| Monday, 22nd December 2025, 1:21 pm

അംബേദ്‌കർ ഭരണഘടന എഴുതിയത് ബുദ്ധമത മൂല്യങ്ങളെ അടിസ്ഥാനമാക്കി: സുപ്രീം കോടതി ജഡ്ജി

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: ബുദ്ധമത മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്
ബി. ആർ അംബേദ്‌കർ ഭരണഘടന എഴുതിയതെന്ന് സുപ്രീം കോടതി ജഡ്ജി പ്രസന്ന വരാലെ.

ഡോ. അംബേദ്‌കർ വിവേചനപരമായ ജാതിവ്യവസ്ഥയിൽ വലിയ വേദന അനുഭവിച്ചിരുന്നെന്നും ബുദ്ധന്റെ സ്വാധീനത്തിന്റെ വെളിച്ചം അദ്ദേഹത്തെ ഭരണഘടന സൃഷ്ടിക്കാൻ സഹായിച്ചുവെന്നും ജഡ്ജി പ്രസന്ന വരാലെ പറഞ്ഞു.

‘ബുദ്ധമതത്തിന്റെ അടിസ്ഥാനപരവും ധാർമികവുമായ തത്വങ്ങൾ ഉപയോഗിച്ചാണ് ബി.ആർ അംബേദ്‌കർ ഭരണഘടന നിർമിച്ചത്. വിവേചനപരമായ ജാതിവ്യവസ്ഥയിൽ അദ്ദേഹം വലിയ വേദന അനുഭവിച്ചിരുന്നു,’ പ്രസന്ന വരാലെ പറഞ്ഞു.

ഭരണഘടനയുടെ ധാർമിക തത്വങ്ങൾ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നുണ്ടെന്നും നമുക്കത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബുദ്ധഭഗവാൻ അദ്ദേഹത്തിലുണ്ടാക്കിയ സ്വാധീനം പുതിയൊരു വെളിച്ചം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. ഈ സ്വാധീനമാണ് ഭരണഘടനാ രൂപീകരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. അതിന്റെ ധാർമിക തത്വങ്ങൾ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നു. നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.

32 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കോടതി സമുച്ചയത്തിന്റെയും ബാർ അസോസിയേഷൻ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പിതാവിന് അംബേദ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാർഗനിർദേശ പ്രകാരം പിതാവ് തങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകി. അതുകൊണ്ടാണ് തനിക്ക് സുപ്രീം കോടതി ജഡ്ജിയാകാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: B. R. Ambedkar wrote the Constitution based on Buddhist values: Supreme Court judge

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more