| Wednesday, 9th July 2025, 5:19 pm

ഹാരിസ് ബീരാന് ജാനകിയുടെ കേസ് വാദിക്കാനാകുമോ? സെന്‍സര്‍ ബോര്‍ഡിനെതിരെ ബി. ഉണ്ണികൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സീതാദേവിയുടെ പര്യായമാണ് ജാനകിയുടെ പേര് ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീക്ക് ഇടാന്‍ പാടില്ലെന്നും, അവര്‍ക്ക് വേണ്ടി ഹാജരാകുന്നത് ഇതരമതസ്ഥനായ ഒരു വക്കീലായതുകൊണ്ട് സ്പര്‍ദ്ധ ഉണ്ടാക്കുമെന്നുമാണ് സി. ബി. എഫ്. സി പറഞ്ഞിരിക്കുന്നതെന്നും, ഏത് നൂറ്റാണ്ടിലാണ് ഇവര്‍ ജീവിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഇന്ന് കേസ് വാദിച്ച ഹാരിസ് ബീരാന് ജാനകി എന്നൊരു കക്ഷിയുടെ കേസ് എടുക്കാന്‍ പറ്റുമോയെന്നും അതിന് നിയമനിര്‍മാണം നടത്തേണ്ടി വരുമോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദു മതസ്ഥര്‍ ആരാധിക്കുന്ന സീതാദേവിയുടെ പര്യായമാണ് ജാനകി. അവര് ഒരു ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു. അങ്ങനെ അതിക്രമത്തിന് ഇരയാകുന്ന സ്ത്രീക്ക് ഒരിക്കലും ജാനകി എന്ന പേരിടാന്‍ പാടില്ല എന്ന് യാതൊരു വിധത്തിലുമുള്ള ഇന്‍ഹിബിഷനുമില്ലാതെ സി. ബി. എഫ്. സി പറഞ്ഞിരിക്കുകയാണ്. എന്നിട്ട് ചൂണ്ടിക്കാണിക്കുന്നത് ആവര്‍ക്ക് വേണ്ടി ഹാജരാകുന്നത് ഇതരമതസ്ഥനായ ഒരു വക്കീലാണ്. അപ്പോള്‍ വളരെയധികം ലജ്ജാകരമായ ചോദ്യങ്ങള്‍ വക്കീല്‍ അവരോട് ചോദിക്കുന്നു. ഇത് കമ്യൂണലായിട്ടുള്ള സ്പര്‍ദ്ധ ഉണ്ടാക്കും എന്നാണ്.

ഏത് സമയത്താണ് ജീവിക്കുന്നത് എന്ന് മനസിലാകുന്നില്ല. എന്ത് തരത്തിലുള്ള സെന്‍സിബിളിറ്റി ആണ് സി. ബി. എഫ്. സി പ്രകടിപ്പിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. സി. ബി. എഫ്. സിയോടുള്ള എല്ലാ ബഹുമാനത്തോടുകൂടിയും ഞാന്‍ ചോദിക്കട്ടേ, ഇന്ന് നമ്മളുടെ കേസ് വാദിച്ച ഹാരിസ് ബീരാന് ജാനകി എന്നൊരു കക്ഷിയുടെ കേസ് എടുക്കാതിരിക്കാന്‍ പറ്റുമോ? അങ്ങനെയൊരു നിയമനിര്‍മാണം നടത്തേണ്ടി വരുമോ?

ഇതിന്റെ യുക്തിയൊന്ന് ആലോചിച്ച് നോക്കൂ. ജാനകിക്ക് വേണ്ടി ഹാജരാകുന്നത് ഹിന്ദു ആയിരുന്നെങ്കില്‍ കുഴപ്പമില്ലേ. ഇത് പൊതുസമൂഹം ഉയര്‍ത്തേണ്ട ചോദ്യമാണ്. ഓട്ടോനോമസ് എന്നുകരുതുന്ന ബോഡിയാണ് സി. ബി. എഫ്. സി. അതൊരു മറയില്ലാതെ പ്രത്യയശാസ്ത്രപരമായി നിലപാട് എടുത്തിരിക്കുകയാണ്. അതാണ് ശ്രദ്ധിക്കേണ്ടത്. ആ നിലപാടിനെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവില്ല,’ ഉണ്ണികൃഷ്ണന്‍ പറയുന്നു.

Content Highlight: B. Unnikrishnan against the Censor Board; I don’t understand what time we are living in

We use cookies to give you the best possible experience. Learn more