കഴിഞ്ഞ ദിവസം ടി-20 ലോകകപ്പില്‍ നടന്ന സിംബാബ്‌വേ – ഓസ്‌ട്രേലിയ മത്സരത്തില്‍ ഒരിക്കല്‍ക്കൂടി കങ്കാരുക്കളെ ഞെട്ടിച്ച് ഷെവ്‌റോണ്‍സ് വിജയം സ്വന്തമാക്കിയിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സിക്കന്ദര്‍ റാസയും സംഘവും സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ബ്രയാന്‍ ബെന്നറ്റിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ 19.3 ഓവറില്‍ 146ന് പുറത്താവുകയായിരുന്നു.
നാല് വിക്കറ്റ് നേടിയ സൂപ്പര്‍ പേസര്‍ ബ്ലെസിങ് മുസരബാനിയുടെ കരുത്തിലാണ് സിംബാബ്‌വേ ഓസ്‌ട്രേലിയയെ ചുരുട്ടിക്കെട്ടിയത്. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് (നാല് പന്തില്‍ എട്ട്), ടിം ഡേവിഡ് (രണ്ട് പന്തില്‍ പൂജ്യം), മാറ്റ് റെന്‍ഷോ (44 പന്തില്‍ 65), ആദം സാംപ (രണ്ട് പന്തില്‍ രണ്ട്) എന്നിവരാണ് സിംബാബ് വന്‍ താരത്തോട് തോറ്റ് പുറത്തായത്.
മുസരബാനി തന്നെയാണ് കളിയിലെ താരവും.
സിംബാബ്‌വേയുടെ വിജയത്തിന് പിന്നാലെ ‘സിംബാബ്‌വേ മര്‍ദകനെ’ന്ന് ക്രിക്കറ്റ് ആരാധകര്‍ ട്രോളുന്ന ബാബര്‍ അസമിന്റെ പേരും ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായി മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ആരാധകര്‍ മുന്‍ പാക് നായകനെതിരെ രംഗത്തെത്തിയത്.
ഇതിനൊപ്പം തന്നെ മറ്റൊരു കാര്യവും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. തന്റെ ആദ്യ ലോകകപ്പിനെത്തിയ ബ്ലെസിങ് മുസരബാനി രണ്ട് മത്സരത്തില്‍ നിന്നും രണ്ട് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ കരിയറില്‍ നാലാം ലോകകപ്പിനിറങ്ങിയ ബാബര്‍ ഇതുവരെ ഒറ്റ തവണ പോലും ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടില്ല എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ബാബര്‍ അസം. Photo: ICC
2021 ലോകകപ്പില്‍ 303 റണ്‍സുമായി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായിട്ടും 2022ല്‍ പാകിസ്ഥാനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനായിട്ടും ഒരിക്കല്‍പ്പോലും ബാബര്‍ ടി-20 ലോകകപ്പില്‍ കളിയിലെ താരമായിട്ടില്ല.
ഈ ലോകകപ്പിലെ ആദ്യ രണ്ട് മത്സരം കളിച്ചിട്ടും അത്രകണ്ട് തിളങ്ങാന്‍ ബാബറിനായിട്ടില്ല. നെതര്‍ലന്‍ഡ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 18 പന്തില്‍ 15 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 32 പന്തില്‍ നിന്നും 46 റണ്‍സുമാണ് നേടിയത്.
ഫെബ്രുവരി 15നാണ് ബാബറും പാകിസ്ഥാനും ലോകകപ്പില്‍ മൂന്നാം മത്സരത്തിനിറങ്ങുന്നത്. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.
Content highlight: Babar Azam never won POTM in ICC T20 World Cup