| Thursday, 16th April 2026, 1:55 pm

ടി-20യില്‍ സ്‌പെഷ്യല്‍ 'സെഞ്ച്വറി'; ലോകത്തില്‍ മൂന്ന് താരങ്ങള്‍ മാത്രം നേടിയ റെക്കോര്‍ഡിലേക്ക് ബാബര്‍

സുദേവ് എ

ടി-20യില്‍ ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം. ടി-20 ഫോര്‍മാറ്റില്‍ 100 അര്‍ധ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയാണ് ബാബര്‍ പുതിയ നാഴികക്കല്ലിലേക്ക് കാലെടുത്തുവെച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയുടെ ക്യാപ്റ്റനായ ബാബര്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് ബാബര്‍ ഈ ചരിത്രനേട്ടം കൈവരിച്ചത്. മത്സരത്തില്‍ 51 പന്തില്‍ 71 റണ്‍സ് നേടിയാണ് ബാബര്‍ തിളങ്ങിയത്. പത്ത് ഫോറുകളാണ് പാക് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

കുട്ടി ക്രിക്കറ്റില്‍ 100 ഫിഫ്റ്റികള്‍ നേടുന്ന നാലാമത്തെ താരമാണ് ബാബര്‍. ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്ലി, ജോസ് ബട്‌ലര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ടി-20യില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

ഡേവിഡ് വാര്‍ണര്‍-116

വിരാട് കോഹ്ലി-107

ജോസ് ബട്‌ലര്‍-100

ബാബര്‍ അസം-100*

സെന്‍ട്രല്‍ പഞ്ചാബ് (പാകിസ്ഥാന്‍), കൊളംബോ സ്ട്രൈക്കേഴ്‌സ്, ഗയാന ആമസോണ്‍ വാരിയേഴ്‌സ്, ഇസ്ലാമാബാദ് ലെപ്പേര്‍ഡ്‌സ്, ഇസ്ലാമാബാദ് റീജ്യണ്‍, ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്‌സ്, ലാഹോര്‍ ബ്ലൂസ്, ലാഹോര്‍ ഈഗിള്‍സ്, ലാഹോര്‍ റീജ്യണ്‍ ബ്ലൂസ്, ലാഹോര്‍ വൈറ്റ്സ്, പാകിസ്ഥാന്‍, പാകിസ്ഥാന്‍ എ, പെഷവാര്‍ സാല്‍മി, പഞ്ചാബ് (പാകിസ്ഥാന്‍), രംഗ്പൂര്‍ റൈഡേഴ്‌സ്, സോമര്‍സെറ്റ്, സിഡ്‌നി സിക്‌സേഴ്‌സ്, സില്‍ഹെറ്റ് സിക്‌സേഴ്‌സ്, സരായ് തരാകിയാറ്റി ബാങ്ക് ലിമിറ്റഡ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ബാബര്‍ ടി-20യില്‍ കളിച്ചിട്ടുള്ളത്.

ടി-20യില്‍ അടുത്തിടെ 12,000 റണ്‍സ് എന്ന നാഴികക്കല്ലും ബാബര്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുട്ടിക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് നേടുന്ന താരവും ബാബര്‍ തന്നെയാണ്. 338 ഇന്നിങ്സുകളില്‍ നിന്നുമാണ് ബാബറിന്റെ നേട്ടം. 345 ഇന്നിങ്സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടന്നായിരുന്നു ബാബര്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഷൊയ്ബ് മാലിക്കിന് ശേഷം ടി-20യില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ പാക് താരം കൂടിയാണ് ബാബര്‍.

അതേസമയം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ എട്ട് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് ബാബറും സംഘവും സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് 20 ഓവറില്‍ 154 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പെഷവാര്‍ സാല്‍മി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

Content Highlight: Babar Azam Become The Fourth Player to score 100 Fifty in T20 Cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more