| Thursday, 6th November 2025, 7:58 pm

കൂട്ടുകാരന്റെ മോശം റെക്കോഡ് തകര്‍ക്കാനാണോ ശ്രമം; 80 ഇന്നിങ്‌സായിട്ടും ഒറ്റ സെഞ്ച്വറിയില്ല

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര സെഞ്ച്വറിക്കായുള്ള മുന്‍ പാക് നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമിന്റെ കാത്തിരിപ്പ് തുടരുകയാണ്. സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതോടെ ബാബറിന്റെ സെഞ്ച്വറി വരള്‍ച്ച 80ാം ഇന്നിങ്‌സിലേക്ക് നീണ്ടു.

ഇഖ്ബാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 13 പന്ത് നേരിട്ട താരത്തിന് 11 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ ഡോണോവന്‍ ഫെരേരയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ബാബറിന്റെ മടക്കം.

രണ്ട് വര്‍ഷം മുമ്പാണ് ബാബര്‍ അസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയത്. കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 30ന്. മുള്‍ട്ടാനില്‍ നേപ്പാളിനെതിരായ മത്സരത്തിലായിരുന്നു ബാബറിന്റെ സെഞ്ച്വറി നേട്ടം. അന്ന് 131 പന്ത് നേരിട്ട താരം 151 റണ്‍സ് സ്വന്തമാക്കി.

അതിന് ശേഷം ടെസ്റ്റിലോ ഏകദിനത്തിലോ ടി-20യിലോ ബാബറിന് ഒരിക്കല്‍പ്പോലും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.

സെഞ്ച്വറിയില്ലാതെ ഏറ്റവുമധികം ഇന്നിങ്‌സ് പൂര്‍ത്തിയാക്കുന്ന ടോപ്പ് ഫോര്‍ പാകിസ്ഥാന്‍ താരങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാബര്‍. 82 ഇന്നിങ്‌സുകളില്‍ സെഞ്ച്വറിയില്ലാതിരുന്ന മുഹമ്മദ് റിസ്വാനാണ് പട്ടികയില്‍ ഒന്നാമന്‍. ഈ മോശം നേട്ടത്തില്‍ ബാബര്‍ റിസ്വാനോട് മത്സരിക്കുകയാണ്.

അതേസമയം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ സല്‍മാന്‍ അലി ആഘയുടെയും മുഹമ്മദ് നവാസിന്റെയും കരുത്തിലാണ് പാകിസ്ഥാന്‍ മോശമല്ലാത്ത സ്‌കോര്‍ നേടിയത്.

ആഘാ സല്‍മാന്‍ 106 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ 59 പന്തില്‍ 59 റണ്‍സുമായാണ് മുഹമ്മദ് നവാസ് തന്റെ റോള്‍ പൂര്‍ത്തിയാക്കിയത്.

18 പന്തില്‍ 28 റണ്‍സ് നേടിയ ഫഹീം അഷ്‌റഫാണ് മറ്റൊരു റണ്‍ ഗെറ്റര്‍.

സൗത്ത് ആഫ്രിക്കയ്ക്കായി നാന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എന്‍ഖാബ പീറ്റര്‍ മൂന്ന് വിക്കറ്റുമായും തിളങ്ങി. കോര്‍ബിന്‍ ബോഷാണ് ശേഷിച്ച രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: Babar Azam completes 80 innings without scoring an international ton for the top four Pakistani batter

We use cookies to give you the best possible experience. Learn more