| Saturday, 11th April 2026, 8:25 am

ജയ ജയ ജയഹേ ലൊക്കോഷന്‍ മരണവീട് പോലെ, കുറച്ച് കഴിഞ്ഞപ്പോ എനിക്ക് കാര്യം പിടികിട്ടി: അസീസ് നെടുമങ്ങാട്

അശ്വിന്‍ രാജേന്ദ്രന്‍

തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ഹിറ്റ് ചിത്രം വാഴ 2 വിന്റെ തിരക്കഥാകൃത്തായ വിപിന്‍ ദാസ് 2022 ല്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമായിരുന്നു ബേസില്‍ ജോസഫ് നായകനായ ജയ ജയ ജയഹേ. ബേസിലിന്റെ പങ്കാളിയായി ദര്‍ശന രാജേന്ദ്രനും വേഷമിട്ട ചിത്രത്തിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആക്ഷേപഹാസ്യരൂപേണ കഥ പറയുന്ന ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, അജു വര്‍ഗീസ്, മഞ്ജു പിള്ള തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

അസീസ് നെടുമങ്ങാട്. Photo: Malayalam TV9

ചിത്രത്തിന്റെ സെറ്റില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് നടന്‍ അസീസ് നെടുമങ്ങാട് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജിഞ്ചര്‍ മീഡിയ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ജയ ജയ ജയഹേ എന്ന സിനിമ കണ്ടിട്ടില്ലേ, ചത്ത വീട് പോലെയായിരുന്നു അതിന്റെ ലൊക്കേഷന്‍. ഒരു ചിരിയോ കളിയോ ഒന്നും അതിന്റെ സെറ്റില്‍ ഇല്ലായിരുന്നു. കാരണം അവിടെയുള്ള ആര്‍ക്കും അതിന്റെ കഥയറിയില്ലായിരുന്നു. ഞങ്ങള്‍ക്കും അറിയത്തില്ലായിരുന്നു. ഇതൊരു കോമഡി സിനിമ എന്ന് പറയുന്നതിന് പകരം സീരിയസ് ആയിട്ടുള്ള ഫെസ്റ്റിവല്‍ മൂവി എന്ന് പറഞ്ഞിട്ടാണ് വിപിന്‍ ദാസ് ഞങ്ങളെ കൂട്ടി കൊണ്ട് പോകുന്നത്.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി. വിപിനെ മാറ്റിനിര്‍ത്തി ഞാന്‍ ചോദിച്ചു വിപിനേ ഇതൊരു ഹ്യൂമാറായിട്ട് എനിക്ക് തോന്നുന്നുണ്ടല്ലോയെന്ന്. അത് കുഴപ്പമില്ല ഇക്ക ചെയ്യെന്നാണ് എന്നോട് ആദ്യം പറഞ്ഞത്. സത്യം പറയാന്‍ പറഞ്ഞപ്പോള്‍ വിപിന്‍ എന്നെ മാറ്റി നിര്‍ത്തിയിട്ട് സംഭവം ഹ്യൂമറാണെന്ന് സമ്മതിച്ചു. അതിലഭിനയിച്ച അമ്മയൊക്കെ ട്രാക്ക് അറിയാത്തതുകൊണ്ട് വളരെ സീരിയസായിട്ടാണ് അഭിനയിച്ചത്. ഇതുപോലെ നമ്മള്‍ അറിയാതെ അഭിനയിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത രംഗങ്ങള്‍ക്ക് തിയേറ്ററില്‍ ആളുകള്‍ പൊട്ടിച്ചിരിക്കും,’ അസീസ് പറഞ്ഞു.

ജയ ജയ ജയഹേ. Photo: Mangoidiots

2016 ല്‍ പുറത്തിറങ്ങിയ മുത്തുഗൗ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിപിന്‍ ദാസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജയ ജയ ജയഹേയ്ക്ക് പുറമെ അന്താക്ഷരി, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തിയേറ്ററുകളില്‍ നൂറുകോടിയും പിന്നിട്ട് കുതിക്കുന്ന വാഴ 2വിന്റെ നിര്‍മാതാവും വിപിന്‍ ദാസാണ്.

Content Highlight: Azees Nedumangad talks about jaya jaya jayahe location

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more