| Tuesday, 3rd February 2026, 1:51 pm

ടി-20യില്‍ ടെസ്റ്റ് കളിക്കുമ്പോഴും ബാബറിന് അത്യപൂര്‍വ ലോക റെക്കോഡ്; ഒരേയൊരുവന്‍, വിരാടിനും രോഹിത്തിനും സാധിക്കാത്തത്

ആദര്‍ശ് എം.കെ.

ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ മൂന്നാം ടി-20യിലും വിജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് ക്ലീന്‍ സ്വീപ് ചെയ്താണ് പാകിസ്ഥാന്‍ വിജയിച്ചത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ 111 റണ്‍സിനാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ വെറും 96 റണ്‍സിന് പുറത്തായി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. Photo: ICC

സയീം അയ്യൂബ്, ബാബര്‍ അസം എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. സയീം അയ്യൂബ് 37 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ 36 പന്ത് നേരിട്ട് പുറത്താകാതെ 50 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്.

സമീപകാലത്ത് ടി-20 ഫോര്‍മാറ്റില്‍ ബാബറിന്റെ പ്രകടനങ്ങള്‍ ശരാശരിക്കും താഴെയായിരുന്നു. വേഗത്തില്‍ സ്‌കോര്‍ ചെയ്യാനോ സ്‌ട്രൈക് റേറ്റ് ഉയര്‍ത്താനോ സാധിക്കാത്ത ബാബര്‍ അസമിനെയാണ് ആരാധകര്‍ കണ്ടുകൊണ്ടിരുന്നത്. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ഫിഫ്റ്റിയടിച്ചപ്പോഴും ബാബറിന്റെ സ്‌ട്രൈക് റേറ്റ് മോശം തന്നെയായിരുന്നു.

ബാബർ അസം

കാര്യങ്ങളിങ്ങനെയാണെങ്കിലും ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും ബാബര്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ 4,500 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്.

കരിയറിലെ 131ാം ഇന്നിങ്‌സിലാണ് ബാബര്‍ ഈ നേട്ടത്തിലെത്തിയത്. നിലവില്‍ 39.51 ശരാശരിയിലും 128.38 സ്‌ട്രൈക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – 132 – 4,505

രോഹിത് ശര്‍മ – ഇന്ത്യ – 151 – 4,231

വിരാട് കോഹ്‌ലി – ഇന്ത്യ – 117 – 4,188

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 134 – 3,925

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 158 – 3,888

ടി-20യിലെ പ്രധാന നാഴികക്കല്ലില്‍ ബാബര്‍ അതാദ്യമായാണ് ഒന്നാമതെത്തുന്നത്.

ടി-20യിലെ പ്രധാന നാഴികക്കല്ലുകളില്‍ ആദ്യമെത്തിയ താരങ്ങള്‍

(റണ്‍സ് – താരം – വര്‍ഷം എന്നീ ക്രമത്തില്‍)

500 – ബ്രെന്‍ഡന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്) – 2009

1,000 – ബ്രെന്‍ഡന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്) – 2010

1,500 – ബ്രെന്‍ഡന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്) – 2012

2,000 – ബ്രെന്‍ഡന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്) – 2014

2,500 – രോഹിത് ശര്‍മ (ഇന്ത്യ) – 2019

3,000 – വിരാട് കോഹ്‌ലി (ഇന്ത്യ) – 2021

3,500 – വിരാട് കോഹ്‌ലി (ഇന്ത്യ) – 2022

4,000 – വിരാട് കോഹ്‌ലി (ഇന്ത്യ) – 2022

4,500 – ബാബര്‍ അസം (പാകിസ്ഥാന്‍) – 2026*

ടി-20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡിലും ബാബര്‍ ഇടം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ താരം തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.

Content Highlight: Babar Azam becomes first batter to complete 4500 T20I runs

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more