ടി-20 ലോകകപ്പ് 2026ല്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. പല്ലെക്കേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ത്രീ ലയണ്‍സ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു ത്രീ ലയണ്‍സ്. ഇതോടെ ടി-20 ലോകകപ്പ് 2026ല്‍ സെമി ഫൈനലില്‍ കയറുന്ന ആദ്യ ടീമാകാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്.
മത്സരത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം 24 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 25 റണ്‍സാണ് നേടിയത്. മാത്രമല്ല ടൂര്‍ണമെന്റിലെ ഈ സീസണില്‍ താരം മോശം പ്രകടനമാണ് തുടരുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് വെറും 91 റണ്‍സ് മാത്രമാണ് ബാബറിന്റെ സമ്പാദ്യം. 111.5 മാത്രമാണ് ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ്. അടുത്തിടെ ടി-20യില്‍ താരം മോശം ഫോമിലായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. ബി.ബി.എല്ലില്‍ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി മോശം പ്രകടനം നടത്തിയ താരം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡും ബാബറിന്റെ തലയില്‍ വീണിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ 500+ റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് നേടുന്ന താരമെന്ന മോശം റെക്കോഡാണ് ബാബര്‍ രേഖപ്പെടുത്തിയത്. ഈ ലിസ്റ്റിലെ ആദ്യ അഞ്ച് താരങ്ങളില്‍ മൂന്ന് പേരും പാകിസ്ഥാന്റേതാണ്. മറ്റ് രണ്ട് താരങ്ങള്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും, കിവീസിന്റെ കെയ്ന്‍ വില്യംസനുമാണ്.
ബാബര്‍ അസം (പാകിസ്ഥാന്‍) – 111.5
മുഹമ്മദ് ഹഫീസ് (പാകിസ്ഥാന്‍) – 111.8
കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 112.2
കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്) – 112.5
മുഹമ്മദ് റിസ്‌വാന്‍ (പാകിസ്ഥാന്‍) – 113.0
അതേസമയം ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ്. 51 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം. ടി-20 ലോകകപ്പ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കാപ്റ്റനാണ് ഹാരി. മാത്രമല്ല താരത്തിന്റെ കന്നി ടി-20 സെഞ്ച്വറി കൂടിയാണിത്.
ബ്രൂക്കിന് പുറമെ 23 പന്തില്‍ 28 റണ്‍സ് നേടിയ വില്‍ജാക്‌സും 15 പന്തില്‍ 16 റണ്‍സ് നേടിയ സാം കറനും നിര്‍ണായകമായി. ഒടുക്കം തോല്‍വിയുടെ വക്കില്‍ നിന്ന് ജോഫ്ര ആര്‍ച്ചര്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച് ടീമിനെ സെമി ഫൈനലിലെത്തിക്കുകയായിരുന്നു.
പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഉസ്മാന്‍ താരീഖും മുഹമ്മദ് നവാസും രണ്ട് വിക്കറ്റുകള്‍ വീതവും നേടി.
Content Highlight: Babar Azam In Unwanted Record Achievement In T20 World Cup