താരം ഡക്കാവുന്നത്.
ഇതോടെ, ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെയാണ് ബാബര്‍ പിന്തള്ളിയത്. കോഹ്‌ലിക്ക് കുട്ടി ക്രിക്കറ്റില്‍ 117 ഇന്നിങ്‌സില്‍ നിന്ന് ഏഴ് ഡക്കാണുള്ളത്. അതേസമയം, ബാബര്‍ 112 ഇന്നിങ്‌സില്‍ കളിച്ചപ്പോഴായാണ് ഇത്ര തവണ റണ്‍സ് ഒന്നും നേടാതെ പുറത്തായത്.
നിലവില്‍ ടി – 20യില്‍ കൂടുതല്‍ ഡക്കെന്ന റെക്കോഡ് ശ്രീലങ്കന്‍ താരം ദഷുന്‍ ഷാനങ്കയുടെ പേരിലാണ്. താരം 14 തവണയാണ് പൂജ്യത്തിന് പുറത്തായത്.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് എടുത്തിരുന്നു. ടീമിനായി റീസ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, ടോണി ഡി സോഴ്സി എന്നിവര്‍ മികച്ച പ്രകടനം നടത്തി.
ഹെന്‍ഡ്രിക്‌സ് 40 പന്തില്‍ ഒരു സിക്സും ആറ് ഫോറും അടക്കം 60 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ലിന്‍ഡെ 22 പന്തില്‍ 36 റണ്‍സ് എടുത്തപ്പോള്‍ സോഴ്സി 16 പന്തില്‍ 23 റണ്‍സ് നേടി.
പാകിസ്ഥാനായി മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റും സെയിം അയ്യൂബ് രണ്ട് വിക്കറ്റും സ്വന്തമാക്കി. അബ്രാര്‍ അഹമ്മദ്, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ പാക് ടീം 139 പുറത്താവുകയായിരുന്നു. 28 പന്തില്‍ 37 റണ്‍സെടുത്ത അയ്യൂബ്ബും 20 പന്തില്‍ 36 റണ്‍സ് എടുത്ത നവാസും മെന്‍ ഇന്‍ ഗ്രീനിനായി തിളങ്ങിയത്. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ല. ഇതാണ് ടീമിന് വിനയായത്.
സൗത്ത് ആഫ്രിക്കക്കായി കോര്‍ബിന്‍ ബോഷ് നാലും ജോര്‍ജ് ലിന്‍ഡെ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ലിസാദ് വില്യംസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റും നേടി.
Content Highlight: Babar Azam registers more duck than Virat Kohli in T20 Cricket