മലയാള സിനിമയിലെ അഭിനയപ്രതിഭ തിലകൻ കഥാപാത്രങ്ങൾക്ക് വേണ്ടി നടത്തിയിട്ടുള്ള പരീക്ഷണങ്ങളും സമർപ്പണങ്ങളും എന്നും ചർച്ചയായിട്ടുള്ളതാണ്. അതീവ ഗൗരവമുള്ള കഥാപാത്രങ്ങളിൽ നിന്നും മാറി അദ്ദേഹം തകർപ്പൻ ഹാസ്യവുമായി എത്തിയ ചിത്രമാണ് 1991-ൽ അശോകൻ-താഹ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മൂക്കില്ലാരാജ്യത്ത്’. ചിത്രത്തിലെ ‘കേശു’ എന്ന കഥാപാത്രത്തിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് ബി. ജയചന്ദ്രൻ. നാരേറ്റീവ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂക്കില്ലാരാജ്യത്ത്.തിലകൻ.photo.Millennium
‘പെരുന്തച്ചൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു തിലകൻ ‘മൂക്കില്ലാരാജ്യത്തിന്റെ’ ഷൂട്ടിങ്ങിനായി എത്തുന്നത്. സാധാരണ ഗതിയിൽ കരിയറിൽ അതീവ ഗൗരവമുള്ള വേഷങ്ങൾ മാത്രം ചെയ്തിരുന്ന തിലകന്റെ കരിയറിലെ ഏറ്റവും മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായി കേശു മാറി. പുള്ളിക്കാരനെ സംബന്ധിച്ചിടത്തോളം ഒരു നടൻ എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും ചെയ്യണം എന്ന നിർബന്ധമുണ്ടായിരുന്നു.
പിന്നെ തിലകൻ ചേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ, ഒരിക്കലും സ്നേഹം പുറത്തു കാണിക്കാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അത് ഒരുപക്ഷേ പുള്ളിക്കാരൻ സ്വന്തമായി ഒരു മുഖമൂടി ആയിട്ട് കൊണ്ടുനടക്കുന്നതായിരുന്നു എന്ന് തോന്നാം. പക്ഷേ ഉള്ളിൽ എല്ലാവരോടും വലിയ ഇഷ്ടവും സ്നേഹവും ഉണ്ടായിരുന്നു. എന്നാൽ ഒരാളോട് ഇഷ്ടക്കേട് തോന്നിയാൽ അത് കാണിക്കുകയും ചെയ്യും ഒന്നും ഒളിപ്പിച്ചു വെക്കാറില്ലായിരുന്നു .
അങ്ങനെ അദ്ദേഹം സിനിമയുടെ ലൊക്കേഷനിൽ എത്തുമ്പോൾ പുള്ളിക്കാരന്റെ തലയുടെ പകുതിഭാഗം ‘പെരുന്തച്ചൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ഷേവ് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് ചിത്രത്തിലെ കേശു എന്ന കഥാപാത്രത്തിന്റെ ലുക്കിനായി ആദ്യം അണിയറപ്രവർത്തകർ ഒരു വിഗ് തയ്യാറാക്കിവെച്ചിരുന്നു. എന്നാൽ വിഗ് വെക്കുന്നതിനോട് തിലകന് ചേട്ടന് ഒട്ടും താത്പര്യയില്ലായിരുന്നു. ‘ഒരു മാനസികനില തെറ്റിയ ആൾ ഒരിക്കലും തന്റെ മുടിയൊന്നും കൃത്യമായി വെട്ടിയൊതുക്കി നടക്കില്ല’ എന്നായിരുന്നു അദേഹത്തിന്റെ നിലപാട്.
അങ്ങനെയാണ് തിലകൻ ചേട്ടൻ പറയുന്നത്, ‘എന്റെ മുടിയുടെ പകുതി ഭാഗം പെരുന്തച്ചൻ കൊണ്ടുപോയി, ബാക്കി മുടി ഈ സിനിമയ്ക്ക് വേണ്ടി തരാം, നിങ്ങൾ ഒരു ബാർബറെ പോയി വിളിക്ക്.’ തുടർന്ന് അദ്ദേഹം ബാക്കിയുള്ള മുടി കൂടി അങ്ങ് ഷേവ് ചെയ്ത് കളയുകയായിരുന്നു. ‘വിഗ് വേണ്ട, ഇതാണ് എന്റെ അപ്പീയറൻസ്’ എന്ന് പുള്ളി ഉറപ്പിച്ചു പറഞ്ഞു. ശരിക്കും അത് കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. എന്നാൽ ആ കഥാപാത്രത്തിന്റെ ആ ഒരു ലുക്ക് പിന്നീട് ഭയങ്കരമായിട്ട് ക്ലിക്ക് ആയി. ഒരു കഥാപാത്രത്തിലേക്ക് ഒരു നടൻ എങ്ങനെ പ്രവേശിക്കണം എന്നതിന്റെ വലിയൊരു പാഠമായിരുന്നു ഞങ്ങൾക്ക് അത്. പുള്ളി ആ കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ടു, പിന്നീട് സെറ്റിൽ കണ്ടത് അദ്ദേഹത്തിന്റെ ഒരു തകർപ്പൻ പെർഫോമൻസ് തന്നെയായിരുന്നു.
പിന്നെ സെറ്റിൽ ഞാൻ എഴുതിക്കൊടുത്ത സ്ക്രിപ്റ്റിലെ ‘വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കണം’ എന്ന് പറഞ്ഞ് സിനിമയിൽ നടത്തുന്ന ആ പ്രസംഗ രംഗം ഒരക്ഷരം പോലും തെറ്റാതെയാണ് അദ്ദേഹം അത്രയും മനോഹരമായി സ്ക്രീനിൽ എത്തിച്ചത്. പ്രോംപ്റ്റിങ് എന്ന് പറയുന്ന സാധനമേ അവിടെ ഇല്ലായിരുന്നു. ഒരു നടൻ കഥാപാത്രമായി എങ്ങനെ ജീവിക്കണം എന്ന് കാണിച്ചുതന്ന വലിയൊരു അനുഭവമായിരുന്നു ആ സിനിമയിലെ തിലകൻ ചേട്ടന്റെ വേഷം,’ ബി. ജയചന്ദ്രൻ പറഞ്ഞു.
മൂക്കില്ലാരാജ്യത്ത്.photo.PINKLUNGI