| Thursday, 20th March 2025, 1:53 pm

ചാമ്പ്യന്‍സ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ തേടി ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ടീമിന് ബി.സി.സി.ഐ 58 കോടി രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചത്.

‘2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ടീം ഇന്ത്യയ്ക്ക് 58 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സന്തോഷിക്കുന്നു. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, പുരുഷ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ആദരിക്കുന്നതിനായാണ് ഈ സാമ്പത്തിക അംഗീകാരം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കഴിവുറ്റതും തന്ത്രപരവുമായ നേതൃത്വത്തില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ ആധിപത്യം സ്ഥാപിച്ചു, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ നാല് മികച്ച വിജയങ്ങള്‍ നേടി. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ മികച്ച വിജയത്തോടെയാണ് ടീം തങ്ങളുടെ പ്രചാരണം ആരംഭിച്ചത്.

തുടര്‍ന്ന് പാകിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ മികച്ച വിജയം നേടി. ന്യൂസിലന്‍ഡിനെതിരെ 44 റണ്‍സിന്റെ വിജയത്തോടെയും സെമി ഫൈനലില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി അവര്‍ തങ്ങളുടെ കുതിപ്പ് തുടര്‍ന്നു,’ ബി.സി.സി.ഐയുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയുടെ ചൂട് മാറിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: B.C.C.I Rewarded Massive Cash Price For Champions Trophy Indian Team

We use cookies to give you the best possible experience. Learn more