| Wednesday, 13th August 2025, 8:23 pm

കലികാലം വിട്ടൊഴിയാതെ ബാബര്‍; സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് നീളുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും മോശം ഫോം തുടര്‍ന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തിലും താരത്തിന് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട താരത്തിന് വെറും ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ സമ്പാദ്യം വെറും 56 റണ്‍സാണ്.

ഈ പരമ്പരയില്‍ താരത്തിന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായില്ല. വിന്‍ഡീസിനെതിര ഒന്നാം മത്സരത്തില്‍ 47 റണ്‍സ് നേടാനായതാണ് താരത്തിന്റെ ഈ പരമ്പരയിലെ വലിയ സ്‌കോര്‍. മറ്റൊരു പരമ്പര കൂടി
വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ അവസാനിച്ചതോടെ ബാബറിന്റെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് നീളുകയാണ്.

ബാബര്‍ അവസാനമായി ഒരു സെഞ്ച്വറി അടിച്ചത് നേപ്പാളിനെതിരെയാണ്. അതാകട്ടെ നേടിയത് 2023 ഓഗസ്റ്റിലെ ഏഷ്യ കപ്പ് മത്സരത്തിലും. അന്ന് 131 പന്തില്‍ 151 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ആ സെഞ്ച്വറി നേട്ടത്തില്‍ ശേഷം ബാബര്‍ മൂന്നക്കം നേടാതെ കടന്നുപോയത് 72 ഇന്നിങ്സുകളാണ്.

നേപ്പാളിനെതിരായ പ്രകടനത്തിന് ശേഷം ബാബര്‍ ഏകദിനത്തില്‍ 29 ഇന്നിങ്സുകളില്‍ നിന്നായി 938 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഒമ്പത് 50 + സ്‌കോറുകള്‍ മാത്രമാണ് പിറന്നത്. എന്നാല്‍, ഒരിക്കല്‍ പോലും താരത്തിന് 78 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല.

2023 ശേഷം 50 ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല, ബാബറിന് ഫോം നഷ്ടമായത്. ടെസ്റ്റിലും ടി – 20യിലും മുന്‍ പാക് നായകന്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ടെസ്റ്റില്‍ താരത്തിന് ഈ കാലയളവില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടാനായെങ്കിലും അവയൊന്നും മൂന്നക്കം കടത്താന്‍ താരത്തിന് സാധിച്ചില്ല. ക്രിക്കറ്റിന്റെ വലിയ ഫോര്‍മാറ്റില്‍ താരത്തിന് 2023ന് ശേഷം പത്ത് മത്സരങ്ങളില്‍ നിന്നായി 23.15 ശരാശരി മാത്രമാണുള്ളത്.

ടി – 20യിലാകട്ടെ 24 മത്സരങ്ങളില്‍ നിന്ന് 738 റണ്‍സും താരത്തിന് നേടാനായി. കുട്ടി ക്രിക്കറ്റില്‍ ഈ കാലയളവില്‍ ബാബറിന് 33.54 ശരാശരിയും 133.21 സ്‌ട്രൈക്ക് റേറ്റുമുണ്ടെങ്കിലും ഒരു സെഞ്ച്വറി പോലും നേടാനായില്ല. ഇതിനെല്ലാം പുറമെ, താരത്തിന് ക്യാപ്റ്റന്‍സി നഷ്ടമാവുകയും പാകിസ്ഥാന്റെ ടി – 20 ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

അതേസമയം, ബാബറിന് എല്ലാ ഫോര്‍മാറ്റില്‍ നിന്നും 31 സെഞ്ച്വറികളുണ്ട്. എന്നാല്‍, ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെട്ട ബാറ്ററാണിപ്പോള്‍ ഫോം വീണ്ടെടുക്കാന്‍ കഷ്ടപ്പെടുന്നത്. ഒരു സെഞ്ച്വറിക്കായുള്ള താരത്തിന്റെ കാത്തിരിപ്പ് ഇപ്പോള്‍ രണ്ട് വര്‍ഷത്തോട് അടുക്കുകയാണ്.

Content Highlight: Babar Azam completed 72 innings without a Century in International Cricket

We use cookies to give you the best possible experience. Learn more