| Monday, 11th August 2025, 8:22 am

സെഞ്ച്വറിയില്ലാത്ത 71 ഇന്നിങ്‌സിന് ശേഷം നാണംകെട്ട ഡക്ക്; തോറ്റ് പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ആതിഥേയര്‍. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു കരീബിയന്‍സിന്റെ വിജയം. ഈ വിജയത്തോടെ ടീം മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി.

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. മോശം കാലാവസ്ഥ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്.

മോശമല്ലാത്ത തുടക്കമാണ് ടീമിന് ലഭിച്ചത്. സയീം അയ്യൂബും അബ്ദുള്ള ഷഫീഖും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സയീം അയ്യൂബ് 31 പന്തില്‍ 23 റണ്‍സ് നേടി മടങ്ങി. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി മുന്‍ നായകന്‍ ബാബര്‍ അസമാണ് ക്രീസിലെത്തിയത്. സ്‌കോര്‍ ബോര്‍ഡിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ വന്നതുപോലെ ബാബര്‍ തിരകെ മടങ്ങി. നേരിട്ട മൂന്നാം പന്തില്‍ ജെയ്ഡന്‍ സീല്‍സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു താരം മടങ്ങിയത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനടക്കം മിക്ക സൂപ്പര്‍ താരങ്ങള്‍ക്കും ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. 30 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടിയ ഹസന്‍ നവാസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 31 റണ്‍സ് നേടിയ ഹുസൈന്‍ താലത് രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി.

ഒടുവില്‍ 37 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 171 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

വിന്‍ഡീസിനായി ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റുമായി തിളങ്ങി. ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി, റോസ്റ്റണ്‍ ചെയ്‌സ്, ജെദിയ ബ്ലേഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മഴനിയമപ്രകാരം 35 ഓവറില്‍ 181 എന്ന നിലയിലേക്ക് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം പാളി. ഓപ്പണര്‍മാരായ ബ്രാന്‍ഡന്‍ കിങ് ഒരു റണ്‍സിനും എവിന്‍ ലൂയീസ് ഏഴ് റണ്‍സിനും മടങ്ങി. മൂന്നാം നമ്പറിലെത്തിയ കെയ്‌സി കാര്‍ട്ടി 16 റണ്‍സ് നേടിയും പുറത്തായി.

പിന്നാലെയെത്തിയവര്‍ ഓരോരുത്തരും തങ്ങളുടേതായ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് നല്‍കിയതോടെ വിന്‍ഡീസ് ഓരോ നിമിഷവും നില മെച്ചപ്പെടുത്തി.

ക്യാപ്റ്റന്‍ ഷായ് ഹോപ്പ് (35 പന്തില്‍ 32), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (33 പന്തില്‍ 45), റോസ്റ്റണ്‍ ചെയ്‌സ് (47 പന്തില്‍ പുറത്താകാതെ 49), ജസ്റ്റിന്‍ ഗ്രീവ്‌സ് (31 പന്തില്‍ പുറത്തകാതെ 26) എന്നിവരാണ് വിന്‍ഡീസിനായി സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ പത്ത് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിന്‍ഡീസ് വിജയലക്ഷ്യം മറികടന്നു.

നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയാണ് വേദി.

Content highlight: Babar Azam out for a duck, West Indies defeated Pakistan

We use cookies to give you the best possible experience. Learn more