| Tuesday, 28th October 2025, 9:58 pm

ടെസ്റ്റ്, ഏകദിനം - സച്ചിന്‍, ടി-20 - ബാബര്‍; ഇന്ത്യയുടെ കുത്തക അവസാനിപ്പിക്കാന്‍ വേണ്ടത് വെറും ഒമ്പത് റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാകാനൊരുങ്ങി പാക് സൂപ്പര്‍ താരം ബാബര്‍ അസം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ വെറും ഒമ്പത് റണ്‍സ് മാത്രം നേടിയാല്‍ ബാബറിന് ഈ റെക്കോഡ് നേട്ടം സ്വന്തമാക്കാം.

121 ഇന്നിങ്‌സില്‍ നിന്നും 4,223 റണ്‍സാണ് നിലവില്‍ മുന്‍ പാക് നായകന്റെ പേരിലുള്ളത്. 4,231 റണ്‍സുള്ള രോഹിത് ശര്‍മയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയാവുക.

നിലവില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ താരങ്ങളാണ്. ഏകദിനത്തില്‍ 18,426 റണ്‍സോടെയും ടെസ്റ്റില്‍ 15,921 റണ്‍സോടെയും ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. ടി-20യില്‍ നിലവില്‍ ഒന്നാമതുള്ള രോഹിത്തിനെ മറികടന്ന് ഒന്നാമതെത്തിയാല്‍ ഇന്ത്യയുടെ ഈ കുത്തകയും അവസാനിക്കും.

39.83 എന്ന ബാറ്റിങ് ശരാശരിയിലാണ് ബാബര്‍ അസം സ്‌കോര്‍ ചെയ്യുന്നത്. 129.22 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഏറ്റവുമധികം റണ്‍സ് നേടിയ ആദ്യ പത്ത് താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ രണ്ടാമത്തെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റാണിത്. 125.37 സ്‌ട്രൈക്ക് റേറ്റുള്ള ബാബറിന്റെ സഹതാരം മുഹമ്മദ് റിസ്വാനാണ് പട്ടികയില്‍ ഒന്നാമന്‍.

ബാബറും റിസ്വാനും

അന്താരാഷ്ട്ര ടി-20യില്‍ മൂന്ന് സെഞ്ച്വറികളും 36 അര്‍ധ സെഞ്ച്വറികളുമുള്ള ബാബറിന്റെ ഏറ്റവും മികച്ച സ്‌കോര്‍ 2021ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നേടിയ 122 ആണ്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 151 – 4,231

ബാബര്‍ അസം – പാകിസ്ഥാന്‍ – 121 – 4,223

വിരാട് കോഹ്‌ലി – ഇന്ത്യ – 117 – 1,488

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 132 – 3,869

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 150 – 3,710

അതേസമയം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയില്‍ സന്ദര്‍ശകര്‍ ബാറ്റിങ് തുടരുകയാണ്. 38 പന്തില്‍ 59 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ജോര്‍ജ് ലിന്‍ഡെയുമാണ് ക്രീസില്‍.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്‌സ്‌കെ, ഡൊണോവാന്‍ ഫെരേര (ക്യാപ്റ്റന്‍), ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, ലിസാദ് വില്യംസ്, നാന്ദ്രേ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സയീം അയ്യൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ബാബര്‍ അസം, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്.

Content Highlight: Babar Azam need 9 runs to surpass Rohit Sharma in Most T20I Runs

We use cookies to give you the best possible experience. Learn more