| Monday, 24th August 2026, 9:07 pm

യൂട്യൂബഴ്‌സ് സിനിമ റിവ്യൂ ചെയ്‌തോട്ടെ, പക്ഷേ മോണിറ്റൈസേഷന്‍ ഇല്ലാതെ ചെയ്യട്ടെ: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളാണ് ബി. ഉണ്ണികൃഷ്ണന്‍. 1999ല്‍ ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്‌കാരം ഉണ്ണികൃഷ്ണനെ തേടിയെത്തി. കവര്‍ സ്റ്റോറി, ശിവം, ദി ടൈഗര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണികൃഷ്ണന്‍ 2006ലാണ് സംവിധായക കുപ്പായമണിഞ്ഞത്.

സംവിധായകന് പുറമെ തിരക്കഥാകൃത്ത്, നിര്‍മാതാവ്, വിതരണക്കാരന്‍, എന്നീ നിലകളിലും ശ്രദ്ധേയനാണ്. മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഉണ്ണികൃഷ്ണന്‍ ചലച്ചിത്ര രംഗത്തെ പല വിഷയങ്ങളിലൂടെയും സിനിമാലോകത്ത് സുപരിചിതനാണ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം പ്രതിഛായയായിരുന്നു ഉണ്ണികൃഷ്ണന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ബി. ഉണ്ണികൃഷ്ണന്‍. Photo: X.com

മലയാളത്തിലെ യൂട്യൂബ് റിവ്യൂസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം എടുത്ത നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പുതുതായി റിലീസ് ചെയ്യുന്ന സിനിമകളെ യൂട്യൂബേഴ്‌സ് റിവ്യൂ ചെയ്യുന്നതിനെ കുറിച്ച് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. പകര്‍പ്പവകാശ നിയമപ്രകാരം ഇത്തരം വീഡിയോകള്‍ മോണിറ്റൈസേഷന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

‘ട്രൂ കോപ്പി തിങ്ക് പോലുള്ള ഓണ്‍ലൈന്‍ ജേണല്‍സില്‍ ഞാന്‍ എഴുതാറുണ്ട്. അത് ലക്ഷകണക്കിന് ആള്‍ക്കാര്‍ വായിക്കാറുണ്ട്. പക്ഷേ അതിന് എനിക്ക് ഒരു ലാഭവും ലഭിക്കാറില്ല. പക്ഷേ ഇവിടെ കാഴ്ച്ചക്കാരുടെ എണ്ണം അനുസരിച്ച് യൂട്യബേഴ്‌സ് മോണിറ്റൈസ് ചെയ്യുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ പ്രൈമറി കണ്ടന്റ് എന്ന് പറയുന്നത് സിനിമയാണ്. സിനിമയില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് കിട്ടില്ല. അങ്ങനെ ഒരു കണ്ടന്റ് നിങ്ങള്‍ക്ക് ഉണ്ടാക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഈ കണ്ടന്റിന്റെ ഉടമസ്ഥന്റെ കോപ്പിറൈറ്റ് അവകാശം വേണമല്ലോ.

Photo: X.com

കോപ്പിറൈറ്റ് നിയമത്തെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത്. യൂട്യൂബും ഫേസ്ബുക്കും നിങ്ങള്‍ക്ക് പണം തരുന്നത് ഒരു സെക്കന്‍ഡറി കണ്ടന്റിന് വേണ്ടിയാണ്. ഒരു വശത്ത് ഇത്തരക്കാര്‍ അതിലൂടെ വരുമാനമുണ്ടാക്കുമ്പോള്‍ മറ്റൊരു വശത്ത് കോപ്പിറൈറ്റര്‍ ഹോള്‍ഡര്‍ക്ക് ഡാമേജും സംഭവിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് മോണിറ്റൈസേഷന്‍ ഇല്ലാതെ അവര്‍ റിവ്യൂ ചെയ്യട്ടെ എന്ന്. എത്ര ഹാര്‍ഷ് ആയിട്ട് വേണമെങ്കിലും റിവ്യൂ ചെയ്‌തോളൂ പക്ഷേ മോണിറ്റൈസ് ചെയ്യുന്ന പരിപാടി നിര്‍ത്തൂ,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: B Unnikrishnan talks about youtubers reviewing cinema content

We use cookies to give you the best possible experience. Learn more